ടോട്ടനം സിറ്റിയെ മുക്കി

Posted on: September 27, 2015 12:11 am | Last updated: October 3, 2015 at 12:23 am

tot vs mancലണ്ടന്‍: സ്പാനിഷ് ലാ ലിഗയില്‍ കഴിഞ്ഞ ദിവസം ബാഴ്‌സലോണക്ക് സംഭവിച്ചത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും സംഭവിച്ചു. ലീഗിലെ വമ്പന്മാരായ സിറ്റിയെ ടോട്ടനം ഹോസ്പര്‍ അട്ടിമറിച്ചു. അതും ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്. സ്പാനിഷ് ലീഗില്‍ കഴിഞ്ഞ ദിവസം കരുത്തരായ ബാഴ്‌സലോണ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ദുര്‍ബലരായ സെല്‍റ്റ ഡി വീഗോയില്‍ നിന്ന് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. അതിന്റെ മറ്റൊരു പതിപ്പായി സിറ്റിയുടെ തോല്‍വി.
മറ്റ് മത്സരങ്ങളില്‍ ആഴ്‌സണല്‍ ലീസ്റ്റര്‍ സിറ്റിയെ (5-2)യും ലിവര്‍പൂള്‍ ആസ്റ്റണ്‍ വില്ലയെ (3-2)യെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സണ്ടര്‍ ലാന്‍ഡിനെയും (3-0) തോല്‍പ്പിച്ചു. സൗതാംപ്ടണ്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ഷാന്‍സി സിറ്റിയെയും സ്റ്റോക്ക് സിറ്റി ഒന്നിനെതിരെ രണ്ട് ഗോളിന് ബോണ്‍മൗത്തിനെയും പരാജയപ്പെടുത്തി. വെസ്റ്റ് ഹാം- നാര്‍വിച് സിറ്റി മത്സരം 2-2ന് സമനിലയില്‍ കലാശിച്ചു. അലക്‌സി സാഞ്ചസിന്റെ ഹാട്രിക്ക് മികവിലാണ് ആഴ്‌സണല്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. 33, 57, 81 മിനുട്ടുകളിലായിരുന്നു സാഞ്ചസിന്റെ ഗോളുകള്‍. വാല്‍ക്കോട്ട്, ജിറൗദ് എന്നിവര്‍ ഗണ്ണേഴ്‌സിനായി അവശേഷിക്കുന്ന ഗോളുകള്‍ നേടി. വാര്‍ഡിയാണ് ലീസ്റ്ററിന്റെ ഇരു ഗോളുകളും നേടിയത്. ലിവര്‍പൂളിനായി സ്റ്ററിഡ്ജ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മില്‍നര്‍ ഒരു ഗോളടിച്ചു. ഡെപ്പെ റൂണി, മാട്ട എന്നിവരാണ് യുനൈറ്റഡിനായി വല ചലിപ്പിച്ചത്.
ലീഗില്‍ സിറ്റിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് പിണഞ്ഞത്. ടോട്ടനത്തിനായി എറിക് ദിയര്‍, ടോബി ആല്‍ഡര്‍വീല്‍ഡ്, ഹാരി കെയ്ന്‍, എറിക് ലമേല എന്നിവര്‍ ഗോളുകള്‍ നേടി. കെവിന്‍ ഡി ബ്രുയണിന്റെ വകയായിരുന്നു സിറ്റിയുടെ ആശ്വാസ ഗോള്‍. ലീഗില്‍ തോല്‍വിയറിയാതെ കുതിച്ചിരുന്ന സിറ്റിക്ക് വെസ്റ്റ് ഹാമിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തോടെയാണ് അടിതെറ്റിത്തുടങ്ങിയത്. അന്ന് ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍വിയേറ്റുവാങ്ങേണ്ടിവന്നിരുന്നു സിറ്റിക്ക്. മത്സരത്തിന്റെ 25ാം മിനുട്ടില്‍ ബ്രുയണിലൂടെ സിറ്റിയാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 45ാം മിനുട്ടില്‍ ദിയറിന്റെ ഗോളിലൂടെ ടോട്ടനം സമനില പിടിച്ചു. രണ്ടാം പകുതി തുടങ്ങി അഞ്ചാം മിനുട്ടില്‍ ആല്‍ഡര്‍വീല്‍ഡിന്റെ ഹെഡ്ഡര്‍ ഗോളിലൂടെ സിറ്റി ലീഡ് നേടി. പിന്നെ 61ാം മിനുട്ടില്‍ കെയ്‌നും 79ാം മിനുട്ടില്‍ ലമേലയും സിറ്റിയെ വന്‍ തോല്‍വിയിലേക്ക് തള്ളിവിട്ടു. ഏഴ് കളികളില്‍ നിന്ന് അഞ്ച് ജയം നേടി 16 പോയിന്റുമായി യുനൈറ്റഡ് പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. 15 പോയിന്റുള്ള സിറ്റിയാണ് രണ്ടാമത്.
ബയേണ്‍ കുതിക്കുന്നു
ബെര്‍ലിന്‍: ജര്‍മന്‍ ബുണ്ടസ്‌ലിഗയില്‍ ബയേണ്‍ മ്യൂണിക്ക് വിജയക്കുതിപ്പ് തുടരുന്നു. ബയേണിന്റെ തുടര്‍ച്ചയായ ഏഴാം വിജയമാണിത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മെയിന്‍സിനെയാണ് ബയേണ്‍ തോല്‍പ്പിച്ചത്. മറ്റ് മത്സരങ്ങളില്‍ ബൊറൂസിയ മെഗ്‌ലാബാച്ച് ഒന്നിനെതിരെ മൂന്ന് ഗോളിന് സ്റ്റുട്ട്ഗാര്‍ട്ടിനെയും ബയര്‍ ലവര്‍കുസന്‍ 3-0ത്തിന് ബെര്‍ഡര്‍ബ്രമനെയും തോല്‍പ്പിച്ചു. ഹോഫന്‍ഹേം ഹോസ്ബര്‍ഗിനെ 3-1ന് പരാജയപ്പെടുത്തി. കഴിഞ്ഞ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ കനത്ത തോല്‍വി ഏറ്റുവാങ്ങിയ വോള്‍സ്ബര്‍ഗ് ഹാനോവറുമായി 1-1ന് സമനില വഴങ്ങി. വോള്‍സ്ബര്‍ഗിനെതിരെ അഞ്ച് ഗോളുകള്‍ നേടി റെക്കോര്‍ഡിട്ട പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കി തന്നെയാണ് മെയിന്‍സിനെതിരായ മത്സരത്തിലും ബയേണിന്റെ വിജയ ശില്‍പ്പി. ലെവന്‍ഡോസ്‌കി ഈ മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി. 51,63 മിനുട്ടുകളിലായിരുന്നു ലെവന്‍ഡോക്‌സിയുടെ ഗോളുകള്‍. 68ാം മിനുട്ടുല്‍ കൊമന്‍ മൂന്നാമത്തെ ഗോളും സ്വന്തമാക്കി. ബുണ്ടസ് ലിഗയില്‍ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബയേണ്‍ എല്ലാ കളിയും ജയിച്ച് 21 പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ പതിനാറ് പോയിന്റുള്ള ബൊറൂസിയ ഡോട്മുണ്ട് രണ്ടാം സ്ഥാനത്തുണ്ട്. ആറ് കളികളില്‍ നിന്ന് 13 പോയിന്റോടെ ഷാല്‍ക്കെയാണ് മൂന്നാമത്.

messi

ബാഴ്‌സക്ക് ജയം; മെസിക്ക് പരുക്ക്
മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണക്ക് ജയം. ലൂയി സുവാരസിന്റെ ഇരട്ടഗോള്‍ മികവില്‍ ദുര്‍ബലരായ ലാസ് പല്‍മാസിനെയാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. 25, 54 മിനുട്ടുകളിലായിരുന്നു സുവാരസിന്റെ ഗോളുകള്‍. വീര റാമോസാണ് പല്‍മാസിന്റെ ഏക ഗോളിനുടമ. കഴിഞ്ഞ മത്സരത്തില്‍ സെല്‍റ്റ ഡി വീഗോയില്‍ നിന്ന് 4-1ന്റെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ ബാഴ്‌സ പല്‍മാസിനെതിരെ വന്‍ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങിയത്. എന്നാല്‍ ചാമ്പ്യന്‍മാര്‍ക്കെതിരെ മികച്ച പ്രകടനമാണ് പാല്‍മസ് പുറത്തെടുത്തത്. മത്സരത്തിനിടെ ഇടംകാലിന് പരുക്കേറ്റ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് എട്ട് ആഴ്ചയോളം കളിക്കാന്‍ കഴിയില്ലെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു. പത്ത് മിനുട്ട് മാത്രമാണ് മെസിക്ക് കളിക്കാന്‍ കഴിഞ്ഞത്. മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് മലാഗയ്‌ക്കെതിരെ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.