സംഘ്പരിവാര്‍ കോര്‍പറേറ്റുകളുടെ ചാവേറുകള്‍: കോടിയേരി

Posted on: September 16, 2015 9:49 am | Last updated: September 16, 2015 at 9:49 am

മലപ്പുറം: സംഘ്പരിവാര്‍ കോര്‍പറേറ്റുകളുടെ ചാവേറുകളാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മലപ്പുറം ഇ എം എസ് സ്മാരക പഠന കേന്ദ്രം സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വര്‍ഗീയത വളര്‍ത്തുന്നത് കോര്‍പറേറ്റുകളാണ്. വര്‍ഗീയതക്ക് ഭ്രാന്ത് പിടിച്ചാല്‍ സ്വന്തം മത വിഭാഗത്തിനെനതിരെയായിരിക്കും അക്രമം നടത്തുക. ഹിന്ദുക്കള്‍ക്കെതിരെയായിരിക്കും നാളെ സംഘ്പരിവാര്‍ ശക്തികള്‍ അക്രമം അഴിച്ചുവിടുക. ജനങ്ങളെ ഇളക്കിവിടാന്‍ ഹിന്ദുത്വം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.
കേരള ജനതക്ക് നേരെ സംഘ്പരിവാര്‍ ശക്തികള്‍ തിരിഞ്ഞാല്‍ തടഞ്ഞ് നിര്‍ത്താന്‍ ആരുമുണ്ടാകില്ല. സംഘ്പരിവാരിനെതിരെയുള്ള മൗനം വെടിഞ്ഞ് രംഗത്തിറങ്ങണമെന്നും കോടിയേരി പറഞ്ഞു. എതിര്‍ അഭിപ്രായങ്ങളെ ഉള്‍കൊള്ളുന്ന സമീപനമായിരുന്നു ശ്രീനാരായണ ഗുരുവിന്റെത്. എന്നാല്‍ ഇത് തിരിച്ചറിയാത്തവരാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍. വര്‍ഗീയതക്കെതിരെയുള്ള പോരാട്ടത്തില്‍ ശ്രീനാരായണീയ ഭക്തര്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുകയാണ് വേണ്ടത്.
തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ഏത് മതവിഭാഗത്തില്‍ പെട്ടവരായാലും ഒറ്റപ്പെടുത്തുകയും ഹിന്ദുത്വ ഭൂരിപക്ഷ വര്‍ഗീയതയെ നേരിടുകയും വേണം. ആര്‍ എസ് എസ് സംവരണത്തിന് എതിരാണ്. എന്നാല്‍ ഭരണ ഘടന നല്‍കുന്ന സംവരണം തുടരുകയാണ് വേണ്ടത്. മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണ നല്‍കണം. പാവപ്പെട്ടവരുടെ ഐക്യമാണ് മുന്നോട്ട് വെക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എ വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. സ്വാമി സന്ദീപാനന്ദ ഗിരി, സിനിമാ സംവിധായകന്‍ കമല്‍, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, സജിത മഠത്തില്‍, ഡോ. കെ ജി പൗലോസ്, കെ ടി ജലീല്‍ എം എല്‍ എ, ഇ എന്‍ മോഹന്‍ദാസ്, കെ പി അനില്‍ പ്രസംഗിച്ചു.