Connect with us

Gulf

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മലയാളികളുടെ അഭിമാനം

Published

|

Last Updated

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കുകയാണ്. ഗള്‍ഫില്‍ കേരളീയരുടെ നിയന്ത്രണത്തിലുള്ള പ്രധാനപ്പെട്ട ഒരു അസോസിയേഷന്‍ എന്ന നിലയില്‍ തിരഞ്ഞെടപ്പിന് പ്രത്യേക പ്രാധാന്യമുണ്ട്. കുറഞ്ഞ ഫീസ് ഈടാക്കി ആയിരക്കണക്കിന് ഇന്ത്യന്‍ കുട്ടികള്‍ക്ക് വിദ്യ നല്‍കുന്നുവെന്നതാണ് മറ്റൊരു സവിശേഷത. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വേറെ. ഇതൊക്കെക്കൊണ്ട്, പ്രാപ്തിയുള്ളവരുടെ കൈകളില്‍ അസോസിയേഷന്‍ ഭരണം എത്തിപ്പെടണം. അസോസിയേഷന് പലതും ഇനിയും ചെയ്യാനുണ്ട്. സമീപ എമിറേറ്റായ ദുബൈയിലെ ഇന്ത്യന്‍ അസോസിയേഷന്‍ പരിതാപകരമായ അവസ്ഥയിലാണെന്നതിനാല്‍, ദുബൈയില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതിയുള്ളതിനാലും ഏവരും ഉറ്റുനോക്കുന്നത് ഷാര്‍ജ അസോസിയേഷനെ.
മലയാളികളുടെ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തണലൊരുക്കുന്നതില്‍ അസോസിയേഷന്‍ കുറേക്കൂടി ഔത്സുക്യം പ്രകടിപ്പിക്കേണ്ടതുണ്ട്. വിദ്യാലയ നടത്തിപ്പില്‍ ആക്ഷേപം ഉയര്‍ന്നുവരാതെ നോക്കുകയും വേണം. പുതുതായി അധികാരത്തിലേറുന്നവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കുമെന്ന് കരുതുക.
ഒരുകാലത്ത്, എഴുത്തുകാരെ ആദരിക്കുന്നതില്‍ അസോസിയേഷന്‍ മുന്നിലായിരുന്നു. ഓണംപോലുള്ള ആഘോഷങ്ങളുടെ ഭാഗമായി സാഹിത്യ കൂട്ടായ്മകള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. മികച്ച സ്മരണിക ഇറക്കാറുണ്ടായിരുന്നു. മറ്റു സംഘടനകള്‍ക്ക്, കുറഞ്ഞ നിരക്കില്‍ വേദി അനുവദിച്ചു കൊടുക്കാറുണ്ടായിരുന്നു. സാഹിത്യ കൂട്ടായ്മകള്‍ സമൂഹത്തിന്റെ ഒത്തൊരുമക്ക് ഗുണകരമാണെന്ന് കണ്ട്, എല്ലാ നിലയിലും പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍, പ്രധാന ഭാരവാഹികള്‍, ഇത്തരം ഉത്തരവാദിത്തങ്ങളില്‍ നിന്ന് അല്‍പം മാറിയോ എന്ന് സംശയമുണ്ട്. പകരം, ഉപസമിതികള്‍ക്ക് ജോലി ഏല്‍പിച്ച് നിശബ്ദത പാലിക്കുന്നു. ഉപസമിതികള്‍ക്കാണെങ്കില്‍ തീരുമാനം കൈക്കൊള്ളാനുള്ള അധികാരമില്ല. പ്രവര്‍ത്തനച്ചെലവിന് അവര്‍ തന്നെ പണം കണ്ടെത്തണം. കേരള സാഹിത്യ അക്കാദമി, കേരള സാഹിത്യ പരിഷത് തുടങ്ങിയ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് ആകര്‍ഷകങ്ങളായ പരിപാടികള്‍ മലയാള സാഹിത്യ മേഖലക്ക് മുതല്‍കൂട്ടാവുമെന്ന് ഉത്തരവാദപ്പെട്ടവര്‍ തിരിച്ചറിയുന്നില്ല.
ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന വിദ്യാലയമാകുമ്പോള്‍ ആക്ഷേപങ്ങള്‍ സ്വാഭാവികം. എന്നാലും ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്‌ന പരിഹാരം നടത്തണം. വിദ്യാലയത്തില്‍ മികച്ച പശ്ചാത്തല സൗകര്യം ഒരുക്കാന്‍ കഴിഞ്ഞ ഭരണസമിതികള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നത് മറക്കുന്നില്ല.
പതിവുപോലെ, രണ്ടു മുന്നണികള്‍ തമ്മിലാണ് പ്രധാന മത്സരം. കോണ്‍ഗ്രസ് അനുഭാവ സംഘടനകള്‍ ഇരുപക്ഷത്തുമുണ്ട്. അത് കൊണ്ട് രാഷ്ട്രീയ ചേരിതിരിവ് പ്രകടമല്ല. മികച്ച സ്ഥാനാര്‍ഥികള്‍ക്കാണ് വിജയ സാധ്യത. ഇതിനിടയില്‍ പ്രവാസി സമൂഹത്തില്‍ അനാവശ്യവികാരങ്ങള്‍ ഉയര്‍ത്തുന്ന ഒന്നോ രണ്ടോ പേര്‍ ഷാര്‍ജയിലും ഇറങ്ങിയിട്ടുണ്ടാകാം. അവരെ ആരും കണക്കിലെടുക്കുമെന്ന് തോന്നുന്നില്ല. പണാധിപത്യം മേല്‍കൈ നേടാനും അനുവദിക്കാന്‍ പാടില്ല.
അസോസിയേഷനില്‍ നിന്ന് പിരിഞ്ഞുപോകുന്നവരുടെ അംഗത്വം കൈക്കലാക്കി, രാഷ്ട്രീയ പ്രസ്ഥാനം വളര്‍ത്താമെന്നത് വ്യാമോഹം മാത്രമാണ്. മലയാളികളുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന അസോസിയേഷന്‍, തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തി ഏവരുടെയും പ്രീതി സമ്പാദിക്കട്ടെയെന്ന് ആശംസിക്കുന്നു.

Latest