ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ഒമാന്‍ തീരത്തേക്ക്

Posted on: September 14, 2015 12:02 am | Last updated: September 14, 2015 at 12:48 am

മസ്‌കത്ത്: ഒമാന്‍ നാവികസേനയുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ – ഒമാന്‍ നയതന്ത്ര ബന്ധം കൂടുതല്‍ ഉറപ്പിക്കുന്നതിനുമായി ഇന്ത്യയുടെ നാല് യുദ്ധക്കപ്പല്‍ ഒമാന്‍ തീരത്തെത്തുന്നു. ഈ മാസാവസാനത്തോടെ കപ്പലുകള്‍ ഒമാന്‍ തീരത്തെത്തുമെന്നും വിവിധ തുറമുഖങ്ങളില്‍ കപ്പലുകള്‍ നങ്കൂരമിടുമെന്നും ഇന്ത്യന്‍ നാവിക സേന വൃത്തങ്ങള്‍ അറിയിച്ചു. റോയല്‍ നേവി കമാന്‍ഡര്‍ അബ്ദുല്ല ബിന്‍ ഖാമിസ് അല്‍ റഈസിയുടെ ഇന്ത്യ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ യുദ്ധക്കപ്പലുകളുടെ സന്ദര്‍ശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കപ്പലില്‍ എത്തുന്ന നാവിക സേന ഉദ്യോഗസ്ഥന്മാര്‍ ഒമാന്റെ റോയല്‍ നേവി കമാന്‍ഡര്‍മാരുമായി സംഭാഷണം നടത്തും. വിവിധ വിഷയങ്ങളില്‍ ഇരുവരും തമ്മില്‍ ചര്‍ച്ച നടന്നേക്കും. ഇടക്കിടെ ഇരുരാജ്യങ്ങളിലെയും യുദ്ധക്കപ്പലുകള്‍ പരസ്പര സന്ദര്‍ശനങ്ങള്‍ നടത്താറുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷം ഒമാന്റെ യുദ്ധക്കപ്പല്‍ ഇന്ത്യന്‍ തീരത്തെത്തുമെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.