Connect with us

Kozhikode

ആഹ്ലാദപ്രകടനത്തിനിടെ പടക്കംപൊട്ടി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്

Published

|

Last Updated

കിഴക്കോത്ത്: പന്നൂരില്‍ ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടി രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്. കിഴക്കോത്ത് പറപ്പാറമ്മല്‍ സ്വദേശികളായ പീടിക കണ്ടിയില്‍ അനസ്(26), ചെറിയ കിഴക്കയില്‍ മുഹമ്മദ് ഫാസില്‍(26) എന്നിവര്‍ക്കാണ് സാരമായി പരുക്കേറ്റത്.
ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ പന്നൂര്‍ കുറുന്താറ്റി പറമ്പത്ത് ഭാഗത്തായിരുന്നു സംഭവം.
കിഴക്കോത്ത് പതിനാലാം വാര്‍ഡ് കണ്ടിയില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുസ്ലിംലീഗിലെ യു പി നഫീസയെ തുറന്ന വാഹനത്തില്‍ ആനയിച്ച് പന്നൂര്‍ ഭാഗത്തേക്ക് പോവുന്നതിനിടെയാണ് ബൈക്കില്‍നിന്നും സ്‌ഫോടനമുണ്ടായത്. ഉഗ്രശേഷിയുള്ള പടക്കവുമായെത്തിയ ഇവര്‍ ബൈക്ക് നിര്‍ത്തി പടക്കത്തിന് തീകൊളുത്തുന്നതിനിടെ മടിയില്‍ സൂക്ഷിച്ച പടക്കങ്ങളിലേക്ക് തീ പടരുകയായിരുന്നു. വന്‍ ശബ്ദത്തോടെയുള്ള സ്‌ഫോടത്തില്‍ ബൈക്ക് ഉള്‍പ്പെടെ ഏറെ ദൂരത്തേക്ക് തെറിച്ചുവീണു.
ബൈക്കോടിച്ച അനസിന്റെ പിന്‍ഭാഗത്തും മുഹമ്മദ് ഫാസിലിന്റെ മുഖത്തും വയറിനും ഉള്‍പ്പെടെയുമാണ് പരുക്കേറ്റത്. യു ഡി എഫ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചത്. റോഡരികില്‍ നോക്കിനില്‍ക്കുകയായിരുന്ന കുട്ടികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഒരാള്‍ക്ക് നിസ്സാര പരുക്കേറ്റതായും നാട്ടുകാര്‍ പറഞ്ഞു.

Latest