ഹ്യൂമിന്റെ ഹാട്രിക് മികവില്‍ കൊല്‍ക്കത്തക്ക് ജയം

Posted on: November 1, 2015 11:48 pm | Last updated: November 1, 2015 at 11:48 pm
SHARE

kolkathaമുംബൈ: പരുക്കേറ്റ തലയില്‍ കെട്ടുംകെട്ടി കളിക്കാനിറങ്ങിയ ഇയാന്‍ ഹ്യൂമിന്റെ ഉജ്ജ്വല ഹാട്രിക്കിന്റെ മികവില്‍ ഐ എസ് എല്ലില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്ക് വമ്പന്‍ ജയം. മുംബൈ എഫ് സിക്കെതിരെ മറുപടിയില്ലാത്ത നാല് ഗോളിനാണ് കൊല്‍ക്കത്ത ജയം സ്വന്തമാക്കിയത്. സീസണില്‍ കൊല്‍ക്കത്തയുടെ ഏറ്റവും മികച്ച വിജയമാണിത്.
കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനം നടത്തിയ ഹ്യൂമിനെ കൈവിട്ടതില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് സ്വയം പഴിക്കുന്നുണ്ടാകും. അതിഗംഭീരമായിരുന്നു ഹ്യൂമിന്റെ പ്രകടനം. 34, 45, 82 മിനുട്ടുകളിലാണ് ഹ്യൂമിന്റെ എണ്ണം പറഞ്ഞ ഗോളുകള്‍ പിറന്നത്. പെനല്‍റ്റിയില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍.
77ാം മിനുട്ടില്‍ അഗസ്റ്റിന്‍ ഫെര്‍ണാണ്ടസാണ് കൊല്‍ക്കത്തയുടെ നാലാം ഗോള്‍ നേടിയത്. സലിം ബെനാചൗറിന്റെ വകയായിരുന്നു മുംബൈയുടെ ആശ്വാസ ഗോള്‍. ജയത്തോടെ പത്ത് പോയിന്റുമായി കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തെത്തി. ഇത്രയും പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ മുംബൈ ഒരു പടി താഴ്ന്ന് ആറ് സ്ഥാനത്തേക്കിറങ്ങി. ഗയ്‌വിലന്റെ തകര്‍പ്പന്‍ പാസില്‍ നിന്നാണ് ഹ്യൂമിന്റെ ആദ്യ ഗോള്‍ പിറന്നത്. മുന്നിലേക്ക് ഓടിയെത്തിയ ഹ്യൂം പന്ത് നിലംതൊടും മുമ്പ് വലയിലെത്തിച്ചു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഹ്യൂം കൊല്‍ക്കത്തയുടെ ലീഡ് ഉയര്‍ത്തി. ബോക്‌സിനുള്ളില്‍ ഗയ്‌വിലനെ പിറകില്‍ നിന്നെത്തി സുഭാഷ് സിംഗ് വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഹ്യൂം പന്ത് സമര്‍ഥമായി വലയിലെത്തിച്ചപ്പോള്‍ മുംബൈ ഗോള്‍ കീപ്പര്‍ സുബ്രതോ പാലിന് ഒന്നും ചെയ്യാനായില്ല. രണ്ടാം പകുതിയില്‍ മുംബൈ ആക്രമണം ശക്തമാക്കി. 77ാം മിനുട്ടില്‍ അതിന് ഫലവും കണ്ടു. സുനില്‍ ഛേത്രിയുടെ ഷോട്ട് കൊല്‍ക്കത്ത ഗോളി തടുത്തിട്ടപ്പോള്‍ റീ ബൗണ്ടില്‍ സലിം ബെനാചൗര്‍ തൊടുത്ത ഷോട്ട് ബാറില്‍ തട്ടി നേരെ വലയിലേക്ക്. സ്‌കോര്‍: 2-1. തൊട്ടുപിന്നാലെ ഡിഫന്‍ഡര്‍ അഗസ്റ്റിന്‍ ഫെര്‍ണാണ്ടസിന്റെ ഗോളിലൂടെ കൊല്‍ക്കത്തയുടെ മറുപടി. ഡൗത്തിയുമായി പന്ത് കൈമാറി ബോക്‌സിലേക്കെത്തിയ ഫെര്‍ണാണ്ടസ് പന്ത് അനായാസം വലയിലെത്തിച്ചു. 82ാം മിനുട്ടില്‍ ഹ്യൂമിന്റെ ഹാട്രിക്കും കൊല്‍ക്കത്തയുടെ നാലാം ഗോളും പിറന്നു. ഡൗത്തിയുടെ ക്രോസ് ഹ്യൂം അനായാസം വലയിലാക്കി. നിര്‍ഭാഗ്യം കൊണ്ടാണ് ഹ്യൂമിന് നാലാം ഗോള്‍ നഷ്ടമായത്. ഹ്യൂമിന്റെ ഒരു തകര്‍പ്പന്‍ ഷോട്ട് ബാറില്‍ തട്ടി മടങ്ങുകയായിരുന്നു.
അനല്‍ക്കയും ചേത്രിയും ഗോള്‍ മടക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും കൊല്‍ക്കത്തയുടെ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. എ എസ് എല്ലില്‍ ഇന്ന് മത്സരമില്ല. നാളെ ഡല്‍ഹി ഡൈനാമോസും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും ഏറ്റുമുട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here