പി സി ബിയുടെ ക്രിക്കറ്റ് ഉടമ്പടിയില്‍ കുടുങ്ങി ബി സി സി ഐ

Posted on: December 2, 2015 12:51 pm | Last updated: December 2, 2015 at 12:51 pm

BCCI Logo

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമുമായി പരമ്പര കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡായ ബി സി സി ഐ കാണിക്കുന്ന അമിത താത്പര്യം കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം എന്‍ ശ്രീനിവാസന്‍ പ്രസിഡന്റായിരിക്കെ ബി സി സി ഐ പാക്കിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡു (പി സി ബി)മായുണ്ടാക്കിയ ഉടമ്പടി ഗൗരവ ചര്‍ച്ചക്കിടയാക്കും.
ഇരുരാഷ്ട്രങ്ങളും തമ്മില്‍ നയതന്ത്ര്യബന്ധം തന്നെ ഇല്ലാത്ത അവസ്ഥയില്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ ആരുടെ സമ്മതപ്രകാരമാണ് ഉടമ്പടിയിലെത്തിയതെന്ന ചോദ്യം ഉയരുന്നു. സര്‍ക്കാര്‍ അറിയാതെ ബി സി സി ഐ പാക് സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള പി സി ബിയുമായി ഉടമ്പടിയിലെത്തിയതാണ് വിവാദമാകുന്നത്.
ഐ സി സി (രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍) പുനസംഘടനയില്‍ പി സി ബിയുടെ പിന്തുണ ലഭിക്കാന്‍ വേണ്ടി ബി സി സി ഐ മുന്നോട്ടുവെച്ച ഓഫറായിരുന്നു ക്രിക്കറ്റ്പരമ്പര ഉടമ്പടി. ഇതില്‍ നിന്ന് പിന്‍മാറിയാല്‍ 7-100 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാമെന്നും ബി സി സി ഐ ഉടമ്പടിയില്‍ ഉറപ്പ് നല്‍കുന്നുണ്ടത്രേ.
ഇതാണ്, ഇന്ത്യയില്‍ പരമ്പര നടത്തുവാന്‍ അനുമതി നിഷേധിക്കപ്പെട്ടാല്‍ ശ്രീലങ്കയിലേക്ക് വേദി മാറ്റുന്നത് സംബന്ധിച്ച് ബി സി സി ഐ ആലോചന നടത്തിയത്.
പാക് ക്രിക്കറ്റ് ടീമിന് ബി സി സി ഐയുടെ ക്ഷണം ലഭിച്ചെന്ന് പി സി ബി ചെയര്‍മാന്‍ പലവട്ടം ആവര്‍ത്തിച്ചതും ഈ ഉടമ്പടിയുടെ ധൈര്യത്തിലാണെന്ന് വ്യക്തമാകുന്നു. നജം സേഥി പി സി ബി ചെയര്‍മാനായിരിക്കെ കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ച കരാറില്‍ 2015-2023 കാലയളവില്‍ ആറ് പരമ്പരകള്‍ കളിക്കണമെന്നതാണ് വ്യവസ്ഥ.
ഈ സാഹചര്യത്തിലാണ് ശിവസേനയെ വകവെക്കാതെ കേന്ദ്രസര്‍ക്കാറിന്റെ അനുമതി നേടിയെടുക്കാന്‍ ബി സി സി ഐ പരിശ്രമിക്കുന്നത്. 2008 മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാക്കിസ്ഥാനുമായി ടെസ്റ്റ് പരമ്പര കളിച്ചിട്ടില്ല.