Connect with us

International

റഷ്യ തീകൊണ്ട് കളിക്കരുതെന്ന് തുര്‍ക്കി

Published

|

Last Updated

അങ്കാറ: അതിര്‍ത്തി ലംഘിച്ച റഷ്യന്‍ വിമാനം തുര്‍ക്കി വെടിവെച്ചിട്ടതിനെ തുടര്‍ന്ന് കടുത്ത ഉപരോധവുമായി മുന്നോട്ട് പോകുന്ന റഷ്യക്ക് താക്കീതുമായി തുര്‍ക്കി പ്രസിഡന്റ്. റഷ്യ തീകൊണ്ട് കളിക്കരുതെന്ന് തുര്‍ക്കി പസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി. റഷ്യയിലേക്ക് പുറപ്പെട്ട തുര്‍ക്കി വ്യവസായ പ്രമുഖരെ അതിര്‍ത്തിയില്‍ തടഞ്ഞ റഷ്യയുടെ നടപടി പ്രകോപനപരമാണ്. ഇത്തരം നടപടികള്‍ ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യില്ലെന്ന് റഷ്യ മനസ്സിലാക്കണം- വടക്ക് കിഴക്ക് തുര്‍ക്കിയില്‍ പാര്‍ട്ടി സമ്മേളനത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞു. റഷ്യയുമായുള്ള ബന്ധത്തിന് തുര്‍ക്കി ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ഇത്തരം നടപടികളിലൂടെ അത് തകരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. പാരീസില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിനുമായി സംസാരിക്കാന്‍ ഉര്‍ദുഗാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. റഷ്യ തങ്ങളുടെ വ്യാമാതിര്‍ത്തി ലംഘിച്ചതിനാല്‍ മാപ്പു പറയണമെന്ന നിലപാടിലാണ് തുര്‍ക്കി.
എന്നാല്‍ കൂടിക്കാഴ്ചക്ക് പുടിന്‍ സമ്മതം മൂളിയിട്ടില്ല. ശീതസമര കാലത്തെ നിതാന്ത വൈരികളായ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും മോശമായ നിലയിലേക്ക് നീങ്ങുകയാണെന്ന് സൂചനയാണ് വരുന്നത്. വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ചതോടെയാണ് സിറിയന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതെന്നാണ് തുര്‍ക്കി പറയുന്നത്. എന്നാല്‍ സിറിയന്‍ പ്രദേശത്തായിരുന്നു വിമാനം വീണതെന്ന് റഷ്യ വാദിക്കുന്നു. തുര്‍ക്കിയുടെ വടക്ക് ലതാക്കിയ പ്രവിശ്യയിലാണ് വിമാനം തകര്‍ന്നുവീണത്. 1950നു ശേഷം ഇതാദ്യമായാണ് സോവിയറ്റ് യൂനിയന്റെയോ റഷ്യയുടെയോ യുദ്ധ വിമാനം നാറ്റോ അംഗരാജ്യം വെടിവെച്ചിടുന്നത്.
റഷ്യയുടെ വിവിധ ഭാഗങ്ങളിലുള്ള തുര്‍ക്കി കമ്പനികളില്‍ കഴിഞ്ഞ ദിവസം റഷ്യന്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് ഉര്‍ഗുദാന്‍ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. ചില കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞിട്ടുമുണ്ട്. തുര്‍ക്കിയില്‍ നിന്നുള്ള വസ്തുക്കളുമായെത്തിയ ട്രക്കുകള്‍ തിരിച്ച് വിടുകയും ചെയ്തു. റഷ്യയില്‍ പ്രവേശിക്കാന്‍ പ്രത്യേക വിസ ആവശ്യമില്ലാത്ത വിനോദസഞ്ചാരികളെ പോലും വിമാനത്താവളത്തില്‍ തടയുകയുമുണ്ടായി. 2011ല്‍ ഒപ്പു വെച്ച കരാര്‍ പ്രകാരം ഇരു രാജ്യങ്ങളിലെയും സഞ്ചാരികള്‍ക്ക് അതിര്‍ത്തി കടന്ന് സഞ്ചരിക്കാന്‍ പ്രത്യേക വിസ ആവശ്യമില്ല. പുതിയ സാഹചര്യത്തില്‍ ഈ കരാര്‍ റദ്ദാക്കുമെന്ന് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉഭയ കക്ഷി ബന്ധം ഇതേ നില തുടര്‍ന്നാല്‍ റഷ്യയുമായി സഹകരിച്ച് നടപ്പാക്കുന്ന രണ്ട് കൂറ്റന്‍ പദ്ധതികളുടെ ഭാവിയും അവതാളത്തിലാകും. ടര്‍ക്ക്‌സ്ട്രീം വാതക പൈപ്പ്‌ലൈന്‍ പദ്ധതിയും അക്കായു ആണവോര്‍ജ നിലയവുമാണ് പാതിവഴിയിലാകുക.
ഇസില്‍ തീവ്രവാദികളോടുള്ള സമീപനത്തില്‍ മൃദു സമീപനം കൈകൊള്ളുന്നുവെന്ന് ഇരുപക്ഷവും പരസ്പരം ആരോപിക്കുന്നു. സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ തത്സ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള പരിഹാരമാണ് റഷ്യ ആഗ്രഹിക്കുന്നത്. എന്നാല്‍ അസദ് വീഴണമെന്ന് തുര്‍ക്കി പറയുന്നു.