അടിപിടി കൂടി സീറ്റ് കിട്ടിയപ്പോള്‍ സ്ഥാനാര്‍ഥികള്‍ക്കായി നെട്ടോട്ടം

Posted on: October 13, 2015 9:38 am | Last updated: October 13, 2015 at 9:38 am
SHARE

കോഴിക്കോട്: അടിപിടി കൂടി സീറ്റ് വാങ്ങിയപ്പോള്‍ സ്ഥാനാര്‍ഥികളെ കിട്ടാതെ പാര്‍ട്ടികള്‍ നെട്ടോട്ടമോടുന്നു. അമ്പത് ശതമാനം വനിതാ സംവരണവും പട്ടികജാതി പട്ടികവര്‍ഗ സംവരണവുമാണ് പാര്‍ട്ടി നേതൃത്വങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. ഇരു മുന്നണികളിലും സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത് കടുത്ത തര്‍ക്കത്തിനൊടുവിലാണ്.
കഴിഞ്ഞ തവണ മത്സരിച്ച വാര്‍ഡുകളെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണമായത്. യു ഡി എഫില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും ജനതാദള്‍ യുവും തമ്മിലാണ് പ്രധാനമായും ജില്ലയില്‍ തര്‍ക്കം. എല്‍ ഡി എഫിലാകട്ടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത് സി പി എമ്മും സി പി ഐയും ജനതാദളും ഐ എന്‍ എല്ലും തമ്മിലുള്ള അവകാശത്തര്‍ക്കങ്ങള്‍ക്കൊടുവിലായിരുന്നു. ഒടുവില്‍ പതിനെട്ട് അടവും പയറ്റി സീറ്റ് കയ്യില്‍ കിട്ടിയപ്പോള്‍ ആരെ സ്ഥാനാര്‍ഥിയാക്കുമെന്നാണ് പാര്‍ട്ടികളുടെ പ്രശ്‌നം. സംവരണ സീറ്റുകള്‍ എല്ലാ പാര്‍ട്ടികള്‍ക്കും കിട്ടിയിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ സീറ്റുകള്‍ ലഭിച്ച ചെറു പാര്‍ട്ടികളാണ് വല്ലാതെ കുഴങ്ങിയത്. പാര്‍ട്ടിക്കാരല്ലാത്തവരെ പോലും സ്ഥാനാര്‍ഥികളാക്കേണ്ട അവസ്ഥയിലാണ് പല പാര്‍ട്ടികളും.
അതോടെ പൊതു സമ്മതരായവര്‍ക്ക് പ്രിയം വര്‍ധിച്ചിട്ടുണ്ട്. അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സിനിമക്കാര്‍, സഹകരണ ജിവനക്കാര്‍ തുടങ്ങി രാഷ്ട്രീയം ഉള്ളവരെയും തീരെ ഇല്ലാത്തവരെയും തേടി പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തുന്നുണ്ട്. ഇങ്ങിനെയൊക്കെയാണെങ്കിലും പാര്‍ട്ടികളുടെ സജീവ പ്രവര്‍ത്തകര്‍ക്ക് മത്സരിക്കാന്‍ സീറ്റില്ലാത്ത അവസ്ഥയുമുണ്ട്. പ്രസ്തുത വാര്‍ഡുകള്‍ സംവരണമായതാണ് ഇതിന് കാരണം.
പുരുഷന്മാരായ പ്രവര്‍ത്തകര്‍ക്ക് മത്സരിക്കാവുന്ന വാര്‍ഡുകള്‍ സ്ത്രീ വാര്‍ഡുകളും മഹിളാ നേതാക്കന്മാരുടെ വാര്‍ഡുകള്‍ ജനറല്‍ വാര്‍ഡുകളുമായി മാറിയിട്ടുണ്ട്. പട്ടിക ജാതി, വര്‍ഗ സംവരണ വാര്‍ഡുകള്‍ ഇരുമുന്നണികളെയും കുഴക്കുന്നത് കുറച്ചൊന്നുമല്ല. ഈ വിഭാഗത്തില്‍ പെട്ട കഴിവുള്ളവരെ തേടി രാഷ്ട്രിയ വ്യത്യാസമന്യേ പാര്‍ട്ടി നേതൃത്വം എത്തുന്നുണ്ട്.