ഓപറേഷന്‍ അനന്ത: തുടര്‍ നടപടികള്‍ അനന്തമായി നീളുന്നു

Posted on: November 15, 2015 10:47 am | Last updated: November 15, 2015 at 10:47 am
SHARE

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരത്തിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ ഓപ്പറേഷന്‍ അനന്ത തുടര്‍ നടപടികളില്ലാതെ ഇഴയുന്നു.
കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് സര്‍വേ നടപടികള്‍ ആരംഭിച്ചത്. ജൂലൈയില്‍ സര്‍വ്വെ നടപടികള്‍ തുടങ്ങിയിരുന്നുവെങ്കിലും ജനം എതിര്‍ത്തത് കാരണം നിര്‍ത്തിവെച്ചിരുന്നു.
പിന്നീട് ആഗസ്റ്റ് തുടക്കത്തില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും റോഡിനോട് ചേര്‍ന്നുളള സ്ഥലയുടമകളുടെയും ഷോപ്പുടമകളുടെയും വ്യാപാരി സംഘടനാ പ്രതിനിധികളുടെയും സംയുക്ത യോഗമാണ് സര്‍വ്വെ നടത്തുന്നതിന് ധാരണയായത്.
ആഗസ്റ്റ് 30നുളളില്‍ സര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിക്കാനായിരുന്നു പദ്ധതി. തുടര്‍ന്ന് കയ്യേറ്റം കണ്ടെത്തിയവര്‍ക്ക് സ്വമേധയാ ഒഴിഞ്ഞ് പോവുന്നതിന് സെപ്റ്റംബര്‍ ഒന്നു മുതല്‍ 15 വരെയും, സെപ്റ്റംബര്‍ 20 മുതല്‍ ഒക്‌ടോബര്‍ അഞ്ച് വരെ പരാതികളുണ്ടെങ്കില്‍ പരിഹാരം കണ്ടെത്തുന്നതിനുളള വിചാരണ നടത്താനുമായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. തുടര്‍ന്ന് സ്വമേധയാ ഒഴിഞ്ഞ് പോവാന്‍ തയ്യാറാവാത്തവരെ നിയമ നടപടികള്‍ക്ക് വിധേയമാക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇതുപ്രകാരം പല കടയുടമകളും കൈയേറ്റം നടത്തിയ ഭാഗങ്ങള്‍ സ്വമേധയാ പൊളിച്ചു മാറ്റുകയും ചെയ്തിരുന്നു. കുന്തിപ്പുഴ പാലം മുതല്‍ നെല്ലിപ്പുഴ പാലം വരെയുളള ദേശീയ പാതയുടെ ഇരുവശങ്ങളും സര്‍വ്വെ നടത്തി കയ്യേറ്റവും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തിനുമിടക്ക് അടയാളപ്പെടുത്തലും നടത്തിയിട്ടുണ്ട്. എന്നാല്‍ പിന്നീടെത്തിയ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പോടെയാണ് ഓപ്പറേഷന്‍ അനന്തയുടെ പ്രക്രിയ നിലച്ചത്.
ഇനി മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി ഭരണം ചുമതല ഏറ്റെടുക്കലും മറ്റുമായി സര്‍വ്വെ നടപടികള്‍ അനന്തമായി നീളുമെന്നാണ് സൂചന. നടത്തിയ സര്‍വ്വെയില്‍ നിരവധി കൈയേറ്റങ്ങള്‍ കണ്ടെത്തുകയും അധികൃതര്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ കഴിയുന്ന ഓപ്പറേഷന്‍ അനന്ത പദ്ധതി അനിശ്ചിതമായി നീളുന്നത് നഗരത്തിന്റെ വികസന പുരോഗതികളെ ബാധിക്കാനിടയാവും.
സര്‍വ്വ കക്ഷി യോഗത്തിന്റെ പിന്‍ബലത്തില്‍ തുടങ്ങിയ നഗരത്തിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ പദ്ധതി താളം തെറ്റിയാല്‍ ഇനി ഇങ്ങനെയൊരു പൊതുജന ഐക്യത്തോടെയുളള സഹകരണം ലഭിക്കാനിടിയല്ല.
ഒറ്റപ്പാലം സബ് കലക്ടര്‍ പി ബി നൂഹ് ബാവയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഓപ്പറേഷന്‍ അനന്ത പദ്ധതി അടിയന്തിരമായി പുനരാരംഭിക്കണമെന്നാണ് ജനകീയാവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here