രാഷ്്ട്രപതി ഉത്തരവിട്ടിട്ടും കാസിയ ഇറക്കുമതി നിര്‍ബാധം തുടരുന്നു

Posted on: September 15, 2015 5:57 am | Last updated: September 14, 2015 at 11:57 pm

കൊച്ചി: രാഷ്്ട്രപതിയുടെ ഉത്തരവുണ്ടായിട്ടും കറുവാപട്ടയെന്ന പേരില്‍ വിഷാംശമേറിയ കാസിയയുടെ ഇറക്കുമതി നിര്‍ബാധം തുടരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന കാസിയയുടെ ഇറക്കുമതിക്കെതിരെ ലഭിച്ച പരാതികളിന്മേല്‍ 2015 ജനുവരി 30 നാണ് ഇന്ത്യന്‍ പ്രസിഡന്റ് ഒറിജിനല്‍ കറുവാപ്പട്ടയ്ക്ക് പകരം വിപണിയില്‍ വ്യാപകമായ കാസിയക്കെതിരെ നടപടിയ്ക്ക് ശിപാര്‍ശ ചെയ്തത്. എന്നാല്‍ ഇതിന്മേല്‍ പരിശോധനയോ നടപടികളോ ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ത്യയിലും കറുവാപ്പട്ട കൃഷിയുണ്ടെങ്കിലും കുറഞ്ഞ വിലയും എരിവും രുചിക്കൂടുതലും നിറവും കാരണം ചീനാപട്ടയെന്ന കാസിയ ഇപ്പോഴും വിപണിയില്‍ കാര്യമായി വിറ്റുപോകുന്നു. അതേ സമയം ഇന്ത്യയില്‍ കൃഷി ചെയ്ത കറുവാപ്പട്ടയാകട്ടെ ആര്‍ക്കും വേണ്ടാതെ കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഇതു കയറ്റുമതി ചെയ്യാനും ചെയ്യാത്ത അവസ്ഥ. രാജ്യത്ത് ഏക്കറ് കണക്കിന് കറുവാപ്പട്ട കൃഷി ചെയ്തിരുന്ന എസ്റ്റേറ്റുകളാണ് വ്യാജന്റെ കടന്നു വരവോടെ പൂട്ടിപ്പോയത്. കേരളത്തില്‍ അഞ്ചരക്കണ്ടിയിലും മലപ്പുറത്തുമുള്‍പ്പെടെ ഇത്തരത്തില്‍ ഏക്കറ് കണക്കിന് കൃഷി ചെയ്തിരുന്നവ വില്‍പ്പനയില്ലാതെ പൂട്ടിപ്പോയി.
കാസിയ ഇറക്കുമതി തടയണമെന്ന നിര്‍ദേശം കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെതായുണ്ടെങ്കിലും ഇത് തടയാന്‍ കര്‍ശനമായ പരിശോധനാ സംവിധാനങ്ങളില്ല. ചെന്നൈയിലെ സ്‌റ്റോറുകളില്‍ നിന്നും പിടിച്ചെടുത്ത കറുവാപ്പട്ട സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഭൂരിഭാഗവും ഈ വ്യാജനായിരുന്നു. ക്യാന്‍സറിന് വരെ കാരണമാകുന്ന കാമറിന്‍ എന്ന വിഷ പദാര്‍ഥം ഇതില്‍ കണ്ടെത്തിയിരുന്നു.
ചീനപ്പട്ടയുടെ ഇറക്കുമതി നിരോധിച്ചാലും ഇന്ത്യക്കാവശ്യമായ കറുവാപ്പട്ട ശ്രീലങ്കയില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. സിലോണ്‍ പട്ട എന്നാണ് ഇത് അറിയപ്പെടുന്നത്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്നതും ഇതേ വിഭാഗത്തില്‍പ്പെടുന്നവ തന്നെയാണ്. ശരിയായ കറുവാപ്പട്ടക്ക് നേരിയ തവിട്ടു നിറവും നേരിയ തൊലിയുമാണ്. കാസിയക്ക് കടും തവിട്ടു നിറവും കട്ടിയുള്ള തൊലിയുമാണ്.
ചൈന, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നാണ് കാസിയ ഇറക്കുമതി ചെയ്യുന്നത്. ക്യാന്‍സര്‍ അടക്കം കരളിനെയും കിഡ്‌നിയെയും സാരമായി ബാധിച്ചേക്കാവുന്ന രോഗങ്ങള്‍ കാസിയയിലൂടെ പടരാന്‍ സാധ്യതയേറെയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വെറും 60 രൂപക്ക് വാങ്ങാന്‍ കിട്ടുന്ന കാസിയ ഇറക്കുമതി ചെയ്ത് 800 രൂപയ്ക്ക് മുകളില്‍ വാങ്ങിയാണ് വന്‍കിട കമ്പനികള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശ പ്രകാരം ഫുഡ് സേഫ്റ്റി ഓഫ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ കാസിയ ഉപയോഗിച്ചാല്‍ ഉണ്ടാവുന്ന മാരക രോഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തം മുതല്‍ കാന്‍സര്‍ വരെ പിടിപെടാം. യൂറോപ്പിലും കാനഡയിലും, സഊദി അറേബ്യയിലും കാസിയ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.