ശക്തമായ പ്രക്ഷോഭം നടത്തും: പി ഉബൈദുല്ല എം എല്‍ എ

Posted on: September 14, 2015 6:51 pm | Last updated: September 14, 2015 at 6:51 pm

ubaidullaഅബുദാബി: കരിപ്പൂര്‍ വിമാനത്താവളം തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്ന് മലപ്പുറം എം എല്‍ എ. പി ഉബൈദുല്ല.
റീകാര്‍പറ്റിംഗ് ജോലിയുടെ പേര് പറഞ്ഞാണ് വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. റീകാര്‍പറ്റിംഗ് തീരുമാനിച്ചിട്ട് മാസം നാല് കഴിഞ്ഞെങ്കിലും ഇതുവരെ ജോലി ആരംഭിച്ചിട്ടില്ല. ആരംഭിച്ചാല്‍ പൂര്‍ത്തീകരിക്കുവാന്‍ രണ്ട് വര്‍ഷം വേണമെന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്. ഒരു വിമാനത്താവളം പുതുതായി പണിയണമെങ്കില്‍ പോലും ഒരു വര്‍ഷം വേണ്ട. ഇത് ജനങ്ങള്‍ക്കിടയില്‍ സംശയം ഉയര്‍ത്തിയിട്ടുണ്ട്. പ്രവാസികളിലും സംശയം വര്‍ധിച്ചിട്ടുണ്ട്.
അറ്റകുറ്റപ്പണി വേഗത്തില്‍ ആരംഭിച്ച് പൂര്‍ത്തീകരിച്ച് പഴയ രീതിയിലേക്ക് വിമാനത്താവളത്തെ കൊണ്ടുവരണം. ഇതിനായി കോഴിക്കോട് വിമാനത്താവളം ആക്ഷന്‍ കമ്മിറ്റിയും മുസ്‌ലിം ലീഗും കെ എം സി സിയും പ്രവാസി പ്രൊട്ടക്ഷന്‍ കമ്മിറ്റിയും വന്‍ പ്രക്ഷോഭം നടത്തും.
വിഷയത്തില്‍ വ്യോമയാനവകുപ്പും കേന്ദ്ര സര്‍ക്കാറും അടിയന്തിരമായും ഇടപെടണം. യു എ ഇ സന്ദര്‍ശിച്ച പ്രധാനമന്ത്രി പറഞ്ഞത് യു എ ഇയില്‍ നിന്ന് മാത്രം നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്നാണ്. പ്രവാസികളുടെ യാത്രാ സൗകര്യം നിഷേധിക്കുന്ന തരത്തില്‍ കോഴിക്കോട് വിമാനത്താവളത്തെ തകര്‍ക്കുന്ന നടപടിയില്‍ നിന്ന് പിന്തിരിയണം. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുന്ന നടപടിയാണ് വിമാനത്താവള അതോറിറ്റി സ്വീകരിക്കുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏകകണ്ഠമായാണ് പ്രക്ഷോഭ രംഗത്തുള്ളത്. വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിന് സ്ഥലം വിട്ടുകിട്ടുന്നതിന് ആവശ്യമായ നടപടി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. രണ്ട് എം എല്‍ എമാരുടെ നേതൃത്വത്തിലാണ് നടപടിയുമായി മുന്നോട്ട് പോകുന്നത്. കെ എന്‍ എ ഖാദര്‍, കെ മുഹമ്മദ് ഹാജി, ഇ അഹമ്മദ് എം പി എന്നിവര്‍ ചേര്‍ന്ന് തദ്ദേശീയരുമായി ചര്‍ച്ച നടത്തി സമവായമുണ്ടാക്കുന്നതിനുള്ള നടപടിക്കും തുടക്കം കുറിച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.