കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ്‌

Posted on: November 25, 2015 6:55 pm | Last updated: November 25, 2015 at 6:55 pm
SHARE

rasalkhaima policeറാസല്‍ ഖൈമ: കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് റാസല്‍ ഖൈമ പോലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി അഭ്യര്‍ഥിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പെടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സാമൂഹിക സുരക്ഷയും സമാധാനവും തകര്‍ക്കുന്ന രീതിയിലുള്ള കിംവദന്തികളും വാര്‍ത്തകളുമാണ് പ്രചരിപ്പിക്കുന്നത്. കാറുമായി എത്തി കുട്ടികളെ തട്ടിക്കൊണ്ടുപോയെന്നതും സ്ത്രീയെ നിഖാബ് (മുഖാവരണം) ധരിച്ചെത്തിയ രണ്ടു പേര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നതും ഉള്‍പെടെയുള്ള വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ജനങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നതില്‍ നിന്നും അവ ഷെയര്‍ ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കണം. സാമൂഹിക സമാധാനം തകര്‍ക്കുന്ന രീതിയില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ യു എ ഇ ഫെഡറല്‍ നിയമ പ്രകാരം കേസെടുക്കും. കറുത്ത കാറില്‍ സഞ്ചരിച്ച സ്ത്രീയും പുരുഷനും കുട്ടിയും ഉള്‍പെട്ട സംഘം മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നായിരുന്നു വാര്‍ത്ത. ഇത്തരത്തില്‍ ഒരു സംഭവം എമിറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പെടുന്ന ഒരു സംഘം റാസല്‍ ഖൈമയിലോ മറ്റ് എമിറേറ്റുകളിലോ പ്രവര്‍ത്തിക്കുന്നില്ല. അല്‍ ഐനിലെ തവാന്‍ ആശുപത്രി പരിസരത്ത് നിന്ന് സ്ത്രീയെ രണ്ടു പേര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നതും അടിസ്ഥാനമില്ലാത്ത വാര്‍ത്തയാണെന്നും അദ്ദേഹം വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here