ഹജ്ജ് വിസ തട്ടിപ്പ്: തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി

Posted on: September 17, 2015 11:56 am | Last updated: September 17, 2015 at 11:56 am

മാനന്തവാടി: ഹജ്ജ് വളണ്ടിയര്‍ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളെ തെളിവെടുപ്പിനായി പടിഞ്ഞാറത്തറ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
മുക്കം പോലീസ് അറസ്റ്റ് ചെയ്ത് കോഴിക്കോട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി മുക്കം കാവുങ്കല്‍ ജാബിര്‍, രണ്ടാം പ്രതി പാല്‍ കണ്ടത്തില്‍ മന്‍സൂര്‍ എന്നിവരെയാണ് മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ആരംഭിച്ചത്. പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം 35 പേരാണ് തട്ടിപ്പിനിരയായത്. ഇവരില്‍ നിന്നും 20000 രൂപ മുതല്‍ 30000 രൂപയും പാസ്‌പോര്‍ട്ടും വാങ്ങിയ ശേഷം വിസ നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. സമാമായ തട്ടിപ്പ് കമ്പളക്കാട്, മുട്ടില്‍, വാളാട്, വെള്ളമുണ്ട, മാനന്തവാടി എന്നിവിടങ്ങളിലും ജില്ലക്ക് പുറത്ത് കാസര്‍ക്കോട്, മലപ്പുറം ,കോഴിക്കോട് എന്നിവിടങ്ങളിലും നടത്തിയിരുന്നു. മുക്കം പോലീസാണ് ഈ മാസം മൂന്നിന് പ്രതികളെ തമിഴ്‌നാട്ടിലെ സേലത്ത് വെച്ച് പിടികൂടിയത്. ജില്ലയില്‍ നടന്ന തട്ടിപ്പില്‍ നാല് പ്രതികളാണുള്ളത്. ഇതില്‍ മുക്കം സ്വദേശി സിദ്ദീഖ് നേരത്തെ പിടിയിലായി റിമാന്‍ഡിലാണ്. ഒന്നാം പ്രതി ജാബിറിന്റെ സഹോദരന്‍ ജംനാസ് ഇപ്പോള്‍ ഒളിവിലാണ്. പ്രതിഷേധം ഭയന്ന് പരാതിക്കാരെ പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് തെളിവെടുപ്പ് നടത്തുന്നത്.
ഇവിടുത്തെ തെളിവെടുപ്പുകള്‍ക്ക് ശേഷം ജില്ലയിലെ മറ്റു സ്റ്റേഷനുകളിലെ തെളിവെടുപ്പിനായി കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങും.