Connect with us

Gulf

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമഗ്രനയം വേണം: പിണറായി

Published

|

Last Updated

പിണറായി വിജയന്‍ ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരുമൊത്ത് സെല്‍ഫിക്ക് പോസ് ചെയ്തപ്പോള്‍

ദുബൈ: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമഗ്രമായ നയം ആവശ്യമുണ്ടെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.
ധാരാളം ആളുകള്‍ ഗള്‍ഫിലെ പുതിയ സാഹചര്യത്തില്‍ കേരളത്തിലേക്ക് മടങ്ങുന്നുണ്ട്. ഇവരില്‍ പലരും ബാധ്യതയുള്ളവരാണ്. ഇവിടെനിന്ന് നാട്ടിലേക്ക് പോകുമ്പോള്‍ പോലും കടം വാങ്ങേണ്ട അവസ്ഥയാണ്. അതേസമയം ദീര്‍ഘകാലം ഗള്‍ഫില്‍ കഴിഞ്ഞ ചിലയാളുകളുടെ കൈയില്‍ നിക്ഷേപത്തിന് കുറച്ച് പണം ഉണ്ടാകും. എന്നാല്‍ അത് ഒരു സംരംഭം തുടങ്ങാന്‍ പര്യാപ്തമായിരിക്കില്ല.അത്തരം ആളുകള്‍ക്ക് പലിശരഹിത വായ്പകള്‍ അടക്കം സഹായം ചെയ്തുകൊടുക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടു. എന്‍ ആര്‍ ഐ കമ്മീഷന്‍ രൂപവത്കരിക്കുമെന്ന് ഒരു വര്‍ഷം മുമ്പ് പറഞ്ഞതാണ്. ഇപ്പോള്‍ അത് വീണ്ടും ആവര്‍ത്തിക്കുന്നു. എയര്‍ കേരള വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതാണ്. ഇനിയും നടപ്പായിട്ടില്ല, ദുബൈയില്‍ വാര്‍ത്താലേഖകരുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള വികസനം വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിലായിരുന്നു മുഖാമുഖം.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് തിരഞ്ഞെടുപ്പിന് ശേഷമാണ്. ആരാകണം മുഖ്യമന്ത്രിയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധിയാളുകള്‍ പാര്‍ട്ടിയിലുണ്ട്, പിണറായി വിജയന്‍ പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹം ദുബൈയിലെത്തിയത്. ഇന്ന് ഉച്ച കഴിഞ്ഞ് 3.30ന് ദുബൈ കോണ്‍സുലേറ്റില്‍ സാമൂഹിക സാംസ്‌കാരിക വാണിജ്യ മേഖലയില്‍ നിന്നുള്ളവരുമായി സംവദിക്കും. 200ഓളം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ ഡിസംബര്‍ നാലിന് വൈകീട്ട് അഞ്ചിന് നടക്കുന്ന ഇന്തോ-അറബ് കള്‍ചറല്‍ ഫെസ്റ്റില്‍ അദ്ദേഹം മുഖ്യാതിഥിയായിരിക്കും.