Connect with us

Wayanad

മാതൃഭാഷയെ സ്‌നേഹിക്കുന്ന നവ സമൂഹം സൃഷ്ടിക്കപ്പെടണം: കല്‍പ്പറ്റ നാരായണന്‍

Published

|

Last Updated

കല്‍പ്പറ്റ: മാതൃഭാഷയായ മലയാളത്തെ സ്‌നേഹിക്കുന്ന ഒരു നവ സമൂഹത്തെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണുണ്ടാവേണ്ടതെന്ന് പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ്, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്, ജില്ലാ ഭരണ കാര്യാലയം എന്നിവയുടെ ആഭിമുഖ്യത്തില്‍ പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസില്‍ നടന്ന മാതൃഭാഷ-ശ്രേഷ്ഠഭാഷാ വാരാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രവും തത്വചിന്തയും അന്യഭാഷയില്‍ പഠിക്കേണ്ടിവരുന്നതാണ് മലയാളിയുടെ ഗതികേട്. ലോകോത്തര ശാസ്ത്രജ്ഞരും തത്വചിന്തകരും മലയാളത്തില്‍ നിന്നുണ്ടാകാത്തതിന്റെ കാരണവും ഇതാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളുടെയും പേരുകള്‍ അവിടുത്തെ ഭാഷയാണ്. എന്നാല്‍ “മലയാള നാട്” എന്നതിനു പകരം “കേരളം” എന്ന് ഉപയോഗിക്കുന്നതു തന്നെ ഭാഷയോടുള്ള അവഗണനയാണ്. ഭാഷ പ്രയോഗിക്കുന്നതില്‍ എഴുത്തുകാര്‍ക്കുപോലും ആത്മവിശ്വാസമില്ല. അസ്തിത്വവും സംസ്‌കാരവും ചിന്തയുമെല്ലാം മാതൃഭാഷയാണ്.
ബൗദ്ധിക നിലവാരം വര്‍ദ്ധിപ്പിക്കാനുള്ള വായനയോടൊപ്പം ഹൃദയത്തിനുള്ള വായനയും അനിവാര്യമാണ്. ആര്‍ത്തിമൂത്ത വികസനത്തിന്റേയും ലാഭേഛയുടേയും ഇരകളാണ് കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോ സള്‍ഫാന്‍ ബാധിതര്‍. ശുദ്ധമായ വായു, വെള്ളം, ഭക്ഷണം, പ്രകൃതി എന്നിവ മനുഷ്യനെപ്പോലെ മറ്റു ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധം നമുക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സമീപകാലത്ത് ഫാസിസം ഇന്ത്യയില്‍ ശക്തിപ്പെടുകയാണ്. പ്രത്യക്ഷത്തില്‍ അതിന്റെ കരങ്ങള്‍ മൃദുലമാണെന്ന് തോന്നുമെങ്കിലും രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സമാധാനവും സഹിഷ്ണുതയും നശിപ്പിക്കാന്‍ കഴിയുന്നത്ര ശക്തി അതിനുണ്ടെന്ന് മനസ്സിലാക്കണം. ഗാസയില്‍ ബോംബാക്രമണങ്ങളിലൂടെ ചിതറിത്തെറിക്കുന്ന പിഞ്ചുബാല്യങ്ങളും ഫാസിസത്തിന്റെ ഇരകളാണ്. ചില സ്ഥാപിത താല്‍പ്പര്യങ്ങളും കാഴ്ചപ്പാടുകളുമാണ് ഇന്ന് ലോകത്തെ മുന്നോട്ടു നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹയര്‍സെക്കണ്ടറി ജില്ലാ കോഡിനേറ്റര്‍ താജ് മന്‍സൂര്‍ അധ്യക്ഷനായി. പി.ടി.എ. പ്രസിഡന്റ് കെ.കെ.ഹനീഫ, മദര്‍ പി.ടി.എ.പ്രസിഡന്റ് ശ്രീജാ സന്തോഷ്, മുട്ടില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ ജലീല്‍ പി, ഡാര്‍ലി ക്ലയര്‍ ജോസ്, അബ്ദുല്‍ മജീദ് തെറ്റത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു , പി.കെ.ഷാഹിന, കെ.കെ.രമേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.