ചികിത്സ കിട്ടാതെ തടവുകാരന്‍ മരിച്ച സംഭവം: സര്‍ക്കാര്‍ ഒരു ലക്ഷം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Posted on: November 20, 2015 5:43 am | Last updated: November 20, 2015 at 12:44 am
SHARE

കൊച്ചി: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ വേണ്ടത്ര ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പരേതന്റെ ഭാര്യക്ക് സര്‍ക്കാര്‍ മൂന്ന് മാസത്തിനകം ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു. നഷ്ടപരിഹാരം ആഭ്യന്തര വകുപ്പില്‍ നിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നോ നല്‍കണം. കളമശേരി എച്ച് എം ടി കോളനി ആഞ്ഞിലിമൂട്ടില്‍ എ എ അലിയുടെ ഭാര്യ കെ എ സഫിയ നല്‍കിയ പരാതിയിലാണ് നടപടി. അലി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരിക്കെ മൂത്രാശയ രോഗം മുര്‍ച്ഛിച്ച് കഴിഞ്ഞ മെയ് 27 നാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചത്. 2013 സെപ്തംബറിലാണ് അലി സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായത്.
ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജിലെത്തിച്ചപ്പോള്‍ അലിക്ക് ചികിത്സ നിഷേധിച്ചതായി പരാതിയില്‍ പറയുന്നു. കമ്മീഷന്‍ തൃശൂര്‍ റൂറല്‍ പോലീസ് മേധാവിയില്‍ നിന്നും ജയില്‍ ഡി ജി പിയില്‍ നിന്നും വിശദീകരണം വാങ്ങിയിരുന്നു. മെഡിക്കല്‍ കോളജ് സൂപ്രണ്ടും വിശദീകരണം സമര്‍പ്പിച്ചു.
അലിക്ക് പ്രമേഹം, രക്തസമ്മര്‍ദം, ഹാര്‍ട്ട് അറ്റാക്ക്, പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടായിരുന്നു. 12 തവണ മെഡിക്കല്‍ കോളജില്‍ ചികിത്സ നല്‍കിയിട്ടുണ്ടെന്നും ജയില്‍ അധികൃതര്‍ കമ്മീഷനെ അറിയിച്ചു. 78 തവണ ജയില്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി. അതേസമയം അലിയുടെ ചികിത്സക്ക് കോടതിയില്‍ ജാമ്യാപേക്ഷക്ക് അപേക്ഷിച്ചപ്പോള്‍ സര്‍ക്കാര്‍ എതിര്‍ത്തു.
രേഖകള്‍ പരിശോധിച്ചപ്പോ ള്‍ അലിയെ നിരവധി തവണ ആശുപത്രിയില്‍ കാണിച്ചെങ്കിലും ഡോക്ടര്‍മാര്‍ എഴുതിയ മരുന്നുകള്‍ കൊടുത്തിട്ടില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. മെഡിക്കല്‍ കോളജിലെ സ്റ്റോക്കില്‍ മരുന്നില്ലാത്തതായിരുന്നു കാരണം. പുറത്ത് നിന്ന് മരുന്ന് വാങ്ങി നല്‍കിയതുമില്ല. ജാമ്യം അനുവദിച്ചിരുന്നെങ്കില്‍ അലിക്ക് ഫലപ്രദമായ ചികിത്സ ലഭിക്കുമായിരുന്നെന്ന് ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു. ജയിലില്‍ ചികിത്സ ലഭിക്കാന്‍ കൈക്കൂലി നല്‍കണമെന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അങ്ങനെ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ജസ്റ്റിസ് ജെ ബി കോശി ജയില്‍ ഡി ജി പിക്ക് നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here