എ പി ഉണ്ണികൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സക്കീന പുല്‍പ്പാടന്‍ വൈസ് പ്രസിഡന്റ്‌

Posted on: November 20, 2015 9:50 am | Last updated: November 20, 2015 at 9:50 am
SHARE

ap unnikrishnanമലപ്പുറം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലിം ലീഗിലെ എ പി ഉണ്ണികൃഷ്ണന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
വനിതാ സംവരണമായ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്‌ലിം ലീഗിലെ തന്നെ സക്കീന പുല്‍പ്പാടന്‍ 27 അംഗങ്ങളുടെ പിന്തുണയോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണനും പിന്നീട് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടനും സത്യവാചകം ചൊല്ലിക്കൊടുത്തു.
എ പി ഉണ്ണികൃഷ്ണനെ സലീം കുരുവമ്പലം നാമനിര്‍ദേശം ചെയ്യുകയും വി സുധാകരന്‍ പിന്താങ്ങുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനം പട്ടികജാതി ജനറല്‍ സംവരണമായിരുന്നു. എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച എല്‍ ഡി എഫിലെ കെ ദേവിക്കുട്ടിക്ക് അഞ്ച് വോട്ടുകള്‍ ലഭിച്ചു. സക്കീന പുല്‍പ്പാടനെ ഉമ്മര്‍ അറ ക്കലും ദേവിക്കുട്ടിയെ അഡ്വ. ടി കെ റശീദലിയും നാമനിര്‍ദേശം ചെയ്യുകയും ഇരുവരെയും യഥാക്രമം എ കെ അബ്ദുര്‍റഹ്മാന്‍, സമീറ എന്നിവര്‍ പിന്താങ്ങുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയക്ക് ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍, എ ഡി എം. കെ രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ അബ്ദുല്ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി. എം എല്‍ എമാരായ കെ എന്‍ എ ഖാദര്‍, പി ഉബൈദുല്ല, ടി എ അഹമ്മദ് കബീര്‍, മലപ്പുറം നഗരസഭാ അധ്യക്ഷ സി എച്ച് ജമീല, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മുന്‍ എം എല്‍ എ. യു സി രാമന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ കെ പി മറിയുമ്മ, സുഹ്‌റ മമ്പാട്, മുന്‍ വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി അബ്ദുല്‍ഹമീദ് തുടങ്ങിയവര്‍ സാരഥികളെ അനുമോദിച്ച് സംസാരിച്ചു. പ്രസിഡന്റായ എ പി ഉണ്ണികൃഷ്ണന്‍ 2000- 05 കാലയളവില്‍ ജില്ലാ പഞ്ചായത്ത് അംഗവും പഴയ ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്നു. 20 വര്‍ഷത്തോളമായി ജില്ലാതല പട്ടികജാതി-വര്‍ഗ മോണിറ്ററിംഗ് കമ്മിറ്റി അംഗമാണ്. പട്ടികജാതി സംസ്ഥാനതല ഉപദേശക സമിതി, ഖാദി ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു. വേങ്ങര കണ്ണമംഗലം സ്വദേശിയാണ്. ഭാര്യ: സുഷമ, മക്കള്‍: സുധീഷ്, സജിത്ത്, സ്മിജി, ശരത്ത്. വൈസ് പ്രസിഡന്റായ സക്കീന പുല്‍പ്പാടന്‍ പൂക്കോട്ടൂര്‍ ഡിവിഷനില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നാം തവണയാണ് ജില്ലാ പഞ്ചായത്ത് അംഗമാകുന്നത്. മുന്‍ ഭരണസമിതിയില്‍ വികസന സ്ഥിരംസമിതി അധ്യക്ഷയായിരുന്നു. കോഡൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കോഡൂര്‍ സ്വദേശിനിയാണ്. ഭര്‍ത്താവ്: പരേതനായ മുഹമ്മദ് ഇസ്ഹാഖ്, മക്കള്‍: ജിബ്‌നു, യൂനുസ്, നിയാസ്.