ഡ്രൈവര്‍മാരെ സദാ നിരീക്ഷിക്കാന്‍ ബസുകളില്‍ ഇലക്‌ട്രോണിക് സംവിധാനം

Posted on: October 8, 2015 8:31 pm | Last updated: October 8, 2015 at 8:31 pm
SHARE

rta machineദുബൈ: ബസ് ഡ്രൈവര്‍മാരുടെ ആരോഗ്യസ്ഥിതിയും കാര്യശേഷിയും നിരീക്ഷിക്കാന്‍ യാത്രക്കിടയില്‍ പരിശോധന നടത്തുന്ന സംവിധാനം ഏര്‍പെടുത്തുമെന്ന് ആര്‍ ടി എ, സി ഇ ഒ ഡോ.യൂസുഫല്‍ അലി അറിയിച്ചു.
ദുബൈക്കകത്തും ഇന്റര്‍സിറ്റിയിലും ബസ് ഓടിക്കുന്നവര്‍ക്ക് ക്ഷീണം വരുന്നുണ്ടോ എന്നും മറ്റും അറിയാനാണ് ഈ സംവിധാനം. ഡ്രൈവര്‍മാര്‍ക്ക് ക്ഷീണമുണ്ടാകുമ്പോള്‍ അപകടത്തിന് സാധ്യതയുണ്ട്. മാത്രമല്ല ബസ് ഓടിക്കുന്നതിന് തൊട്ടുമുമ്പ് അവരുടെ ഭക്ഷണശീലവും മനസ്സിലാക്കേണ്ടതുണ്ട്. ദുബൈയുടെ സ്മാര്‍ട്‌സിറ്റി ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ പരിശോധന. ബസ് ഡ്രൈവറുടെ മുന്‍വശം ഒരു നിരീക്ഷണ ഉപകരണം ഘടിപ്പിച്ചാണ് ഇത് സാധ്യമാക്കുക. ഈ നിരീക്ഷണ ഉപകരണം ആര്‍ ടി എയുടെ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും. ഡ്രൈവര്‍മാര്‍ ഉറക്കം തൂങ്ങുകയാണെങ്കില്‍ ഉടന്‍ തന്നെ മുന്നറിയിപ്പ് നല്‍കും. മാത്രമല്ല അമിതവേഗത്തിലും അപകടകരമായും ബസ് ഓടിക്കുന്നതും നിരീക്ഷിക്കാന്‍ കഴിയും. ബ്രേക്ക് ഉപയോഗിക്കുന്നതും പെട്ടെന്ന് ബസ് വെട്ടിമാറ്റുന്നതും ബസ് ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും നിരീക്ഷണവിധേയമാക്കും.
ആര്‍ ടി എക്ക് മൂന്ന് തരം ബസുകളാണുള്ളത്. സ്റ്റാന്‍ഡേര്‍ഡ്, ആര്‍ട്ടികുലേറ്റഡ്, ഡബിള്‍ഡക്ക് ബസുകളാണവ. പരീക്ഷണാര്‍ഥം ഉപകരണം ഉപയോഗിച്ചുനോക്കി. 1,500 ബസുകള്‍ക്കായി 3,000ത്തിലധികം ഡ്രൈവര്‍മാരാണുള്ളതെന്നും അലി വ്യക്തമാക്കി.