Connect with us

Sports

ചെന്നൈയിലെ മഴക്കളിയില്‍ മുംബൈ മുങ്ങി

Published

|

Last Updated

ചെന്നൈ: കനത്ത മഴയെ അവഗണിച്ച് നടന്ന ചെന്നൈയിന്‍ എഫ് സി – മുംബൈ സിറ്റി എഫ് സി മത്സരത്തില്‍, ചെന്നൈയിന്റെ ഗോള്‍ വര്‍ഷം തടയാന്‍ സന്ദര്‍ശകര്‍ക്കായില്ല. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയം സമ്മതിച്ച മുംബൈ സിറ്റി എഫ് സി ഐ എസ് എല്‍ രണ്ടാം സീസണിലും സെമി ഫൈനല്‍ കാണാതെ പുറത്തായി. വിജയം അനിവാര്യമായ മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ വഴങ്ങി മുംബൈ പോരാട്ടം അവസാനിപ്പിച്ചു.
കൊളംബിയന്‍ സ്‌ട്രൈക്കര്‍ സ്റ്റീവെന്‍ മെന്‍ഡോസ ഒമ്പതാം മിനുട്ടില്‍ ചെന്നൈയിനെ മുന്നിലെത്തിച്ചു. പതിനേഴാം മിനുട്ടില്‍ ജെജെ ലാല്‍പെഖുല, ആദ്യപകുതിയിലെ ഇഞ്ചുറി ടൈമില്‍ ക്യാപ്റ്റന്‍ ബെര്‍നാഡ് മെന്‍ഡി എന്നിവര്‍ ചെന്നൈയിനായി സ്‌കോര്‍ ചെയ്തു.
ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സിക്ക് എഫ് സി പൂനെ സിറ്റിയെയാണ് നേരിടേണ്ടത്. സമനിലയാണെങ്കിലും ചെന്നൈക്ക് പേടിക്കാനില്ല.
രണ്ട് മാറ്റങ്ങളുമായാണ് ചെന്നൈയിന്‍ എഫ് സി ഹോംഗ്രൗണ്ടിലെ മഴക്കളിക്കിറങ്ങിയത്. സസ്‌പെന്‍ഷന്‍ പൂര്‍ത്തിയാക്കി അലസാന്‍ഡ്രോ പൊടെന്‍സ ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ സസ്‌പെന്‍ഷനിലായ ഹര്‍മന്‍ജോത് കാബ്രക്ക്പകരം മലയാളിയായ സക്കീര്‍ മുണ്ടമ്പ്രയും കളത്തിലിറങ്ങി.
മഴയില്‍ കുതിര്‍ന്ന മത്സരത്തില്‍ പന്ത് ഉരുണ്ട് നീങ്ങിയില്ല. പലപ്പോഴും ലോംഗ്പാസുകള്‍ നല്‍കിയാണ് ഇരുടീമുകളും ഗോള്‍മുഖത്തേക്കുള്ള നീക്കം നടത്തിയത്.

നോര്‍ത്ത് ഈസ്റ്റിന് മരണക്കളി
ഇന്ന് ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി പൂനെ സിറ്റിയെ നേരിടും. ലീഗിലെ അവസാന മത്സരത്തിനിറങ്ങുന്ന നോര്‍ത്ത് ഈസ്റ്റിന് സെമിപ്രതീക്ഷ നിലനിര്‍ത്താന്‍ ജയിച്ചേ തീരൂ. ജയിച്ചാല്‍ ഇരുപത് പോയിന്റോടെ നോര്‍ത്ത് ഈസ്റ്റിന് ചെന്നൈയിന്‍ എഫ് സിക്ക് മുകളില്‍ കയറാം. ഒരു മത്സരം ശേഷിക്കുന്ന ചെന്നൈയിന്‍ അവസാന മത്സരത്തില്‍ എഫ് സി പൂനെ സിറ്റിയോട് പരാജയപ്പെടാന്‍ വേണ്ടി പ്രാര്‍ഥിക്കാം. പൂനെക്ക് ഇന്ന് ജയിച്ചാല്‍ പതിനെട്ട് പോയിന്റാകും. ഇതോടെ, നോര്‍ത്ത് ഈസ്റ്റ് പുറത്താകും. സെമിഫൈനലിലെ അവസാന സ്ഥാനക്കാരെ നിര്‍ണയിക്കുക പൂനെയും ചെന്നൈയിനും തമ്മിലുള്ള ലീഗ് മത്സരമായിരിക്കും. ഇതില്‍ സമനിലയാണെങ്കിലും ചെന്നൈയിന് മുന്നേറാം.