ബിനാമി ബിസിനസുകാര്‍ക്കെതിരെ സൗദി നടപടി തുടങ്ങി

Posted on: November 2, 2015 7:53 pm | Last updated: November 2, 2015 at 7:53 pm

saudiറിയാദ്: ബിനാമി ബിസിനസുകാര്‍ക്കെതിരെ സൗദി അധികൃതര്‍ നടപടി സ്വീകരിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം സൗദിയിലെ അല്‍ഹസ്സയില്‍ ബിനാമി ബിസിനസ്സുകാരായ രണ്ട് വിദേശികളെ സൗദി പോലീസ് പിടികൂടി. മറ്റ് പ്രദേശങ്ങളിലും ബിനാമി ബിസിനസ്സുകാരെ പിടികൂടുന്നതിനുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.സൗദിയിലെ അല്‍ ഹസയിലാണ് ബിനാമി ബിസിനസ്സ് നടത്തിയതിന്റെ പേരില്‍ രണ്ട് വിദേശികള്‍ പിടിയിലായത്.

സൗദി വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ബിനാമി ബിസിനസ് വിരുദ്ധ വകുപ്പാണ് ഇവരെ പിടികൂടിയത്. കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകളായിരുന്നു ഇവര്‍ സ്വദേശിയുടെ പേരില്‍ ബിനാമി ബിസിനസ്സായി നടത്തിയിരുന്നത്. മാസംതോറും സ്വദേശിയായ സ്‌പോണ്‍സര്‍ക്ക് നിശ്ചിത തുക നല്‍കിയാണ് ബിസിനസ് നടത്തികൊണ്ടിരുന്നതെന്ന് പിടികൂടിയ രേഖകളില്‍ നിന്നും കണ്ടെത്തി്. രണ്ട് വിദേശികളെയും പബ്ലിക് പ്രോസിക്യൂഷന്‍ അതോറിറ്റിക്ക് കൈമാറി.

ബിനാമി ബിസിനസ് നടത്തുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും പത്ത് ലക്ഷം റിയാല്‍ പിഴയുമാണ് ചുരുങ്ങിയ ശിക്ഷ. വിദേശികള്‍ ബിനാമി ബിസിനസ് നടത്തുന്നത് സൗദിയുടെ സാമ്പത്തിക മേഖലക്ക് കടുത്ത വെല്ലുവിളികളാണ് ഉണ്ടാക്കുന്നതെന്ന് നേരത്തെ നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.
മൂന്ന് വകുപ്പുകള്‍ സംയുക്തമായാണ് ബിനാമി ബിസിനസുകാര്‍ക്കെതിരെയുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ബിനാമി ബിസിനസ് വിരുദ്ധ വകുപ്പ്, സൗദി ജനറല്‍ പ്രോസിക്യൂഷന്‍ വകുപ്പ്, ദീവാനുല്‍ മളാലിം എന്ന പ്രത്യേക കോടതി വകുപ്പ് എന്നിവയാണ് നടപടികളുമായി മുന്നിട്ടിറങ്ങിയിട്ടുള്ളത്.