അന്ന് മറഡോണ, ഇന്ന് ഹിഗ്വെയിന്‍ നാപോളി കിരീടം സ്വപ്നം കാണുന്നു

Posted on: December 2, 2015 12:49 pm | Last updated: December 2, 2015 at 12:49 pm

2EF0838B00000578-0-image-a-13_1448923134554മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗിലെ മുന്‍നിരക്കാരുടെ വാശിയേറിയ പോരില്‍ നാപോളി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍മിലാനെ കീഴടക്കി. അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയിന്റെ ഇരട്ടഗോളുകളാണ് നാപോളിയെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. പതിനാല് മത്സരങ്ങളില്‍ 31 പോയിന്റുമായാണ് നാപോളി ഇപ്പോള്‍ നേരിയ ലീഡില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 25 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് നാപോളി ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.
ഇത്രയും മത്സരങ്ങളില്‍ മുപ്പത് പോയിന്റുമായി ഇന്റര്‍മിലാന്‍ തൊട്ടുപിറകില്‍ തന്നെയുണ്ട്. 29 പോയിന്റോടെ ഫിയോറന്റീന മൂന്നാമതും 27 പോയിന്റോടെ എ എസ് റോമ നാലാമതുമാണ്. നിലവിലെ ചാമ്പ്യന്‍മാരായ യുവെന്റസ് 24 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണ 1987, 1990 വര്‍ഷങ്ങളില്‍ നാപോളിയെ സീരി എ ലീഗ് ചാമ്പ്യന്‍മാരാക്കിയതിന്റെ ഓര്‍മകള്‍ ആരാധകര്‍ക്ക് തികട്ടി വരുന്നു ഹിഗ്വെയിന്റെ മികവില്‍ ക്ലബ്ബ് ഇപ്പോള്‍ നടത്തുന്ന കുതിപ്പ് കാണുമ്പോള്‍. പതിനാല് മത്സരങ്ങളില്‍ ഹിഗ്വെയിന്‍ പന്ത്രണ്ട് ഗോളുകള്‍ നേടിക്കഴിഞ്ഞു. മറഡോണയിലൂടെ 1990 ല്‍ അവസാനമായി ലീഗ് ചാമ്പ്യന്‍മാരായ നാപോളി മറ്റൊരു അര്‍ജന്റൈന്‍ താരത്തിലൂടെ ചരിത്രം ആവര്‍ത്തിക്കാമെന്ന സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു.
രണ്ടാം മിനുട്ടില്‍ തന്നെ ഹിഗ്വെയിന്‍ നാപോളിക്ക് ലീഡ് നേടിക്കൊടുത്തു. അറുപത്തിരണ്ടാം മിനുട്ടില്‍ രണ്ടാം ഗോള്‍ നേടി ഹിഗ്വെയിന്‍ ടീമിന്റെ വിജയം ഉറപ്പാക്കി. എന്നാല്‍, അഞ്ച് മിനുട്ടിനുള്ളില്‍ ലാജികിലൂടെ ഇന്റര്‍ ഒരു ഗോള്‍ മടക്കി മത്സരം സജീവമാക്കി.
യൂതോ നഗാടോമോ ചുവപ്പ് കാര്‍ഡ് കണ്ടതോടെ രണ്ടാം പകുതിയില്‍ ഇന്റര്‍മിലാന്‍ പത്ത് പേരുമായി നാപോളിയുടെ ആക്രമണത്തെ ചെറുക്കേണ്ട അവസ്ഥയായി. എന്നാല്‍, പത്ത് പേരുമായി ഒരു ഗോള്‍ മടക്കിയത് ഇന്ററിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. സ്റ്റോപ്പേജ് ടൈമില്‍ രണ്ട് തവണ അവര്‍ നാപോളി ഗോള്‍മുഖം വിറപ്പിച്ചു. ഒരു തവണ പോസ്റ്റില്‍ തട്ടിത്തെറിച്ചപ്പോള്‍ മറ്റൊന്ന് ഗോളി പെപെറെയ്‌ന അത്ഭുതകരമായി തട്ടിമാറ്റി.
കഴിഞ്ഞ നാല് മത്സരങ്ങളിലും ഗോള്‍ വഴങ്ങാതിരുന്ന ഇന്റര്‍മിലാന്റെ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സാധിച്ചത് നാപോളിക്ക് വരും മത്സരങ്ങളില്‍ ആത്മവിശ്വാസമേകും.