ജേക്കബ് തോമസിനെതിരെ കോണ്‍ഗ്രസിന്റെ അഴിമതി ആരോപണം

Posted on: December 12, 2015 12:08 am | Last updated: December 12, 2015 at 12:08 am

jacob-thomasതിരുവനന്തപുരം: ഡി ജി പി ജേക്കബ് തോമസിനെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്. ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ പ്രസംഗം ചെകുത്താന്‍ വേദം ഓതുന്നതിന് തുല്യമാണെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസന്‍. അദ്ദേഹം എല്ലാം തികഞ്ഞ പോലീസ് ഉദ്യോഗസ്ഥന്‍ അല്ല. ജേക്കബ് തോമസ് കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന അവസരത്തിലും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എം ഡി ആയിരുന്നപ്പോഴും എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ എടുത്ത നിലപാടും സംശയാസ്പദമാണ്.
കെ ടി ഡി എഫ് സി. എം ഡിയും പോര്‍ട്ട് ഡയറക്ടറായിരുന്ന കാലയളവിലും ജേക്കബ് തോമസ് നടത്തിയ വഴിവിട്ട പ്രവര്‍ത്തനങ്ങളും സാമ്പത്തിക ക്രമക്കേടുകളും ധനകാര്യ വകുപ്പിന്റെയും വിജിലന്‍സിന്റെയും അന്വേഷണത്തിലാണ്. മുപ്പത് വര്‍ഷക്കാലം പോലീസില്‍ പ്രവര്‍ത്തിച്ചിട്ട് അഴിമതിക്ക് എതിരെ സംസാരിക്കുന്നതിന് മുമ്പ് ജോലി രാജിവെച്ച് ജേക്കബ് തോമസ് ഇക്കാര്യത്തില്‍ തന്റെ ആത്മാര്‍ഥത തെളിയിക്കണം. ന്യൂസ് മേക്കറാകാനും അദ്ദേഹത്തിന് നല്ലത് രാജിവെച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതാണ്.
സര്‍വീസ് ചട്ടങ്ങളും പെരുമാറ്റ ചട്ടങ്ങളും ലംഘിച്ച് രാഷ്ട്രീയക്കാരെ പോലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ജേക്കബ് തോമസ് എന്തും വിളിച്ചുപറയുകയാണ്. തന്റെ സഹപ്രവര്‍ത്തകര്‍ക്കെതിരെയും അദ്ദേഹം അഴിമതി ആരോപിക്കുന്നു. സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചാല്‍ നടപടിയെടുക്കണം. പെരുമാറ്റ ചട്ടം ലംഘിച്ചാല്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തുചെയ്യണമെന്ന് സര്‍ക്കാറിന് അറിയാമെന്ന് ഹസന്‍ പറഞ്ഞു.