ദോഹയില്‍ വിവിധയിടങ്ങളില്‍ ഗതാഗത പരിഷ്‌കരണങ്ങള്‍

Posted on: November 20, 2015 7:38 pm | Last updated: November 20, 2015 at 7:38 pm

trafficതാത്കാലികമായി അടച്ചിട്ടു
ദോഹ: അല്‍ അതൂരിയ, അല്‍ ജമീലിയ റോഡുകള്‍ക്കിടയിലുള്ള ഇന്റര്‍സെക്ഷനും ലിജ്മിലിയ റോഡിന്റെ ഒരു ഭാഗവും താത്കാലികമായി അടച്ചിടുമെന്ന് അശ്ഗാല്‍ അറിയിച്ചു. താത്കാലിക റൗണ്ട് എബൗട്ടിലേക്ക് ഗതാഗതം തിരിച്ചുവിടുകയും അടച്ച റോഡിനോട് ചേര്‍ന്ന് പുതിയ റോഡ് നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഗതാഗത നിയന്ത്രണം ആറ് മാസം വരെ നീണ്ടുനില്‍ക്കും.നിലവിലെ റോഡ് പൊളിച്ച് ഓരോ ദിശയിലേക്കും രണ്ട് വീതം ലൈനുകളുള്ള പുതിയ റോഡ് നിര്‍മിക്കും. അല്‍ ജമീലിയ, അല്‍ അതൂരിയ, അല്‍ ശീഹാനിയ എക്‌സ്പ്രസ്‌വേ പദ്ധതിയുടെ ഭാഗമാണ് പുതിയ റോഡ്. ഈ റോഡില്‍ സ്ഥിരം റൗണ്ട്എബൗട്ട്, മീഡിയന്‍ ഐലന്‍ഡ്, കാല്‍നട, സൈക്കിള്‍ പാതകളും ഉണ്ടാകും. ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റവും സമഗ്ര മാലിന്യപരിപാലന സംവിധാനവും ഉണ്ടാകും.

പുനഃസ്ഥാപിച്ചു
ദോഹ: ജരിയാന്‍ യനീഹത് മേഖലയിലെ ഉം സലാല്‍ മുഹമ്മദ് ബ്രിഡ്ജി (എന്‍12)ലെയും അല്‍ ദുഹൈല്‍ ഏരിയ (സോണ്‍30)യിലെ അല്‍ ദുഹൈല്‍ ബ്രിഡ്ജിലെയും (എന്‍5) ഗതാഗതം നാലുവരിപ്പാതയായ അല്‍ ശമാല്‍ റോഡി (നോര്‍ത്ത് ബൗണ്ട്)ലേക്ക് ഇന്ന് മുതല്‍ പുനഃസ്ഥാപിച്ചതായി അശ്ഗാല്‍. എന്‍ 5ലെ പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് താത്കാലികമായി സ്ഥാപിച്ച ഡൈവേര്‍ഷന്‍ നീക്കിയതോടെ അല്‍ ദുഹൈല്‍ പാലത്തില്‍ ഭാഗികമായി അടച്ചിട്ട അല്‍ ശമാല്‍ റോഡ് (നോര്‍ത്ത് ബൗണ്ട്) വീണ്ടും തുറക്കും. ഉം സലാല്‍ മുഹമ്മദില്‍ ഭാഗികമായി അടച്ചിട്ട അല്‍ ശമാല്‍ റോഡും തുറക്കും. എന്‍ 12ലെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ഇവിടെ സ്ഥാപിച്ച മൂന്ന് വരി താത്കാലിക ഡൈവേര്‍ഷന്‍ നീക്കിയതോടെയാണിത്.
അല്‍ ശമാല്‍ റോഡ് ദീര്‍ഘിപ്പിക്കുന്നതിന്റെ ഭാഗമായി 200 കിലോമീറ്റര്‍ റോഡാണ് നിര്‍മിക്കുന്നത്. അല്‍ ദുഹൈല്‍ ഇന്റര്‍ചേഞ്ചിലെ ദോഹ സിറ്റിയുടെ വടക്കുനിന്നും വടക്കന്‍ ഖത്വറിന്റെ അല്‍ ശമാല്‍ സിറ്റിയിലേക്കുള്ള അല്‍ ശമാല്‍ റോഡിലെ സര്‍വീസ് റോഡുകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടും. ഇസ്ഗാവ, ഉം സലാല്‍ മുഹമ്മദ് ഏരിയകളില്‍ പുതിയ രണ്ട് ഇന്റര്‍ചേഞ്ചുകളും നിര്‍മിക്കുന്നുണ്ട്. അല്‍ കഅബാന്‍ അടക്കമുള്ള നിലവിലെ മൂന്ന് ഇന്റര്‍ചേഞ്ചുകള്‍ വികസിപ്പിക്കുകയും ചെയ്യും. ഹൈവേക്ക് സമീപം വരുന്ന വികസന പദ്ധതികളെ കൂടി ബന്ധപ്പെടുത്തുന്ന രീതിയിലാണ് ഇന്റര്‍ചേഞ്ചുകള്‍ വികസിപ്പിക്കുന്നത്. അല്‍ ശമാല്‍- ഉം ബിര്‍കാ റോഡുകളുടെ ഇടയിലെ അല്‍ ഖോര്‍- ബില്‍ഡിംഗ് ലിങ്ക് റോഡുകളും വികസിപ്പിക്കും. മാത്രമല്ല അല്‍ ശമാല്‍ റോഡില്‍ സൈക്കിള്‍ പാതകളും ഉണ്ടാകും.

ഗതാഗതക്കുരുക്ക്
ദോഹ: ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലേക്കുള്ള പ്രധാന മാര്‍ഗമായ എഫ്- റിംഗ് റോഡിന്റെ ഒരു ഭാഗം അടച്ചതോടെ ഗതാഗതക്കുരുക്ക് വര്‍ധിച്ചു. പകരം റോഡുകള്‍ ഉപയോഗിക്കാന്‍ ഡ്രൈവര്‍മാര്‍ ബുദ്ധിമുട്ട് നേരിട്ടതോടെ രണ്ട് ദിവസമായി ഇവിടെ ഗതാഗതക്കുരുക്കാണ്. എഫ് റിംഗ് റോഡിലെ ഇരു ദിശകളിലേക്കുമുള്ള രണ്ട് പ്രധാന പാതകളാണ് കഴിഞ്ഞ ദിവസം മുതല്‍ അടച്ചിട്ടത്. 22ന് ഈ പാതകള്‍ തുറക്കും. ഇതേ പാതയിലെ എയര്‍പോര്‍ട്ടിലേക്കുള്ള റോഡ് 23 മുതല്‍ 24 വരെ അടച്ചിടും.
അല്‍ മാതിര്‍ സ്ട്രീറ്റ്/ അല്‍ വക്‌റ റോഡിലെ എയര്‍ഫോഴ്‌സ് ഇന്റര്‍ചേഞ്ച് എന്നറിയപ്പെടുന്ന ജംഗ്ഷനില്‍ നിന്ന് നജ്മ സ്ട്രീറ്റിലെ ജംഗ്ഷന്‍ വരെയുള്ള പാത അഞ്ച് ദിവസത്തേക്ക് ഖത്വര്‍ റെയില്‍ അടച്ചിരുന്നു.

ഫെബ്രുവരി 22 സ്ട്രീറ്റിലെ
വേഗപരിധി ഉയര്‍ത്തും
ദോഹ: നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ ഫെബ്രുവരി 22 സ്ട്രീറ്റിലെ വേഗപരിധി ഉയര്‍ത്തും. പണി പൂര്‍ത്തായായാല്‍ നിലവിലെ മണിക്കൂറില്‍ 80 കി മീ എന്നത് 100 കി മീ ആയി ഉയര്‍ത്തും. ഇറ്റ്മ അന്താരാഷ്ട്ര സമ്മേളനത്തിനിടെ അനൗപചാരിക സംഭാഷണത്തില്‍ ട്രാഫിക് വകുപ്പ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ ഖര്‍ജി പറഞ്ഞതാണിത്. അതേസമയം, സ്ട്രീറ്റിലെ നിര്‍മാണം എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
അല്‍ ശമാല്‍ എക്‌സ്പ്രസ് വേയുടെ ഭാഗമായ ഫെബ്രുവരി 22 സ്ട്രീറ്റ്, ഡി റിംഗ് റോഡിന്റെ എക്‌സ്‌ടെന്‍ഷന്‍ കൂടിയാണ്. അറബ് മേഖലയില്‍ ആദ്യമായാണ് ഇറ്റ്മ സമ്മേളനം നടക്കുന്നതെന്ന് ട്രാഫിക് മേധാവി അറിയിച്ചു. അന്താരാഷ്ട്ര, തദ്ദേശീയ വിദഗ്ധര്‍ ഗവേഷണം ചെയ്ത് കണ്ടെത്തിയ പഠനങ്ങള്‍ ഒരുപാട് ഗുണം ചെയ്യും. നൂറോളം പഠന പ്രബന്ധങ്ങളാണ് സമ്മേളനത്തില്‍ അവതരിപ്പിച്ചത്. ഖത്വറില്‍ അപകട മരണ നിരക്ക് 8.5 ശതമാനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കുറവുണ്ട്. ഇത് ഇനിയും കുറയും. നിലവിലെ ട്രാഫിക് നില അനുസരിച്ച് എല്ലാ പദ്ധതികളും രണ്ട് മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാകും. പദ്ധതികളെയും പ്രശ്‌നപരിഹാരങ്ങളെയും സംബന്ധിച്ച് വീണ്ടും വിശകലനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.