വിഴിഞ്ഞം പദ്ധതി നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു; പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു

Posted on: December 5, 2015 6:08 pm | Last updated: December 6, 2015 at 9:14 am

vizinjam...tvmOOMMEN CHANDY=GAKARI-ADANIതിരുവനന്തപുരം: കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പ് അദാനിയുടെ കപ്പലേറി ഒടുവില്‍ വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടു. ഇനി സ്വപ്‌നസാഫല്യത്തിനായി ആയിരം ദിവസത്തെ കാത്തിരിപ്പ്. ഒരു നാട് മുഴുവന്‍ ഒഴുകിയെത്തിയ സായാഹ്നം തീര്‍ത്ത പ്രൗഢമായ ചടങ്ങിലായിരുന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പദ്ധതിയുടെ ശിലയിട്ടപ്പോള്‍ കേന്ദ്ര ഉപരിതല ഗതാഗത, ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗാഡ്കരി മുഖ്യാതിഥിയായി. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങിന് സാക്ഷികളായി. പദ്ധതിയുടെ കുതിപ്പിന് വേഗം കൂട്ടാന്‍ ഉതകുന്ന പ്രഖ്യാപനങ്ങളാല്‍ സമ്പന്നമായിരുന്നു ശിലാസ്ഥാപന ചടങ്ങ്.
2018 സെപ്തംബര്‍ 18ന് പദ്ധതിയുടെ ഉദ്ഘാടനം നടത്താന്‍ ലക്ഷ്യമിട്ടാണ് നിര്‍മാണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആയിരം ദിവസത്തിനുള്ളില്‍ ആദ്യ ചരക്കുകപ്പല്‍ വിഴിഞ്ഞം തീരത്ത് അടുപ്പിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പ്രഖ്യാപിച്ചു.
ചടങ്ങില്‍ സംസ്ഥാന തുറമുഖ മന്ത്രി കെ ബാബു അധ്യക്ഷത വഹിച്ചു. വിഴിഞ്ഞത്തിനടുത്ത് മുക്കോല ജംഗ്ഷനില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് ശിലാസ്ഥാപന ചടങ്ങുകള്‍ നടന്നത്. ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതിനാല്‍ പ്രതിപക്ഷത്ത് നിന്ന് ആരുമെത്തിയില്ല.
വിഴിഞ്ഞം പദ്ധതിക്കു വേണ്ടി ത്യാഗം സഹിച്ച പ്രദേശത്തെ ജനങ്ങളെ ഓര്‍ത്തെങ്കിലും തുറമുഖത്തിനു വേണ്ടി ഒന്നിച്ച് നില്‍ക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കിടപ്പാടവും തൊഴിലവസരവും നഷ്ടപ്പെട്ടവരുടെ ത്യാഗത്തിന് മുന്നില്‍ മറ്റുള്ളവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒന്നുമല്ല. 25 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഇനിയും കാത്തിരിക്കാന്‍ വയ്യ. നമ്മുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് ഗൗതം അദാനി ഉറപ്പ് നല്‍കിയിട്ടുണ്ട്. വികസനത്തില്‍ രാഷ്ട്രീയമില്ല. കേരളത്തിന്റെ വികസന കുതിപ്പ് വിഴിഞ്ഞത്ത് നിന്ന് തുടങ്ങാം. എല്ലാം സുതാര്യമായിട്ടായിരിക്കും. പ്രദേശവാസികള്‍ക്ക് വേണ്ടി തയ്യാറാക്കിയ പുനരധിവാസ പാക്കേജില്‍ മാറ്റം വേണമെങ്കില്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖത്തിന്റെ ഡ്രഡ്ജിംഗ് പ്രവര്‍ത്തനങ്ങള്‍ നാളെ തുടങ്ങുമെന്ന് ഗൗതം അദാനി പറഞ്ഞു. പ്രദേശത്തെ ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് 35 കോടിയുടെ നിക്ഷേപം നടത്തും. ലോകത്തെ പ്രധാന തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തെ മാറ്റും. പത്ത് വര്‍ഷത്തിനകം തുറമുഖത്തിന്റെ കാര്യക്ഷമത മൂന്നിരട്ടിയായി വര്‍ധിപ്പിക്കും.
വിഴിഞ്ഞം തുറമുഖം കാരണം പ്രദേശത്തെ ജനങ്ങള്‍ക്കോ കേരളത്തിനോ ബുദ്ധിമുട്ടുണ്ടാകില്ല. പുതിയ ഫിഷിംഗ് ഹാര്‍ബര്‍ വരുന്നതോടെ മത്സ്യബന്ധന തൊഴിലാളികളുടെ സൗകര്യം മെച്ചപ്പെടുമെന്നും ഗൗതം അദാനി പറഞ്ഞു.
സ്പീക്കര്‍ എന്‍ ശക്തന്‍, മന്ത്രിമാരായ വി കെ ഇബ്‌റാഹിംകുഞ്ഞ്, വി എസ് ശിവകുമാര്‍, പി ജെ ജോസഫ്, കെ പി മോഹനന്‍, ശശി തരൂര്‍ എം പി, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, എം എല്‍ എമാരായ എ ടി ജോര്‍ജ്, കെ എസ് ശബരിനാഥന്‍, വര്‍ക്കല കഹാര്‍, എം എ വാഹിദ്, ആസൂത്രണ കമ്മീഷന്‍ ചെയര്‍മാന്‍ കെ എം ചന്ദ്രശേഖരന്‍, തുറമുഖ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, കലക്ടര്‍ ബിജു പ്രഭാകര്‍, മാനേജിംഗ് ഡയറക്ടര്‍ സുരേഷ്ബാബു, ട്രിഡ ചെയര്‍മാന്‍ പി കെ വേണുഗോപാല്‍, മറ്റു ജനപ്രതിനിധികള്‍, അദാനി ഗ്രൂപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.