അഭയാര്‍ഥി പ്രതിസന്ധി: മെര്‍ക്കല്‍ സഖ്യകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി

Posted on: November 1, 2015 10:49 pm | Last updated: November 1, 2015 at 10:49 pm

angela merkelബര്‍ലിന്‍: അഭയാര്‍ഥി പ്രശ്‌ന പരിഹാരത്തിനായി ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ സഖ്യ കക്ഷി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി. അഭയാര്‍ഥി പ്രതിസന്ധിയില്‍ മെര്‍ക്കലിന്റെ നിലപാടുകള്‍ സ്വീകാര്യമാകാത്ത പാര്‍ട്ടികള്‍ സഖ്യം വിട്ട് സര്‍ക്കാറിനെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണിത്.
ജര്‍മന്‍ സംസ്ഥാനമായ ബവേറിയയുടെ മിനിസ്റ്റര്‍ പ്രസിഡന്റും മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്റെ സഖ്യകക്ഷിയായ ക്രിസ്ത്യന്‍ സോഷ്യല്‍ യൂനിയന്‍ ചെയര്‍മാനുമായ ഹോര്‍സ്റ്റ് സീഹോഫറുമായുള്ള ചര്‍ച്ചകള്‍ക്കാണ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്.
നേരത്തെ തന്റെ സംസ്ഥാനത്തേക്ക് അയല്‍ രാജ്യമായ ആസ്ട്രിയയില്‍ നിന്നുള്ള കനത്ത അഭയാര്‍ഥി പ്രവാഹം തടയാന്‍ നടപടികളെടുക്കണമെന്ന് ഹോര്‍സ്റ്റ് സീഹോഫര്‍ മെര്‍ക്കലിന് അന്ത്യ ശാസനം നല്‍കിയിരുന്നു. ഇതിനായില്ലെങ്കില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് സി എസ് യു പാര്‍ട്ടി വൃത്തങ്ങള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനിടെ അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനായില്ലെങ്കില്‍ മെര്‍ക്കലിന്റെ കാബിനറ്റില്‍ നിന്ന് മൂന്ന് മന്ത്രിമാരെ പിന്‍വലിക്കുമെന്ന് ക്രിസ്ത്യന്‍ സോഷ്യല്‍ യൂനിയന്റെ നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് മുന്‍പായി മാധ്യമങ്ങളോട് സൂചിപ്പിച്ചു.
അഭയാര്‍ഥി പ്രതിസന്ധി അഭീമുഖീകരിക്കുന്ന പ്രധാന ജര്‍മന്‍ സംസ്ഥാനമാണ് ബവേറിയ. സിറിയന്‍ അഭയാര്‍ഥികള്‍ക്കായി ജര്‍മനി അതിര്‍ത്തികള്‍ തുറന്നതോടെ മൂന്ന് ലക്ഷത്തിലധികം അഭയാര്‍ഥികള്‍ ആസ്ട്രിയ വഴി ബവേറിയയിലേക്ക് കടന്നതായി ആസ്ട്രിയന്‍ അധികൃതര്‍ പറയുന്നു.
അഭയാര്‍ഥി പ്രശ്‌നത്തില്‍ മെര്‍ക്കലിന്റെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിക്കുന്ന നേതാവാണ് സീഹോഫര്‍. ജര്‍മനി സ്വീകരിക്കുന്ന അഭയാര്‍ഥികളുടെ എണ്ണം നിശ്ചയിക്കണമെന്നും, ജര്‍മനി- ആസ്ട്രിയ അതിര്‍ത്തികളില്‍ താത്ക്കാലിക ക്യാമ്പുകളൊരുക്കി അഭയാര്‍ഥികളെ താമസിപ്പിക്കണമെന്നും, അവിടെ നിന്നും രാജ്യത്തെ മറ്റു സ്ഥലങ്ങളിലേക്ക് പോകാനനുവദിക്കാതെ രണ്ട് ദിവസം നിരീക്ഷിച്ച് ജര്‍മനിയില്‍ അഭയാര്‍ഥിയായി താമസിക്കാനുള്ള യോഗ്യതയില്ലാത്തവരെ തിരിച്ച് കയറ്റി വിടണമെന്നുമാണ് സീഹോഫറിന്റെ വാദം. അതേസമയം ഹോഫറിന്റെ, അതിര്‍ത്തികളിലെ താത്ക്കാലിക അഭയാര്‍ഥി ക്യാമ്പ് എന്ന ആവശ്യത്തെ മറ്റൊരു സഖ്യകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എതിര്‍ക്കുകയാണ്. ഈ പാര്‍ട്ടി മെര്‍ക്കലിന്റെ അഭയാര്‍ഥി നയങ്ങളെ പൂര്‍ണമായും പിന്തുണക്കുന്നുമുണ്ട്.
അഭയാര്‍ഥി നയത്തിന്റെ പേരില്‍ ആജ്ഞല മെര്‍ക്കല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നും കടുത്ത സമ്മര്‍ദം നേരിട്ട് കൊണ്ടിരിക്കുകയാണ്.