Connect with us

International

അന്താരാഷ്ട്ര അന്വേഷണം വേണം: യു എന്‍

Published

|

Last Updated

ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് നടന്ന പരിപാടിക്കിടെ മനുഷ്യവകാശ മേധാവി സിയാദ് റഅദ് അല്‍ഹുസൈന്‍

ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് നടന്ന പരിപാടിക്കിടെ മനുഷ്യവകാശ മേധാവി സിയാദ് റഅദ് അല്‍ഹുസൈന്‍

യു എന്‍: വര്‍ഷങ്ങള്‍ നീണ്ടുനിന്ന ശ്രീലങ്കന്‍ യുദ്ധത്തില്‍ വ്യാപകമായി യുദ്ധക്കുറ്റങ്ങള്‍ നടന്നതായി യു എന്‍ റിപ്പോര്‍ട്ട്. ന്യായമായ വിചാരണക്ക് ഈ കേസ് അന്താരാഷ്ട്ര കോടതിക്ക് മുമ്പാകെ എത്തിക്കല്‍ അനിവാര്യമാണെന്നും യു എന്‍ വിലയിരുത്തി. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ക്കിടെ നടന്ന വ്യാപകമായ അതിക്രമങ്ങള്‍, പീഡനങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍, നീതിന്യായ വിഭാഗത്തിന്റെ പിന്തുണയോടെയുള്ള കൊലപാതകങ്ങള്‍ എന്നീ കേസുകളില്‍ പ്രാദേശികമായ ഏതെങ്കിലും ഒരു കോടതി വിധിപറയുന്നത് നീതിപൂര്‍വമാകാന്‍ സാധ്യതയില്ലെന്ന് യു എന്‍ മനുഷ്യാവകാശ മേധാവി സിയാദ് റഅദ് അല്‍ഹുസൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതിനായി ഒരു പ്രത്യേക കോടതി, സംയോജിതമായ അന്താരാഷ്ട്ര ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, അഭിഭാഷകര്‍, അന്വേഷകര്‍ എന്നിവരെ ആവശ്യമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
26 വര്‍ഷം നീണ്ടുനിന്ന ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിനിടെ ആയിരക്കണക്കിന് ആളുകളെ കാണാതായി. ആളുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത് വ്യവസ്ഥാപിതമായ ഒരു പദ്ധതിയുടെ ഭാഗമാണെന്നും യു എന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എല്‍ ടി ടി ഇയുമായി ബന്ധമുള്ളവരില്‍ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന്റെ ഭാഗമായി സുരക്ഷാ സൈന്യം ബലാത്സംഗം ഉള്‍പ്പെടെയുള്ള ലൈംഗിക അതിക്രമങ്ങള്‍ നടത്തിയതായും ഇത് വഴി വ്യക്തികളെ അപമാനിക്കലും ശിക്ഷിക്കലും ആയിരുന്നു സൈന്യത്തിന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടിലുണ്ട്. എല്‍ ടി ടി ഇയുടെ മുന്‍ അംഗങ്ങള്‍ പിടിയിലായതിന് തൊട്ടുശേഷം സുരക്ഷാ സൈന്യം ഭീകരമായ മര്‍ദനമുറകളാണ് ഇവര്‍ക്കെതിരെ പ്രയോഗിച്ചതെന്നും ഗൂഢാലോചന നടത്തിയവരില്‍ ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്ത് നടന്ന ആഭ്യന്തര യുദ്ധത്തിനിടെ അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കുമെന്ന് ശ്രീലങ്ക വാഗ്ദാനം ചെയ്തിട്ടുണ്ട്.
നേരത്തെ മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര അന്വേഷണ കമ്മീഷനുകളും ശ്രീലങ്കന്‍ യുദ്ധത്തിലെ മനുഷ്യത്വവിരുദ്ധ ആക്രമണങ്ങളെ കുറിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ന്യായങ്ങള്‍ പറഞ്ഞ് തടയുകയായിരുന്നു. 26 വര്‍ഷം നീണ്ടുനിന്ന ശ്രീലങ്കന്‍ യുദ്ധം 2009ലാണ് അവസാനിച്ചത്. എണ്‍പതിനായിരത്തിലധികം പേര്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍.

Latest