ഭീകരവാദികളുടെ കൈയില്‍ അകപ്പെടാതിരിക്കാന്‍

Posted on: September 18, 2015 6:29 pm | Last updated: September 18, 2015 at 6:29 pm

Untitled-1 copyഇസ്‌ലാമിക് സ്റ്റേറ്റ് അഥവാ ദായിഷ് ലോകത്തിനാകെ ഭീഷണിയാണെന്ന് ഏവര്‍ക്കും അറിയാം. അധികാരത്തിനു വേണ്ടി കൊടും ക്രൂരതകളാണ് അവരുടെ പ്രവര്‍ത്തനത്തിന്റെ മുഖമുദ്ര. എന്നിട്ടും യുവതീയുവാക്കള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ആശ്ചര്യപ്പെടുത്തുന്നു. സാമൂഹിക മാധ്യമങ്ങളില്‍ അഭിരമിക്കുന്ന കുറേപേര്‍ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയമാകുന്നുവെന്നാണ് കണ്ടെത്തല്‍. ഇതിനെതിരെ കടുത്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ഇറാഖ്, സിറിയ, ലബനാന്‍, യമന്‍ തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ത്ത് ജിഹാദി സാമ്രാജ്യം സ്ഥാപിക്കാനാണ് ഐ എസ് ശ്രമിക്കുന്നത്. സാമൂഹിക ജീവിതത്തില്‍ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചും എതിര്‍ക്കുന്നവരെ ക്രൂരമായി വകവരുത്തിയും അവര്‍ മുന്നേറുകയാണ്. വെറുപ്പും ഭ്രാന്തും ഇടകലര്‍ന്ന വികാരമാണ് അവരെ നയിക്കുന്നത്. അക്രമോത്സുക മനസ്സുള്ളവര്‍, ആശയങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു വെച്ചിരിക്കുന്നവര്‍, ആഡംബര ജീവിതം കൊതിക്കുന്നവര്‍ തുടങ്ങിയവര്‍, അവരുടെ പ്രലോഭനത്തില്‍ എളുപ്പം വീഴുന്നു. സിറിയയിലേക്കുള്ള യാത്രാമധ്യേ, ഗള്‍ഫില്‍ ഈയിടെ, അഞ്ച് സുഡാനി വിദ്യാര്‍ഥിനികള്‍ അറസ്റ്റിലായി. ചില ഇന്ത്യക്കാര്‍ നാടുകടത്തപ്പെട്ടു. സിറിയയില്‍ എത്തിപ്പെട്ട ഒരു യുവാവിനെതിരെ കേരളത്തില്‍ കേസെടുത്തിട്ടുണ്ട്.
അതീവ ജാഗ്രത ഇക്കാര്യത്തില്‍ പുലര്‍ത്തണമെന്ന് വിവേക ശാലികള്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹിക മാധ്യമങ്ങളിലെ ചതിക്കുഴികളില്‍ വീണുപോകാതെ നോക്കേണ്ടത് അവരവരുടെ ഉത്തരവാദിത്തമാണ്. എങ്കിലും ചതിക്കുഴികള്‍ക്കെതിരെ വലിയ ബോധവത്കരണം അനിവാര്യം. സാമൂഹിക മാധ്യമങ്ങളെത്തന്നെ ഇതിനായി ഉപയോഗിക്കണം. വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരെ ആശയ സമരം നടത്താം. യഥാര്‍ഥ മത ചിന്ത എന്തെന്ന് ഉദ്‌ബോധിപ്പിക്കാം.
പാശ്ചാത്യ നാടുകളില്‍ നിന്ന് ഐ ഐസിലേക്ക് നിരവധി പേര്‍ റിക്രൂട്ട്‌ചെയ്യപ്പെടുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗള്‍ഫില്‍ നിന്ന് അധികമാരും ചതിക്കുഴിയില്‍ വീണില്ല. എന്നാല്‍, ഏതെക്കെയോ വഴികളില്‍ വിരലിലെണ്ണാവുന്നവര്‍ സിറിയയില്‍ എത്തി ഐ എസില്‍ ചേര്‍ന്നുവെന്നാണ് വിവരം. ഇവരുടെ സുഹൃത്തുക്കളും നാട്ടിലെ കുടുംബാംഗങ്ങളും അതിന്റെ പേരില്‍ തീ തിന്നുകയാണ്. ഇന്ത്യക്കാര്‍ക്ക്, വിശേഷിച്ച് മലയാളികള്‍ക്ക് ചേര്‍ന്നതല്ല, തീവ്രവാദം. ലോകത്ത് തന്നെ ഏറ്റവും മതസാഹോദര്യം നിലനില്‍ക്കുന്ന സംസ്ഥാനമാണിത്. ഭൂരിപക്ഷം മത വിശ്വാസികളായിക്കൊണ്ടുതന്നെയാണ് ഈ പാരസ്പര്യം. അതിനെ തകര്‍ത്ത് അധികാരം പിടിച്ചെടുക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോഴാണ് കൂനിന്‍മേല്‍ കുരു എന്ന രീതിയില്‍ ഭീകരവാദത്തിലേക്ക് ചിലര്‍ എത്തിപ്പെടുന്നത്. ഇത്തരം ചിന്താഗതികളെ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്.
അധികാരം പിടിച്ചെടുക്കാന്‍ മത വിശ്വാസത്തെ ആയുധമാക്കുന്നതാണ് അടിസ്ഥാന പ്രശ്‌നം. അതെക്കുറിച്ച് സമൂഹം ബോധവാന്മാരാകേണ്ടതുണ്ട്.
മറ്റൊന്ന്, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് അധികൃതരുടെ കണ്ണുവെട്ടിച്ച് ചിലര്‍ പോകുന്ന പ്രശ്‌നമാണ്. മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിച്ച്, ജീവന്‍ തൃണവല്‍ഗണിച്ച് ചിലര്‍ പോകുന്നുണ്ട്. അവരും ഇത്തരം ശ്രമത്തില്‍ നിന്ന് പിന്തിരിയണം. ആഭ്യന്തര സംഘര്‍ഷമുള്ള രാജ്യങ്ങളിലെ തീവ്രവാദികളുടെ കൈയില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടുക എളുപ്പമല്ല. ഗള്‍ഫില്‍ നിന്ന് ചില കമ്പനികള്‍ വാണിജ്യാവശ്യാര്‍ഥം ആളുകളെ പ്രശ്‌ന ബാധിത രാജ്യങ്ങളിലേക്ക് അയക്കുന്നു. അത് അത്യാര്‍ത്തികൊണ്ടാണ്. അതും അവസാനിപ്പിക്കേണ്ടതുണ്ട്.
കെ എം എ