താനൂരില്‍ സുന്നിപ്രവര്‍ത്തകരെ മുജാഹിദ് വിഭാഗം ആക്രമിച്ചു

Posted on: December 12, 2015 12:17 pm | Last updated: December 12, 2015 at 12:17 pm

താനൂര്‍: ത്വാഹാ ബീച്ചില്‍ മുജാഹിദ് ജിന്ന് വിഭാഗത്തിന്റെ പരിപാടിക്കിടെ മുജാഹിദ് പ്രവര്‍ത്തകര്‍ സുന്നീ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ച് വിട്ടു. അക്രമത്തില്‍ സുന്നി പ്രവര്‍ത്തകരായ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
ത്വാഹാ ബീച്ച് എസ് വൈസ് യൂനിറ്റ് ജോ. സെക്രട്ടറി സി എം ശറഫുദ്ദീന്‍, എസ് എസ് എഫ് പ്രസിഡന്റ് ഫൈസല്‍ അഹ്‌സനി എന്നിവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുജാഹിദ് ജിന്ന് വിഭാഗം നേതാവായ ഫള്‌ലുല്‍ ഹഖ് ഉമരി എന്നയാളുടെ പ്രസംഗത്തിനിടക്ക് രൂക്ഷമായ തെറിയും പ്രകോപനപരമായ വാചകങ്ങളും ആവര്‍ത്തിച്ചപ്പോള്‍ ഹദീസുകൊണ്ടും ഖുര്‍ആന്‍ കൊണ്ടും തെളിവ് കൊണ്ടുവരാന്‍ തയ്യാറുള്ള സുന്നികളുണ്ടെങ്കില്‍ വേദിയിലേക്ക് കടന്നുവരൂവെന്ന് വെല്ലുവിളിച്ചു.
ഇതേ തുടര്‍ന്ന് സുന്നീ പ്രവര്‍ത്തകര്‍ സംവാദത്തിന് തയ്യാറായി. രേഖാപരമായി സ്വീകരിക്കാന്‍ വേദിക്കടുത്തേക്ക് വന്നപ്പോഴാണ് ആയുധധാരികളായ മുജാഹിദ് പ്രവര്‍ത്തകര്‍ സുന്നീ പ്രവര്‍ത്തകരെ അക്രമിച്ചത്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതികളെ ഉടന്‍ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് സംഘടനാ നേതൃത്വം ആവശ്യപ്പെട്ടു.