പാക്കിസ്ഥാന്‍ നടത്തുന്നത് നിഴല്‍യുദ്ധം: ആഭ്യന്തര മന്ത്രി

Posted on: September 26, 2015 11:52 pm | Last updated: September 26, 2015 at 11:52 pm

ലക്‌നോ: തീവ്രവാദത്തെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ നടത്തുന്നത് നിഴല്‍യുദ്ധമാണെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യന്‍ സുരക്ഷാ സാഹചര്യങ്ങള്‍ വിഷയമാക്കി ഹിന്ദുസ്ഥാന്‍ മീഡിയ വെഞ്ച്വേഴ്‌സ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്. ഇന്ത്യ- പാക്കിസ്ഥാന്‍, ഇന്ത്യ -ചൈന അതിര്‍ത്തികളെ അതിവൈകാരികമായ അതിര്‍ത്തികളെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇത് കണക്കിലെടുത്ത് സുരക്ഷാ സജ്ജീകരണങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പറഞ്ഞു. പാക്കിസ്ഥാന്‍ തുടര്‍ച്ചയായി അതിര്‍ത്തികളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്നും ഇതിന് തക്കതായ മറുപടി ഇന്ത്യ നല്‍കുന്നുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളെടുത്തതിനാല്‍ 2014 മുതല്‍ നുഴഞ്ഞുകയറ്റത്തിനിടെ 130 തീവ്രവാദികളെ വധിക്കാനായെന്നും 2012, 2013 വര്‍ഷങ്ങളെ അപേക്ഷിച്ച് 2014 മുതല്‍ ഇതുവരെയുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങളില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും നേപ്പാള്‍ ഭൂട്ടാന്‍ അതിര്‍ത്തികള്‍ ശാന്തമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.