ഒരാഴ്ചക്കിടെ ആപ്പിള്‍ വിറ്റത് 1.3 കോടി ഐ ഫോണുകള്‍

Posted on: September 29, 2015 8:11 pm | Last updated: September 29, 2015 at 8:11 pm
SHARE

appleദുബൈ: ഏഴ് ദിവസം കൊണ്ട് ആപ്പിള്‍ ലോകവ്യാപകമായി വിറ്റഴിച്ച ഐ ഫോണ്‍ 6 എസ്, ഐ ഫോണ്‍ 6 എസ് പ്ലസ് സ്മാര്‍ട്‌ഫോണുകളുടെ എണ്ണം 1.3 കോടി വരുമെന്ന് കമ്പനി അധികൃതര്‍ വെളിപ്പെടുത്തി.

ഐ ഫോണിന്റെ പുതിയ രണ്ട് മോഡലുകള്‍ വിപണിയിലിറക്കിയ ആദ്യ ആഴ്ചയിലാണ് കമ്പനിയുടെ തന്നെ സര്‍വകാല റെക്കോര്‍ഡ് വില്‍പന നടന്നത്. ഐ ഫോണ്‍ 6, ഐ ഫോണ്‍ 6 പ്ലസ് ഫോണുകള്‍ വിപണിയിലിറക്കിയ കഴിഞ്ഞ വര്‍ഷം ഒറ്റയാഴ്ചയില്‍ നടന്ന വില്‍പനയായ ഒരു കോടിയെന്ന റെക്കോര്‍ഡിനെയാണ് മറികടന്നിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ഐ ഫോണ്‍ 6 പ്ലസ്, 6 എസ് പ്ലസ് ഫോണുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് വിപണിയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി. പുതിയ ഫോണുകളിലെ സൗകര്യങ്ങള്‍ വന്‍തോതില്‍ സ്വീകരിക്കപ്പെട്ടു. ആപ്പിള്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടിം കോക്ക് പറഞ്ഞു. അതുകൊണ്ട് ചരിത്രത്തില്‍ സ്മാര്‍ട്‌ഫോണിനെന്നല്ല ഒരു ഇലക്‌ട്രോണിക് ഉത്പന്നത്തിനും സാധിക്കാത്ത വില്‍പനാ റെക്കോര്‍ഡാണ് കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആപ്പിളിന്റെ പുതിയ ഫോണിന്റെ രൂപകല്‍പന നടന്നു വരുന്നതായും വൈകാതെ വിപണിയിലെത്തിക്കുമെന്നും ടിം കോക്ക് അറിയിച്ചു. ലോകത്ത് 40 രാജ്യങ്ങളില്‍ പുതിയ ഐ ഫോണുകള്‍ വൈകാതെ ലഭ്യമാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.