കുമ്പസരിച്ചിട്ടെന്ത് കാര്യം?

Posted on: October 27, 2015 9:48 am | Last updated: October 27, 2015 at 9:48 am
SHARE

ഇറാഖ് അധിനിവേശത്തില്‍ ക്ഷമാപണം നടത്തിയിരിക്കുന്നു ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍. സദ്ദാം ഹുസൈന്റെ ഭരണത്തിലെ ഇറാഖിനെ സംബന്ധിച്ചു രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ തെറ്റായിരുന്നുവെന്നും അധിനിവേശം അനാവശ്യമായിരുന്നുവെന്നുമാണ് സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലെയര്‍ പറയുന്നത്. ഇറാഖില്‍ മാരകമായ ആയുധങ്ങളുടെ വന്‍ ശേഖരമുണ്ടെന്ന വിശ്വാസയോഗ്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഇറാഖ് അധിനിവേശത്തിന് അമേരിക്കയും ബ്രിട്ടനുമടങ്ങുന്ന പടിഞ്ഞാറന്‍ ശക്തികള്‍ മുന്നോട്ട് വെച്ച ന്യായീകരണം. ബ്രിട്ടീഷ് ഇന്റലിജന്‍സായിരുന്നുവത്രേ ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്.
പതിനായിരക്കണക്കിന് നിരപരാധികളുടെ മരണത്തിനും ഇറാഖിന്റെ സര്‍വോതോന്മുഖമായ തകര്‍ച്ചക്കും വഴിവെച്ച സംഭവമായിരുന്നു 2003ലെ ഇറാഖ് അധിനിവേശം. മേഖലയില്‍ അമേരിക്കന്‍ മേധാവിത്വം അരക്കിട്ടുറപ്പിക്കുകയും ഇറാഖിന്റെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം സ്വന്തമാക്കുകയുമായിരുന്നു ഇതിന് പിന്നിലെ യഥാര്‍ഥ ലക്ഷ്യം. ഇറാഖിന്റെ കൈവശമുള്ള മാരകമായ രാസായുധത്തില്‍ നിന്ന് അറബ് മേഖലയെ രക്ഷിക്കാനെന്ന സഖ്യകക്ഷികളുടെ പ്രചാരണം അധിനിവേശത്തിന് അറബ് രാജ്യങ്ങളുടെ പിന്തുണയും സഹായവും നേടിയെടുക്കാനുള്ള തന്ത്രം മാത്രമാണെന്ന് അന്നേ വ്യക്തമായതാണ്. ഇറാഖ് അരിച്ചുപെറുക്കിയിട്ടും അവിടെ സഖ്യ കക്ഷികള്‍ ആരോപിച്ച ആയുധ ശേഖരം കണ്ടെത്താനായില്ലെന്ന് ഇറാഖിലെ കൂട്ടനാശത്തിനുള്ള ആയുധങ്ങള്‍ തിരയാന്‍ നിയോഗിക്കപ്പെട്ട സംഘത്തിന്റെ തലവന്‍ ഡേവിഡ് കേക്ക് ആക്രമണത്തിന് തൊട്ട് മുമ്പ് വെളിപ്പെടുത്തിയിരുന്നു. മുസ്‌ലിം ലോകമാണ് പാശ്ചാത്യന്‍ ലോകത്തിന്റെ മുഖ്യശത്രു. ആശയപരമായി ഇസ്‌ലാമിനെ നേരിടാന്‍ കെല്‍പ്പില്ലാത്ത സയണിസവും ഓറിയന്റലിസവും എന്നും വക്രമായ മാര്‍ഗമാണ് ഇസ്‌ലാമിനെതിരെ പ്രയോഗിച്ചിരുന്നത്. അറബ് മേഖലയെ നിത്യസംഘര്‍ഷത്തിലേക്ക് തള്ളിവിടാനുള്ള അത്തരമൊരു ആസൂത്രിത നീക്കത്തിന്റെ ഭാഗം മാത്രമായിരുന്നു യഥാര്‍ഥത്തില്‍ ഇറാഖ് ആക്രമണവും അതിന്റെ മുന്നോടിയായി സദ്ദാം ഹുസൈനെതിരെ അഴിച്ചുവിട്ട പല ആരോപണങ്ങളും.
കുറ്റബോധമോ മനസ്താപമോ ആണ് ടോണി ബ്ലെയറുടെ ഇപ്പോഴത്തെ പ്രസ്താവനക്ക് പ്രേരകമെന്ന് വിശ്വസിക്കുക പ്രയാസം. ലണ്ടന്‍ ജനതയും സ്വന്തം കക്ഷിയായ ലേബര്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം നേതാക്കളും ഇറാഖ് അധിനിവേശത്തെ അനുകൂലിച്ചിരുന്നില്ല. പാര്‍ട്ടിയുടെ 74 ചെയര്‍മാന്മാരില്‍ 69 പേരും ആക്രമണത്തില്‍ അമേരിക്കയോട് സഹകരിക്കാനുള്ള ബ്ലെയറുടെ തീരുമാനത്തെ ശക്തമായി എതിര്‍ത്തിരുന്നു. അന്യായമായ ഈ നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ബ്ലെയറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സണ്‍ഡേ ടെലഗ്രാഫ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്‌കൈന്യൂസ് ചാനലിന് അനുവദിച്ച ഒരു അഭിമുഖത്തില്‍ ഇറാഖ് ആക്രമണം ആനമണ്ടത്തരമായിരുന്നുവെന്ന് ചാള്‍സ് രാജകുമാരനും അഭിപ്രായപ്പെട്ടിരുന്നു. ഇത് അനിവാര്യമാണെന്ന തരത്തിലുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. സ്വന്തം നേതൃത്വത്തിന്റെ പക്വമായ ഈ നിലപാടുകളെ പാടേ തള്ളിയും അവരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചുമാണ് ജോര്‍ജ് ബുഷും ബ്ലെയറും അധിനിവേശം നടത്തിയത്.
ഇറാഖ് അധിനിവേശാനന്തരം 22 വര്‍ഷം പിന്നിട്ടു. അധിനിവേശത്തിന്റെ ന്യായാന്യായങ്ങളും അതിന്റെ ഫലപ്രാപ്തിയും ഇക്കാലത്തിനിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. അറബ് മേഖലയില്‍ സമാധാനം ഉറപ്പ് വരുത്തുന്നതിന് പകരം മേഖല കൂടുതല്‍ കലുഷവും സംഘര്‍ഷ ഭരിതവുമായത് മാത്രമാണ് അതിന്റെ ഫലമെന്ന് ലോകത്തിന് ബോധ്യമായിക്കഴിഞ്ഞു. എന്നിട്ടും ഇക്കാലമത്രയും അധിനിവേശത്തെ ന്യായീകരിച്ച ബ്ലെയര്‍ക്ക് ഇപ്പോള്‍ ഇങ്ങനെ ക്ഷമാപണം നടത്താന്‍ തോന്നിയതിന് പിന്നില്‍ അടുത്തു തന്നെ പ്രസിദ്ധീകരിക്കാനിരിക്കുന്ന ജോണ്‍ ചിലോട്ട് സമിതി റിപ്പോര്‍ട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അധിനിവേശത്തില്‍ ബ്രിട്ടന്റെ പങ്ക് സംബന്ധിച്ചുള്ളതാണ് റിപ്പോര്‍ട്ട്. അധിനിവേശത്തിന് ബ്രിട്ടന്‍ ഉന്നയിച്ച ന്യായീകരണങ്ങളുടെ സാധുത, സൈനികര്‍ക്ക് യുദ്ധോപകരണങ്ങളും വെടിക്കോപ്പുകളും വിതരണ ചെയ്ത രീതി, അധിനിവേശത്തിന്റെ ഫലങ്ങള്‍, യുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍, അധിനിവേശത്തെ തുടര്‍ന്ന് ഇറാഖിലുണ്ടായ സ്ഥിതി വിശേഷങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാന്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണാണ് 2009ല്‍ അന്വേഷണത്തിനുത്തരവിട്ടത്. ഇതിനായി നിയോഗിക്കപ്പെട്ട ജോണ്‍ ചിലോട്ട് അധ്യക്ഷനായ സമിതി തെളിവെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെങ്കിലും പലവിധ കാരണങ്ങളാല്‍ അത് പുറത്തു വിടാന്‍ താമസിക്കുകയായിരുന്നു. ജോര്‍ജ് ബുഷും ടോണി ബ്ലെയറും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം പുറത്തു വിടണോ എന്ന തര്‍ക്കമാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നതിലെ കാലതാമസത്തിന് പ്രധാന കാരണം. റിപ്പോര്‍ട്ടില്‍ ബ്ലെയറിനും ബ്രിട്ടനിലെ രാഷ്ട്രീയ, സൈനിക നേതൃത്വങ്ങള്‍ക്കുമെതിരെ ഗുരുതരമായ പരാമര്‍ശങ്ങളുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴുണ്ടാകുന്ന ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു തന്ത്രമെന്ന നിലയില്‍ വേണം ബ്ലെയറുടെ ഇപ്പോഴത്തെ കുറ്റസമ്മതത്തെ കാണാന്‍.