40 വര്‍ഷത്തെ പ്രവാസം: പോക്കര്‍ നാട്ടിലേക്ക്‌

Posted on: December 11, 2015 4:42 pm | Last updated: December 11, 2015 at 4:42 pm

rashidഅബുദാബി: 40 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മരക്കുളത്തില്‍ പോക്കര്‍ ശേഷിക്കുന്ന കാലം സ്വദേശമായ ഓമച്ചപ്പുഴയിലേക്ക്.
തിരൂരിനടുത്ത് ഓമച്ചപ്പുഴ സ്വദേശിയായ പോക്കര്‍ 1976 ഏപ്രില്‍ മാസത്തിലാണ് അഞ്ച് ദിവസത്തെ കപ്പല്‍ യാത്രക്ക് ശേഷം ദുബൈയിലെത്തിയത്. വിമാന സര്‍വീസ് കൂടുതല്‍ കാര്യക്ഷമമല്ലാതിരുന്ന കാലഘട്ടത്തില്‍ കേരളത്തില്‍ നിന്നും സര്‍വീസ് നടത്തുന്ന അക്ബര്‍ എന്ന കപ്പലിലാണ് പോക്കര്‍ ബോംബെയില്‍ നിന്നും ദുബൈയിലേക്ക് യാത്രതിരിച്ചത്. ദുബൈ തുറമുഖത്ത് കപ്പലിറങ്ങിയ പോക്കര്‍ ആദ്യമായി അബുദാബിയിലാണ് ജോലിക്ക് പ്രവേശിച്ചത്. ഇന്ത്യയില്‍ നിന്നും 600 രൂപയായിരുന്നു കപ്പലിന്റെ ടിക്കറ്റ് നിരക്ക്. അബുദാബിയില്‍ ഒരു ബ്രിട്ടീഷുകാരന്റെ കമ്പനിയില്‍ ആദ്യമായി ജോലിക്ക് കയറുമ്പോള്‍ 450 ദിര്‍ഹമായിരുന്നു മാസശമ്പളമെന്ന് പോക്കര്‍ ഓര്‍ക്കുന്നു. നിത്യചെലവിന് പുറമെ ഭക്ഷണവും റൂമിന്റെ വാടകയും ശമ്പളത്തില്‍ നിന്ന് നല്‍കണം.
കുടുംബത്തെ ഓര്‍ത്താണ് ഇത്രയും കാലം പ്രവാസിയായതെന്ന് പോക്കര്‍ പറയുന്നു. രണ്ടാമതായി ഫലസ്തീനിയുടെ കഫ്തീരിയയില്‍ 700 ദിര്‍ഹമിന് 15 ദിവസം ജോലി ചെയ്തു. പിന്നീട് മദീന സായിദിലെ ഹോട്ടലിലും അബൂ ഹസ്സയിലെ കടയിലും ജോലി ചെയ്ത് 1978ല്‍നാട്ടിലേക്ക് മടങ്ങി. തിരിച്ചുവന്ന് ഒരു സ്വദേശിയുടെ വീട്ടില്‍ ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് അല്‍ ഐനിലെ ജീമിയിലും സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തു.
ജീമിയിലെ വീട് ഉപേക്ഷിച്ച് സ്‌പോണ്‍സര്‍ അബുദാബിയിലെ മദീനാ സായിദില്‍ വീട് പണിതതോടെ അദ്ദേഹത്തിന്റെകൂടെ അബുദാബിയിലേക്ക് വന്ന പോക്കര്‍ 38 വര്‍ഷത്തോളം ജോലി ചെയ്താണ് പിരിയുന്നത്.