Connect with us

National

ഡല്‍ഹി എംഎല്‍എമാരുടെ ശമ്പളം കൂടുതലാണെങ്കില്‍ പ്രധാനമന്ത്രിയും ശമ്പളം വര്‍ധിപ്പിച്ചോളൂ: കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രിയുടെ ശമ്പളത്തേക്കാള്‍ അധികമാണ് ഡല്‍ഹി എംഎല്‍എമാരുടെ ശമ്പളമെങ്കില്‍ പ്രധാനമന്ത്രിയുടെ ശമ്പളവും വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇത് സത്യമാണെങ്കില്‍ മോശം കാര്യം തന്നെയാണ്. അതുകൊണ്ട് പ്രധാനമന്ത്രി ശമ്പളം വര്‍ധിപ്പിച്ചാണ് പ്രശ്‌നം പരിഹരിക്കേണ്ടത്. എംഎല്‍എമാര്‍ക്ക് നിലവിലുള്ള ശമ്പളം പര്യാപ്തമല്ല. അതുകൊണ്ടാണ് വര്‍ധിപ്പിച്ചത്. പ്രധാനമന്ത്രി എങ്ങനെയാണ് ഇത്രയും കുറഞ്ഞ ശമ്പളം കൊണ്ട് ജീവിക്കുന്നതെന്നും കെജ്‌രിവാള്‍ ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് ശമ്പളം വര്‍ധിപ്പിക്കുന്ന ബില്ലിന് ഡല്‍ഹി നിയമസഭ അംഗീകാരം നല്‍കിയത്. 70 അംഗ സഭയില്‍ 67 എഎപി അംഗങ്ങളും ബില്ലിനെ അനുകൂലിച്ചു. അടിസ്ഥാന ശമ്പളം 12000ല്‍ നിന്ന് 50000 രൂപയാക്കിയും മണ്ഡല അലവന്‍സ് 18000ല്‍ നിന്ന് 50000 രൂപയാക്കിയും ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ ബിജെപി രംഗത്തെത്തുകയായിരുന്നു. പ്രധാനമന്ത്രിക്ക് ശമ്പളവും മറ്റു ആനുകൂല്യങ്ങളും അടക്കം 1.60 ലക്ഷം രൂപ ലഭിക്കുമ്പോള്‍ ഡല്‍ഹി എംഎല്‍എമാര്‍ക്ക് 2.10 ലക്ഷം രൂപ ലഭിക്കുന്നെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് കെജ്‌രിവാളിന്റെ പരാമര്‍ശം.