Connect with us

National

എഴുത്തുകാര്‍ക്ക് പിന്നാലെ പ്രതിഷേധമുയര്‍ത്തി ശാസ്ത്രജ്ഞരും ചരിത്രകാരന്‍മാരും

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചതിന് പിന്നാലെ പ്രതിഷേധത്തില്‍ ശാസ്ത്രജ്ഞരും അക്കാദമിക ചരിത്രകാരന്‍മാരും പങ്കുചേരുന്നു. പ്രമുഖ ശാസ്ത്രജ്ഞനും സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജി സ്ഥാപകനും ഡയറക്ടറുമായ ഭാര്‍ഗവ പി എം ഭാര്‍ഗവന്‍ പദ്മഭൂഷണ്‍ പുരസ്‌കാരം തിരിച്ചേല്‍പ്പിക്കുന്നതായി പ്രഖ്യാപിച്ചു. എഴുത്തുകാരുടെയും കലാകാരന്‍മാരുടെയും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്ന് 107 മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാര്‍ രാഷ്ട്രപതിക്ക് ഓണ്‍ലൈന്‍ പരാതി ശേഖരണം നടത്തി മണിക്കൂറുകള്‍ക്കകമാണ് പി എം ഭാര്‍ഗവ പുരസ്‌കാരം തിരിച്ചേല്‍പ്പിക്കുന്നതായി പ്രഖ്യാപിച്ചത്. പ്രമുഖ ചരിത്രകാരി റോമിലാ ഥാപറിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ 53ല്‍ പരം വരുന്ന ചരിത്രകാരന്‍മാരും പുതിയ സംഭവ വികസങ്ങളുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
മതത്തിന്റെ പേരില്‍ രാജ്യത്തെ രണ്ടായി ഭാഗിക്കാന്‍ വര്‍ഗീയവാദികള്‍ക്ക് അവസരം നല്‍കുന്ന മോദി സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് പത്മഭൂഷണ്‍ തിരിച്ചേല്‍പ്പിക്കുന്നതെന്ന് ഭാര്‍ഗവ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒരു കലാകാരന് കലയിലൂടെ തന്റെ എതിരഭിപ്രായം പ്രകടിപ്പിക്കാം. എന്നാല്‍ ശാസ്ത്രജ്ഞനായ തനിക്ക് അങ്ങനെ കഴിയില്ലെന്നും അതിനാലാണ് പുരസ്‌കാരം തിരിച്ചേല്‍പ്പിച്ച് എഴുത്തുകാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവശാസ്ത്രജ്ഞരും രാജ്യത്തെ സംഭവവികാസങ്ങളില്‍ പ്രതിഷേധമറിയിക്കുമെന്ന് കരുതുന്നതായും ഭാര്‍ഗവ പ്രത്യാശ പ്രകടിപ്പിച്ചു.
മൂന്ന് എഴുത്തുകാരെ വര്‍ഗീയവാദികള്‍ കൊലപ്പെടുത്തിയ വാര്‍ത്ത തന്നെ നിരാശനാക്കി. ദിവസവും തീവ്രവാദികളുടെ അസഹിഷ്ണുതയോടെയുള്ള പ്രസ്താവനകളാണ് പുറത്ത് വരുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് ഇത്തരം സംഘടനകള്‍ക്ക് കൂടുതല്‍ ധൈര്യം ലഭിച്ചത്. മോദി ആര്‍ എസ് എസ് നേതാവാണ്. ആര്‍ എസ് എസിന്റെ രാഷ്ട്രീയ മുന്നണിയാണ് ബി ജെ പി. ഇത് തന്നെ അസ്വസ്ഥപ്പെടുത്തുന്നു വെന്നും ഭാര്‍ഗവ പറഞ്ഞു
അതിനിടെ, പ്രമുഖ ചരിത്രകാരി റോമിലാ ഥാപറിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ 53ലധികം വരുന്ന അക്കാദമിക ചരിത്രകാരന്‍മാരും പുതിയ സംഭവ വികസങ്ങളുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തി. ജെ എന്‍ യു, ഡല്‍ഹി, അലീഗഢ്, ഹൈദരാബാദ്, സര്‍വകലാശാലകളിലെ ചരിത്രകാരന്‍മാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വ്യത്യസ്ത അഭിപ്രായം പുലര്‍ത്തുന്നവര്‍ക്കെതിരെ ശാരീരിക അതിക്രമങ്ങളാണ് നടക്കുന്നതെന്ന് അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വ്യത്യസത വാദങ്ങള്‍ക്കെതിരെ മറുവാദങ്ങളല്ല, പകരം വെടിയുണ്ടകളാണ് പ്രയോഗിക്കുന്നതെന്നും അവര്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ അപകടകരമായ മൗനത്തിലും ചരിത്രകാരന്‍മാര്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാറും ഒരു നടപടിയും സ്വീകരിക്കാത്തതാണ് സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു വരുന്നതെന്ന് പ്രസ്താവന കുറ്റപ്പെടുത്തി. റോമിലാ ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ്, ബി ബി ചൗധരി, വൈ സുബ്ബരയാലു, കേരളത്തില്‍ നിന്നുള്ള എം ജി എസ് നാരായണന്‍, കെ എന്‍ പണിക്കര്‍, എം ആര്‍ രാഗവ വാര്യര്‍ തുടങ്ങിയ പ്രമുഖരായ 53 പേര്‍ ഒപ്പു വെച്ച പ്രസ്താവനയാണ് പുറത്തിറക്കിയത്.