ഇറാഖിലേക്ക് പ്രത്യേക ദൗത്യസേന: കാര്‍ട്ടര്‍ കാല് കുത്താന്‍ അനുവദിക്കില്ല: അബ്ബാദി

Posted on: December 3, 2015 12:20 am | Last updated: December 3, 2015 at 12:20 am
SHARE

iraqueവാഷിംഗ്ടണ്‍/ബഗ്ദാദ്: ഇറാഖില്‍ ഇസിലിനെതിരെ പോരാടാന്‍ വിദേശ രാജ്യങ്ങളുടെ സൈന്യത്തിന്റെ ആവശ്യമില്ലെന്ന് ഇറാഖ്. പ്രത്യേക സേനയെ ഇറാഖിലേക്കയക്കുമെന്ന യു എസ് പ്രതിരോധ സെക്രട്ടറിയുടെ പ്രസ്താവന പുറത്തുവന്നതിന് ശേഷമാണ് വിദേശരാജ്യങ്ങളുടെ കടന്നാക്രമണത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് ഇറാഖ് രംഗത്തെത്തിയത്. സര്‍ക്കാറിന്റെ അനുമതി നേടാതെ ഒരു വിദേശ രാജ്യത്തിന്റെ സൈനികനെയും തങ്ങളുടെ രാജ്യത്ത് കാല്കുത്താന്‍ അനുവദിക്കില്ല. ഇറാഖിന്റെ മണ്ണില്‍ വിദേശ സൈനികര്‍ യുദ്ധത്തിലേര്‍പ്പെടണമെന്ന് ഇറാഖിന് ഒരു താത്പര്യവുമില്ല. പ്രത്യേക സേനയോ സാധാരണ സേനയോ ഇറാഖിന്റെ പൂര്‍ണപരമാധികാരത്തെ കണക്കിലെടുക്കാതെയോ ഇവിടുത്തെ സൈന്യത്തിന്റെ സമ്പൂര്‍ണ സഹകരണം ഇല്ലാതെയോ ഇറാഖിന്റെ മണ്ണില്‍ അനുവദിക്കില്ലെന്നും ഇറാഖ് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇസില്‍ ഭീകരവാദികള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക സിറിയയിലേക്കും ഇറാഖിലേക്കും പ്രത്യേക ദൗത്യസേനയെ അയക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ പറഞ്ഞിരുന്നു. ഇസില്‍ ഭീകരരെ തുരത്താന്‍ ലോകസമൂഹം ഒരുമിച്ച് കൈകോര്‍ക്കണമെന്നും സായുധ സേനാ കമ്മിറ്റി ഹൗസില്‍ ഉന്നതരെ അഭിസംബോധന ചെയ്തു അദ്ദേഹം പറഞ്ഞു. ഇറാഖില്‍ സര്‍ക്കാറിന്റെ സഹകരണത്തോടെയായിരിക്കും ഇസില്‍ ഭീകരര്‍ക്കെതിരെ പോരാടുക. പ്രത്യേക ദൗത്യസേന ഇറാഖില്‍ റെയ്ഡുകള്‍ സംഘടിപ്പിക്കും. ഇസില്‍ നേതാക്കളെ പിടികൂടുന്നതിലായിരിക്കും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുക. സിറിയയില്‍ ദാത്യസേന ഒറ്റക്കായിരിക്കും ഇസില്‍ ഭീകരര്‍ക്കെതിരെ പോരാടുകയെന്നും കാര്‍ട്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇറാഖ് സര്‍ക്കാറിന്റെ ക്ഷണപ്രകാരമാണ് ഇറാഖിലേക്ക് ദൗത്യസേന പോകുന്നത്. ഇറാഖ് പ്രതിരോധ സേനയുമായി സഹകരിച്ചായിരിക്കും റെയ്ഡുകള്‍ നടത്തുക. അതിര്‍ത്തി വഴിയുള്ള ഇസില്‍ ഭീകരവാദികളുടെ നുഴഞ്ഞുകയറ്റം തടയുന്നതിന്റെ ഭാഗമായി ഇറാഖ് അതിര്‍ത്തികളില്‍ ദൗത്യസേനയെ വിന്യസിക്കും. ഇസിലിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ പെട്രോളിയമുള്‍പ്പെടുയുള്ള വരുമാന മാര്‍ഗങ്ങളെ കുറിച്ച് ഇപ്പോഴും നിഗുഢത നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ ഇസിലിന്റെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായെന്നും ഇവ തകര്‍ക്കുന്നതിന്റെ ഭാഗമായി ഭാവിയില്‍ വ്യോമാക്രമണം ശക്തപ്പെടുത്തുമെന്നും കാര്‍ട്ടര്‍ പറഞ്ഞു. ഇസില്‍ ഭീകരവാദികള്‍ക്കെതിരെ പോരാട്ടം രൂക്ഷമാക്കാന്‍ അമേരിക്ക കൂടുതല്‍ പദ്ധതിയിടുന്നതായും ലോകരാജ്യങ്ങള്‍ ഇതിന് ശക്തി പകരാന്‍ സഹായം ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here