പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കം; പ്രധാനമന്ത്രി പ്രതിപക്ഷ സഹകരണം തേടി

Posted on: November 26, 2015 9:57 am | Last updated: November 26, 2015 at 12:49 pm

parliament_ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് ഇരു സഭകളും ആരംഭിച്ചത്. പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷം സഹകരിക്കണമെന്ന് പ്രധാനമന്ത്രി ഇന്ന് രാവിലെ അഭ്യര്‍ത്ഥിച്ചു. ചര്‍ച്ചകളും സംവാദങ്ങളും പാര്‍ലമെന്റിന്റെ ആത്മാവാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ രണ്ട് ദിവസങ്ങളില്‍ ഡോ.ബി ആര്‍ അംബേദ്കറോടുള്ള ആദര സൂചകമായി ഭരണഘടനയെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യാനാണ് തീരുമാനം.

അതേസമയം അസഹിഷ്ണുത ഉള്‍പ്പടെയുള്ള നിരവധി വിവാദങ്ങള്‍ക്കിടെയാണ് ഇന്ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുത സംബന്ധിച്ച് സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. അസഹിഷ്ണുതക്കെതിരെ സഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് സീതാറാം യെച്ചൂരി രാജ്യസഭയിലും നോട്ടീസ് നല്‍കിയിരുന്നു. അസഹിഷ്ണുത പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. നിലവിലെ സാഹചര്യത്തില്‍ ഇക്കാര്യങ്ങളില്‍ വിട്ടുവീഴ്ചക്ക് സര്‍ക്കാര്‍ തയ്യാറാകാനാണ് സാധ്യത. അസഹിഷ്ണുതയില്‍ ചര്‍ച്ചക്ക് തയ്യറാണെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കിയിരുന്നു.

പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി കേന്ദ്ര പാര്‍ലമെന്ററി കാര്യാലയ മന്ത്രി വെങ്കയ്യ നായിഡു ഇന്നലെ സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. പാര്‍ലിമെന്റിന്റെ സുഗമവും, ക്രിയാത്മകവുമായ നടത്തിപ്പിനും ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്നതിനും എല്ലാ കക്ഷികളും സഹകരിക്കണമെന്നും മോദി യോഗത്തില്‍ ആവശ്യപ്പെട്ടു. പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഏറ്റവും പ്രധാന ബില്ലായ ചരക്കു സേവന നികുതി ബില്‍ പാസാക്കാനും പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ സഹകരണം തേടി. ദേശീയ താത്പര്യം സംരക്ഷിക്കാനായാണ് ബില്‍ പാസാക്കുന്നതെന്നും പ്രതിപക്ഷ കക്ഷികള്‍ സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. പാര്‍ലിമെന്റിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ കക്ഷികളും സഹകരിക്കണമെന്ന് സ്പീക്കര്‍ സുമിത്ര മഹാജനും ആവശ്യപ്പെട്ടു.
ചരക്കു സേവന ബില്ലുമായി ബന്ധപ്പെട്ട പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ ആശങ്കകള്‍ പരിഹരിക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് പാര്‍ലിമെന്റ് കാര്യമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി.

ജെ ഡി യു നേതാവ് ശരത് യാദവ് ചരക്കു സേവന ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ജി എസ് ടി ബില്ലുമായി ബന്ധപ്പെട്ട ആശങ്കകള്‍ ശക്തമാണെന്നും ഇതര രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ക്ക് തയ്യാറായി അവര്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിച്ചതിനും ശേഷം മാത്രമേ ബില്‍ പാസാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാവൂയെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി ഇന്നലെ പറഞ്ഞു. ഇടതു കക്ഷികള്‍ നിരന്തരം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചക്കായി തയ്യാറായിട്ടില്ലെന്നും സീതാറം യെച്ചൂരി വ്യക്തമാക്കി.
ചരക്കു സേവന നികുതികളുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ പൊളിച്ചെഴുതാനും പുതിയ ബില്ല് പാസാക്കുന്നതിനെ സംബന്ധിച്ചും റിയല്‍ എസ്‌റ്റേറ്റ് നിയന്ത്രണങ്ങളെ സംബന്ധിച്ചും സമ്മേളനത്തില്‍ ചര്‍ച്ചകളും പുതിയ തീരുമാനങ്ങളുമുണ്ടാകും.