ജനറല്‍ ശൈഖ് മുഹമ്മദ് യമന്‍ വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Posted on: November 20, 2015 2:54 pm | Last updated: November 23, 2015 at 8:49 pm
SHARE

sheikh muhammed yamanഅബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ യമന്‍ വൈസ് പ്രസിഡന്റ് എന്‍ജി. ഖാലിദ് ബഹാഹുമായി കുടിക്കാഴ്ച നടത്തി. യമന്‍ റിപബ്ലിക്കിന്റെ പ്രധാനമന്ത്രിയും ദൗത്യസംഘവും ഒപ്പമുണ്ടായിരുന്നു. യു എ ഇ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് യമന്‍ നേതാക്കള്‍ ജനറല്‍ ശൈഖ് മുഹമ്മദുമായി കുടിക്കാഴ്ച നടത്തിയത്. യമനും യു എ ഇയുമായി ശക്തവും സൗഹൃദത്തില്‍ അധിഷ്ഠിതവുമായ ബന്ധമാണുള്ളതെന്ന് യമന്‍ വൈസ് പ്രസിഡന്റിനെ സ്വാഗതം ചെയ്തുകൊണ്ട് ജനറല്‍ ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
യമനിലെ രാഷ്ട്രീയ സാഹചര്യവും സഖ്യസൈന്യത്തിന്റെ മുന്നേറ്റങ്ങളും ഉള്‍പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ബഹാഹ് വിശദീകരിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണം കൂടുതല്‍ ശക്തമായി തുടരുകയാണ്. യു എ ഇക്കും യമനും പരസ്പരം താല്‍പര്യമുള്ള വിഷയങ്ങളിലാണ് ചര്‍ച്ച നടത്തിയത്. ഹൂത്തി വിമതരില്‍ നിന്ന് യമന്‍ പൂര്‍ണമായും മോചിപ്പിക്കപ്പെട്ടാല്‍ രൂപീകരിക്കേണ്ട സര്‍ക്കാരിനെക്കുറിച്ചും ഗൗരവപൂര്‍ണമായ ചര്‍ച്ചയാണ് നേതാക്കള്‍ നടത്തിയത്. സഊദി അറേബ്യയുടെ നേതൃത്വത്തില്‍ ഹൂത്തി വിമതരെ തുരത്താന്‍ യു എ ഇ ഉള്‍പെടെയുള്ള സഖ്യസേന ഓപറേഷന്‍സ് റെസ്റ്റോറിംഗ് ഹോപ്പ് എന്ന പേരില്‍ ഫലപ്രദമായ ആക്രമണമാണ് കഴിഞ്ഞ കുറേ മാസമായി നടത്തിക്കൊണ്ടിരിക്കുന്നത്.
ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി നടത്തുന്ന ഭക്ഷ്യവിതരണം ഉള്‍പെടെയുള്ള മനുഷ്യത്വപരമായ പ്രവര്‍ത്തനത്തെക്കുറിച്ചും യമന്‍ വൈസ് പ്രസിഡന്റ് വിശദീകരിച്ചു. യമനിന് യു എ ഇ നല്‍കുന്ന പിന്തുണ കൂടുതല്‍ ശക്തമായി തുടരുകതന്നെ ചെയ്യുമെന്ന് യമന്‍ നേതാക്കളെ ജനറല്‍ ശൈഖ് മുഹമ്മദ് അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനും സാമ്പത്തികം ഉള്‍പെടെയുള്ള പ്രശ്‌നങ്ങളെ വിജയകമായി തരണം ചെയ്യാനും ലക്ഷ്യമിട്ടാണ് യു എ ഇ യമന് ആവശ്യമായ സഹായങ്ങള്‍ നല്‍കിവരുന്നത്. എന്‍ജി. ബഹാഹ് ഉള്‍പെടെയുള്ളവര്‍ രാജ്യത്തിനായി യു എ ഇ നല്‍കുന്ന സൈനികവും ജീവകാരുണ്യപരവുമായ പിന്തുണക്ക് നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here