Connect with us

Kozhikode

ചരിത്രമുറങ്ങുന്ന കരകൗശല ഗ്രാമം

Published

|

Last Updated

കേരളത്തിലെ ആദ്യത്തെ കരകൗശല ഗ്രാമം കാണണമെങ്കില്‍ കോഴിക്കോട്ട് ഇരിങ്ങലിലെത്തണം. കുഞ്ഞാലിമരക്കാരുടെ ചരിത്രമുറങ്ങുന്ന മണ്ണില്‍. പ്രകൃതിയുമായി ഇഴചേര്‍ന്ന് നില്‍ക്കുന്ന സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ് കുഞ്ഞാലിമരക്കാര്‍ തന്റെ പടക്കപ്പലുകളെ നിരീക്ഷിക്കാന്‍ തലയെടുപ്പോടെ നിന്നതിനെ അനുസ്മരിപ്പിക്കും ! പ്രവേശന കവാടം കടന്നയുടനെ തന്നെ ദീര്‍ഘകാഴ്ചയില്‍ ഒരു സ്തൂപം പോലെ പാറക്കെട്ട് കാണാം. കുഞ്ഞാലിമരക്കാര്‍ പടക്കപ്പലുകളെ നിരീക്ഷിക്കാന്‍ കയറി നിന്ന വലിയ പാറമലയുടെ അവശേഷിപ്പാണത്. ഇങ്ങനെ, കേരള ചരിത്രത്തിലെ യുഗപുരുഷനെ ഓര്‍മയിലേക്ക് ആവാഹിച്ചു കൊണ്ട് ഇവിടെയെത്തുന്ന ഓരോരുത്തര്‍ക്കും ക്രാഫ്റ്റ് വില്ലേജിന്റെ മനോഹാരിതയിലേക്ക് പ്രവേശിക്കാം.
2010 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ക്രാഫ്റ്റ് വില്ലേജിന്റെ ഏറ്റവും വലിയ പ്രത്യേകത വിവിധ കരകൗശല വിദ്യകള്‍ തത്‌സമയം കാണാം എന്നതാണ്. മുപ്പതിനടുത്ത് സ്റ്റാളുകളുള്ള സര്‍ഗാലയ ഒന്ന് ചുറ്റിയടിച്ച് വരണമെങ്കില്‍ മൂന്ന് മണിക്കൂര്‍ മതിയാകില്ല.
കളിമണ്‍ പാത്രങ്ങള്‍, പെയിന്റിംഗുകള്‍, മുള ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍ ഇങ്ങനെ എല്ലാം നമ്മുടെ കണ്‍മുന്നില്‍ വെച്ചുള്ള “കൈവേലത്തര”ത്തില്‍ റെഡിയാകും. കാണാന്‍ പോകുന്നവര്‍ക്ക് വാങ്ങാതിരിക്കാനാകില്ല.
നാഗാലാന്‍ഡില്‍ നിന്നുള്ള ഒരു കുടുംബം മുള ഉത്പന്നങ്ങള്‍ തയ്യാറാക്കുന്ന കാഴ്ച മായും മുമ്പെ തിരുവനന്തപുരത്തുള്ള ആര്‍ സുരേഷ് കുമിഴ് മരത്തില്‍ സൂക്ഷ്മതയോടെ ശില്പം കൊത്തിയെടുക്കുന്നത് കാണാം. നവീനും സരിഗയും കണ്ണിനെ അതിശയിപ്പിച്ചുകൊണ്ട് മ്യൂറല്‍ പെയിന്റിംഗ് ചെയ്യുന്നത് കാണാം, പിറവം സ്വദേശി രാജനില്‍ നിന്ന് നാഴിയെയും ഇടങ്ങഴിയെയും പറയേയും കുറിച്ച് അറിയാം…ഇങ്ങനെ എല്ലാം ലൈവാണിവിടെ…
IMG_0390കുടുംബത്തോടൊപ്പം ഉല്ലാസയാത്രക്കൊരുങ്ങുന്നവര്‍ക്കും സര്‍ഗാലയ ഹൃദ്യമായ അനുഭവമാകും. ഗ്രാമത്തിനകത്ത് ആ ചരിത്ര പാറക്കുന്ന് പൊട്ടിച്ചിടത്ത് തടാകമാണ്. ഇതിലൂടെ, പെഡല്‍ ബോട്ടില്‍ സവാരി നടത്താം. പുറംകാഴ്ചകളായി കുഞ്ഞാലി മരക്കാരുടെ മ്യൂസിയം, കടലാമകളുടെ പ്രജനന കേന്ദ്രം, വടക്ക് മൂരാട് പുഴയ കടലുമായി സന്ധിക്കുന്ന അഴിമുഖം കാണാം.
നാടന്‍ ഭക്ഷണം ലഭിക്കുന്ന കാന്റീനും ഓപണ്‍ എയര്‍ ഓഡിറ്റോറിയവും സര്‍ഗാലയയെ മികച്ച റിസപ്ഷന്‍ സെന്ററാക്കി മാറ്റുന്നു.
ഇങ്ങനെ, സന്ദര്‍ശകരുടെ മനംകവരുന്ന ക്രാഫ്റ്റ് കാഴ്ചയൊരുക്കുന്ന സര്‍ഗാലയ ഏഷ്യയിലെ ഏറ്റവും മികച്ചതെന്ന് അവകാശപ്പെടാന്‍ സാധിക്കുന്ന തരത്തിലുള്ള അന്താരാഷ്ട്ര കരകൗശല മേളക്ക് ഒരുങ്ങുകയാണ്. ഡിസംബര്‍ 20 മുതല്‍ ജനുവരി അഞ്ച് വരെയാണ് മേള. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും ടൂറിസം വകുപ്പും ചേര്‍ന്നൊരുക്കുന്ന അഞ്ചാമത് കരകൗശലമേളയില്‍ രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ നിന്നായി മുന്നൂറിലധികം കരകൗശല യൂണിറ്റുകള്‍ പങ്കെടുക്കും.
പരമ്പരാഗത ഗോത്രവര്‍ഗ കലാകാരന്‍മാര്‍ക്ക് പുറമെ, തഞ്ചാവൂര്‍, മധുബനി, വാര്‍ളി, പിച്ച്‌വായ്. മിഥില, ഗോദന, കവാദ്, ഗോണ്ട്, ബാര്‍ത്തിക്, ചിത്തര, പടചിത്ര, ചിത്രകലാ സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്ന ചിത്രകലാകാരന്‍മാരും ചുമര്‍ചിത്രകലാകാരന്‍മാരും, ദാരുശില്‍പികളും മേളയെ ആകര്‍ഷകമാക്കും.
സര്‍ഗാലയ ഇതിനകം വിദേശസഞ്ചാരികളുട ഇഷ്ടകേന്ദ്രമായി മാറിക്കഴിഞ്ഞു. അമ്പത്തിരണ്ട് പേര്‍ക്കാണിപ്പോള്‍ താമസസൗകര്യമുള്ളത്. അത് വിപുലപ്പെടുത്താതിരിക്കാന്‍ സര്‍ഗാലയ അണിയറക്കാര്‍ക്ക് സാധിക്കില്ല, തിരക്ക് ഏറുകയാണ്.
ക്രാഫ്റ്റ് വില്ലേജിലെ ഉത്പാനശേഷിക്കും മുകളിലാണ് ചോദനവര്‍ധനവ്. വരും നാളുകളില്‍ വലിയൊരു തൊഴില്‍മേഖല തന്നെ ക്രാഫ്റ്റ് വില്ലേജ് ടൂറിസത്തിലൂടെ സാധ്യമാകുമെന്ന് പ്രത്യാശിക്കാം.
ഡോ. തോമസ് ഐസക് ഇതേക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റ് ഇങ്ങനെയാണ് : നാല് വര്‍ഷങ്ങള്‍ക്കു മുമ്പാണിവിടെ ആദ്യമായി സന്ദര്‍ശിച്ചത്. ഇപ്പോള്‍ കണ്ട മാറ്റങ്ങളില്‍ ഏറ്റവും പ്രധാനം സന്ദര്‍ശകരുടെ എണ്ണത്തില്‍ ഉണ്ടായ അഭൂതപൂര്‍വ്വമായ വര്‍ദ്ധനവ് ആണ് .രണ്ടാമത് വിവിധ ക്രാഫ്റ്റ് ജോലികളില്‍ പരിശീലനം നേടിയ പ്രാദേശിക വാസികളുടെ എണ്ണം ആണ് .സര്‍ഗ്ഗാലയം മാത്രം അല്ല , ഈ ഗ്രാമം തന്നെ ഒരു ക്രാഫ്റ്റ് വില്ലേജ് ആയി മാറിക്കഴിഞ്ഞു .പല ഉല്‍പ്പന്നങ്ങളും ആവശ്യാനുസരണം നല്‍കാന്‍ ക്രാഫ്റ്റ് വില്ലേജിലെ ഉല്‍പ്പാദന ശേഷിക്ക് കഴിയുന്നില്ല .നിങ്ങള്‍ ഓര്‍ഡര്‍ നല്‍കുകയാണെങ്കില്‍ അത് ക്രാഫ്റ്റ് വില്ലേജിന് പുറത്തുള്ള ഗ്രാമീണ കൈവേലക്കാരില്‍ നിന്ന് വാങ്ങി ലഭ്യമാക്കും . ഇന്ന് സര്‍ഗ്ഗാലായത്തിനു പുറത്തും തൊഴില്‍ ലഭ്യാമാക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമായി സര്ഗ്ഗാലയ മാറിയിരിക്കുകയാണ്.

Latest