മൂന്നാറിലെ വളയലുകള്‍

Posted on: September 23, 2015 10:52 am | Last updated: September 23, 2015 at 10:52 am

മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ നിന്നുണ്ടായ അഭൂതപൂര്‍വമായ സ്ത്രീ തൊഴിലാളി മുന്നേറ്റം, നമ്മില്‍ പലരുടെയും കാഴ്ചപ്പാടുകളുടെ സമനില തന്നെ തെറ്റിച്ച മട്ടാണ്. അവിടെ നട ന്നതെന്താണെന്നതിന്റെ നിമിഷങ്ങള്‍ തോറുമുള്ള റണ്ണിംഗ് കമന്ററികള്‍ പത്രങ്ങളിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും നാം ഏറെ വായിച്ചും കണ്ടും കഴിഞ്ഞു. അതിവിടെ ആവര്‍ത്തിക്കാനുദ്ദേശിക്കുന്നില്ല. മൂന്നാര്‍, കേരള ചരിത്രത്തെ രാഷ്ട്രീയമായും സാംസ്‌കാരികമായും ലിംഗപരമായും സാമുദായികമായും വംശീയമായും വര്‍ഗപരമായും ഭാഷാപരമായും മാധ്യമപരമായും സംഘടനാപരമായും സ്ഥലപരമായും എങ്ങനെയൊക്കെ ബാധിക്കുന്നു എന്നാലോചിച്ചു തുടങ്ങാനാണ് ഈ കുറിപ്പ്. പെമ്പിളൈ ഒരുമൈ എന്ന പേരില്‍ ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികള്‍, അവര്‍ തന്നെ അംഗങ്ങളായ തൊഴിലാളി സംഘടനകളുടെ ആണ്‍ നേതൃത്വങ്ങളെ വക വെക്കാതെ നടത്തിയ മുന്നേറ്റമാണ് ആദ്യഘട്ടത്തില്‍ അവഗണിച്ചുവെങ്കിലും മാധ്യമങ്ങളുടെ പതിവു ശൈലിയില്‍ പിന്നീട് കൊണ്ടാടപ്പെടുകയും വിജയപ്രതീതിയിലേക്ക് നയിക്കപ്പെടുകയും ചെയ്തത്.
ഒന്നാമതായി, ഈ സമരം മാനേജ്‌മെന്റിന്റെ അതി നിഷ്ഠൂരമായ ചൂഷണത്തിനും മുതലെടുപ്പിനും വിവേചനത്തിനും ആധിപത്യത്തിനുമെതിരായിരുന്നു. അടിമത്തത്തില്‍ നിന്നുള്ള മോചനം ആരംഭിക്കുന്നത്, അടിമ അവളുടെ അവസ്ഥ തിരിച്ചറിയു ന്നതോടെയാണെന്നത് നൂറ്റാണ്ടുകളായി നാം കാണുതും ബോധ്യപ്പെടുന്നതുമായ യാഥാര്‍ഥ്യമാണ്. അതാണ് മൂന്നാറില്‍ ആരംഭിച്ചിരിക്കു ന്നത്. തദ്ദേശീയ നാടുവാഴിത്തവും രാജവാഴ്ചയുമായി സന്ധി ചെയ്തിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചയുടെ കാലത്തെ ഭരണമുറകളും കീഴ്‌വഴക്കങ്ങളും മേലാള-അടിയാള ബന്ധങ്ങളുമാണ് കണ്ണന്‍ ദേവന്‍ അടക്കമുള്ള കേരളത്തിലെയും ഇന്ത്യയിലെയും വന്‍കിട തോട്ടങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. ഭൂപരിഷ്‌കരണത്തിന്റെയും ഭാഷാ സംസ്ഥാന രൂപവത്കരണത്തിന്റെയും അധികാരവികേന്ദ്രീകരണത്തിന്റെയും സാക്ഷരത അടക്കമുള്ള സ്ത്രീ ശാക്തീകരണത്തിന്റെയും അച്ചടി-ഇലക്‌ട്രോണിക്-നവ മാധ്യമ വിസ്‌ഫോടനങ്ങളുടെയും ആരോഗ്യ-ഗതാഗത-വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങളുടെയും ഗുണഫലങ്ങള്‍ എത്തിയിട്ടില്ലാത്ത തോട്ടം മേഖലയെ; പത്തൊമ്പതാം നൂറ്റാണ്ടിന്റെ ജീവിക്കുന്ന കാഴ്ചബംഗ്ലാവുകളും മനുഷ്യ-മൃഗശാലകളുമായി വേണം വിശേഷിപ്പിക്കാന്‍. സായിപ്പില്‍ നിന്ന് സ്വതന്ത്ര ഇന്ത്യ രൂപപ്പെടുന്നതിനു മുമ്പു തന്നെ ശക്തിപ്പെട്ട ടാറ്റ പോലുള്ള വന്‍കിട ബൂര്‍ഷ്വാസിയിലേക്ക് കണ്ണന്‍ ദേവന്റെ ഉടമസ്ഥത കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. രാജഭരണം, ബ്രിട്ടീഷ് സാമ്രാജ്യത്വം, ദേശ രാഷ്ട്രങ്ങളുടെ രൂപവത്കരണം ലോകമെമ്പാടും സാധ്യമായ ആദ്യകാല സ്വതന്ത്ര ഇന്ത്യ, ദേശ രാഷ്ട്രങ്ങളുടെ പരമാധികാരം അപ്രസക്തമായിക്കൊണ്ടിരിക്കുന്ന നവലിബറല്‍ കാലഘട്ടത്തിലെ കോര്‍പറേറ്റ്, ആഗോളവത്കരണം എന്നീ ഘട്ടങ്ങളിലൊക്കെയും ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്ന ഒന്നായിരുന്നു കണ്ണന്‍ ദേവന്‍ മാനേജ്‌മെന്റ് എന്നത് ശ്രദ്ധേയമാണ്. ഓഹരി, തൊഴിലാളികളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു എന്നുള്ള പ്രതീതി സാമ്പത്തിക വ്യവസ്ഥ വരെ അവിടെ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, എല്ലാകാലത്തും പീഡനാത്മകമായ മര്‍ദനാധികാരത്തിലൂടെ തൊഴിലാളികളെ അവരുടെ അധമത്വത്തിലും വിഷമവൃത്തത്തിലും നിലനിര്‍ത്തിപ്പോരുന്നതില്‍ മാനേജ്‌മെന്റ് വിജയം കണ്ടുപോന്നു. മാറിമറിയുമ്പോഴും മുതലാളിത്തത്തിന്റെ മുഖം മൂടിയും അന്തസ്സത്തയും മര്‍ദനോപാധിയുമായി വര്‍ത്തിക്കാന്‍ കെല്‍പ്പുള്ള മാനേജ്‌മെന്റ് എന്ന സംവിധാനത്തിന്റെ ജനവിരുദ്ധതയും ചരിത്രവിരുദ്ധതയും സംസ്‌കാരവിരുദ്ധതയുമാണ് മൂന്നാറില്‍ ഒന്നാമതായി തുറന്നുകാ ട്ടപ്പെട്ടത്.
രണ്ടാമതായി, ജനാധിപത്യം എന്ന് സാങ്കേതികമായും ഭരണഘടനാപരമായും സ്ഥാപിക്കപ്പെട്ടിട്ടുള്ള ഇന്ത്യന്‍ റിപ്പബ്ലിക്കിലെയും കേരള സംസ്ഥാനത്തിലെയും മൂന്നാര്‍ പോലുള്ള പഞ്ചായത്തുകളിലെയും ഭരണകൂടങ്ങളെ മുതലാളിത്ത ശക്തികേന്ദ്രങ്ങള്‍ എത്രമാത്രം നിസ്സാരമായിട്ടാണ് പരിഗണിക്കുന്നതെന്നും, ആ പരിഗണനയില്‍ തൃപ്തിപ്പെട്ടുകൊണ്ട് ഒരേസമയം അതിന് കീഴ് വഴങ്ങിക്കൊടുക്കുകയും അതോടൊപ്പം, പോലീസും കോടതിയുമടക്കമുള്ള ഭരണകൂടത്തിന്റെ നിയമാധികാരവ്യവസ്ഥകളെ അതേ മുതലാളിത്ത മേലാളത്തത്തിന്റെ വിടുപണിക്കായി നിരന്തരം വിട്ടുകൊടുക്കുകയും ചെയ്യുന്ന രീതിക്കെതിരായ സമരം കൂടിയായിരുന്നു മൂന്നാറില്‍ രൂപപ്പെട്ടത്. സമരവിജയത്തിനും ഒത്തുതീര്‍പ്പുകള്‍ക്കും വൈറലായിതീര്‍ന്ന മുഖ്യമന്ത്രി സ്വീകരിച്ച സമരനേതാവിന്റെ മുത്തത്തിന്റെ ദൃശ്യ ഇമേജറിക്കും ശേഷം; രണ്ട് സു(കു)പ്രധാന തീരുമാനങ്ങളാണ് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുത്. ഒന്ന്, തോട്ടം മേഖലയിലെ ഉടമസ്ഥതയിലെ പത്ത് ശതമാനത്തിന്റെ അഞ്ച് ശതമാനം വിനോദസഞ്ചാരത്തിനായി ഉപയോഗിക്കാമെന്ന ഭൂപരിഷ്‌കരണ നിയമ ഭേദഗതിയുടെ പൊടുന്നനെയുള്ള പ്രഖ്യാപനമായിരുന്നു. ഈ അവസരം ദുരുപയോഗപ്പെടുത്തിക്കൊണ്ട് തോട്ടം മുതലാളിമാരുടെ തെറ്റായ ആവശ്യം നടപ്പിലാക്കിക്കൊടുക്കുതിലാണ് സര്‍ക്കാറിന് ശ്രദ്ധ എന്നാണല്ലോ ഇത് കാണിക്കുന്നത്. രണ്ടാമതായി, അഞ്ഞൂറ് രൂപ ദിവസക്കൂലിയൊന്നും അങ്ങനെ എളുപ്പത്തില്‍ നടപ്പിലാക്കാനാവില്ല എന്ന തൊഴില്‍ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ധാര്‍ഷ്ട്യം കലര്‍ന്ന പ്രഖ്യാപനങ്ങളാണ്. ഇരുപത് ശതമാനം ബോണസ് എന്ന ആവശ്യത്തെ ബോണസും എക്‌സ്‌ഗ്രേഷ്യയുമാക്കി പിരിച്ച്, സാങ്കേതികമായും നിയമപരമായും തൊഴിലാളികളെ തോല്‍പ്പിച്ചതിനു തൊട്ടു പുറകെയാണ് കൂലിക്കാര്യത്തിലും അവരെ അവഹേളിച്ചിരിക്കുന്നത് എന്നതാണ് അപമാനകരമായ യാഥാര്‍ഥ്യം. മുതലാളിത്ത ഭരണവ്യവസ്ഥയിലെ ഭരണകൂടങ്ങള്‍ എന്ത് വര്‍ഗതാത്പര്യമാണ് താത്കാലിക ഘട്ടങ്ങളിലും ദീര്‍ഘകാലത്തും സംരക്ഷിച്ചുകൊണ്ടേയിരിക്കുക എന്ന സ്ഥിരയാഥാര്‍ഥ്യം കൂടി മൂന്നാറില്‍ തുറന്നുകാട്ടപ്പെട്ടുവെങ്കിലും അതും നമുക്ക് ബോധ്യപ്പെടാനായില്ല.
കണ്ണന്‍ ദേവന്‍ തോട്ടങ്ങളില്‍ പ്രവര്‍ത്തിച്ചുപോന്നിരുന്ന വ്യവസ്ഥാപിത തൊഴിലാളി സംഘടനാ നേതൃത്വവും എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികളും വലിയ തോതില്‍ മൂന്നാറില്‍ ചോദ്യം ചെയ്യപ്പെട്ടു എന്ന യാഥാര്‍ഥ്യത്തെയും മറച്ചുവെക്കാനാഗ്രഹിക്കുന്നില്ല. തൊഴിലാളികളെ വഞ്ചിച്ചു വരുന്ന വരും മുതലാളിമാരുടെ ദല്ലാളന്മാരായിത്തീരുകയും ചെയ്തവരാണ് നിലവിലുള്ള ട്രേഡ് യൂനിയനുകള്‍ എന്നാണ് പുതിയ വരേണ്യവര്‍ഗം എന്ന മാതൃഭൂമി ലേഖനത്തില്‍, കെ വേണു വിലയിരുത്തുന്നത്. കാള്‍ കോട്‌സ്‌കിയും വി ഐ ലെനിനും ട്രോട്‌സ്‌കിയുമടക്കമുള്ള മാര്‍ക്‌സിസ്റ്റുകള്‍ പ്രയോഗിച്ച ലേബര്‍ അരിസ്റ്റോക്രസി (തൊഴിലാളി വരേണ്യത) എന്ന വിശേഷണം; വികസിത/അവികസിത രാഷ്ട്രങ്ങളിലെ തൊഴിലാളി നിലമകള്‍ തമ്മിലുള്ള വൈരുധ്യങ്ങളെ അഭിമുഖീകരിക്കാനാണ് ഉപയോഗിക്കാറുള്ളതെങ്കിലും നേതൃത്വവും അണികളും തമ്മില്‍ രൂപപ്പെടുന്ന അകല്‍ച്ചകളുടെ ഇത്തരം അവസരങ്ങളിലും പ്രയോഗിക്കാവുന്നതാണെന്ന് കെ ഇ എന്‍ സ്വകാര്യ സംഭാഷണത്തില്‍ പറയുകയുണ്ടായി. തൊഴിലാളികളെ എലത്തട്ട വെട്ടി അടിച്ച് പീഡിപ്പിച്ചിരുന്ന കങ്കാണിമാരെയും തോട്ടമുടമകളെയും ഒന്ന് രണ്ട് മൂന്ന് എന്നെണ്ണി തിരിച്ചടിച്ചത് തൊഴിലാളി സംഘടനകളാണ് എന്നും സി പി എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്റെ നെറ്റിയിലെ മുറിപ്പാട് ആ കാലത്തിന്റെ അടയാളമാണെന്നും മൂന്നാറിലെ സ്ഥിതിവിശേഷങ്ങള്‍ നേരിട്ടറിയാവുന്ന മാതൃഭൂമി ന്യൂസ് ചാനലിലെ ന്യൂസ് എഡിറ്റര്‍ ഹര്‍ഷന്‍ ടി എം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചത് ആയിരക്കണക്കിന് ആളുകള്‍ അറിഞ്ഞു കഴിഞ്ഞ വസ്തുതയാണ്. കാര്യങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ആരംഭിക്കുന്നതും അന്നത്തെ അന്തിചായുമ്പോള്‍ അവസാനിക്കുന്നതുമല്ലെന്നര്‍ഥം. ട്രേഡ് യൂനിയനുകള്‍ മൂന്നാറിലും പുറത്തും ആഴത്തിലുള്ള ആത്മവിചാരണക്കും പ്രവര്‍ത്തനരീതികളിലെ പുന:പരിശോധനക്കും വിധേയമാകേണ്ടിയിരിക്കുന്നു എന്ന തിരിച്ചറിവ് തീര്‍ച്ചയായും ഈ സമരം നല്‍കുന്നുണ്ട്. അതിനെ സത്യസന്ധമായും ആത്മാര്‍ഥമായും അഭിമുഖീകരിക്കുകയും സംഘടിത/അസംഘടിത മേഖലകളിലെ പ്രവര്‍ത്തനം പുന:സംഘടിപ്പിക്കുകയും ചെയ്യുന്നതിലേക്ക് ട്രേഡ് യൂനിയനുകളെ പ്രേരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതായത്, മൂന്നാര്‍ ട്രേഡ് യൂനിയനുകളെ അപ്രസക്തമാക്കുകയല്ല ചെയ്യുന്നത്,മറിച്ച് കൂടുതല്‍ പ്രസക്തമാക്കുകയാണ്. ഈ തിരിച്ചറിവ്, കൊടുമ്പിരിക്കൊണ്ട എല്ലാ മാധ്യമ പ്രചാരണങ്ങള്‍ക്കും വിചാരണകള്‍ക്കും ശേഷം സ്വയം ബോധ്യപ്പെടാനും ഉയര്‍ത്തിപ്പിടിക്കാനും ട്രേഡ് യൂനിയനുകള്‍ക്ക് കഴിയേണ്ടതുണ്ട്.
എം എല്‍ എ അടക്കമുള്ള വ്യവസ്ഥാപിത നേതൃത്വം ചോദ്യം ചെയ്യപ്പെട്ടു എന്നതിനാലാണ്, മൂന്നാര്‍ സമരത്തിന് മാധ്യമങ്ങളുടെ വര്‍ധിച്ച പിന്തുണ കിട്ടിയത് എന്നത് നിസ്തര്‍ക്കമാണ്. സെപ്തംബര്‍ രണ്ടിന്റെ ദേശീയ പണിമുടക്കിനും ആലപ്പുഴയിലെ കയര്‍ തൊഴിലാളി സമരത്തിനും മറ്റനവധി സമരങ്ങള്‍ക്കും കിട്ടാതിരുന്നതും കിട്ടുമ്പോള്‍ തന്നെ അപലപിക്കപ്പെടുന്നതുമായ മാധ്യമശ്രദ്ധ, മൂന്നാര്‍ സമരത്തിന്റെ വിജയത്തിന് കാരണമായിട്ടുണ്ട്. മാധ്യമങ്ങളെയും ഇത് തിരിച്ചറിവിലേക്ക് നയിക്കേണ്ടതാണെങ്കിലും അപ്രകാരം സംഭവിക്കുമെന്ന് കരുതാന്‍ വയ്യ.
കേരള വികസന മുന്നേറ്റത്തിന്റെ എല്ലാ വിജയഗാഥകള്‍ക്കു ശേഷവും ഏറ്റവും ദുരന്തപൂര്‍ണമായ ജീവിതം നയിക്കേണ്ടിവരുന്നവരാണ് തോട്ടം തൊഴിലാളികള്‍ എന്ന യാഥാര്‍ഥ്യമാണ് എല്ലാം കഴിഞ്ഞും ബാക്കിനില്‍ക്കുന്നത്. ജെ ദേവിക കൃത്യമായി സ്ഥാനപ്പെടുത്തുന്നതു പോലെ, ബഹുഭൂരിപക്ഷവും തമിഴ് വംശജരും ദളിതരടക്കമുള്ള അടിച്ചമര്‍ത്തപ്പെട്ട ജാതികളില്‍ പെട്ടവരും കറുത്ത തൊലിനിറമുള്ളവരും സ്ഥലപരമായി ഒതുക്കപ്പെട്ടവരുമായ സ്ത്രീത്തൊഴിലാളികളാണെല്ലാവരും. ഇതിനു പുറമെയാണ് അഥവാ ഇതുകൊണ്ടൊക്കെയും കൂടിയാണ് ഏറ്റവും കുറഞ്ഞ കൂലി -ഇരുനൂറ്റമ്പതു രൂപയിലും താഴെ ദിവസക്കൂലി – എന്ന മര്‍ദനത്തിന് അവര്‍ നിരന്തരമായി വിധേയമായിക്കൊണ്ടിരിക്കുന്നത്.
മുകളില്‍ വിവരിച്ചതും അല്ലാത്തതുമായ ഗുരുതരമായ പ്രതിസന്ധികളുടെ സൂചനയോ സൂചനകളോ ആണ് മൂന്നാര്‍ ചൂണ്ടിക്കാണിച്ചു തന്നിരിക്കുന്നത്. അതിനെ തൊഴിലാളി യൂനിയന്‍ നേതൃത്വത്തിനെതിരായ കലാപത്തിന്റെയോ കക്ഷി വിഭാഗീയതയുടെയോ കള്ളികളില്‍ ഒതുക്കുന്നവര്‍ അങ്ങനെ ചെയ്തു കൊള്ളട്ടെ. പക്ഷെ, കേരളത്തിനകത്ത് ആടുജീവിതം നയിക്കുന്ന അമ്പതോ എഴുപതോ ലക്ഷം കുടിയേറ്റത്തൊഴിലാളികള്‍ നാളെ കേരളം വളയുമ്പോഴായിരിക്കും മൂന്നാറിലെ വളയലുകള്‍(സ്ത്രീകള്‍ കൈയിലണിയുന്ന വളകളെ തമിഴില്‍ വളയലുകള്‍ എന്നാണ് പറയുന്നത്) നമ്മുടെ തലവരകള്‍ തന്നെയായിരുന്നു എന്ന് നാം തിരിച്ചറിയുക.