Connect with us

Kerala

സര്‍ക്കാര്‍ കണക്കിലില്ല; അവിവാഹിത ആദിവാസി അമ്മമാരുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നു

Published

|

Last Updated

തിരുവനന്തപുരം: ആദിവാസി മേഖലയില്‍ അവിവാഹിതരായ അമ്മമാരുടെ എണ്ണം വര്‍ധിക്കുന്നു. രണ്ടായിരത്തോളം അവിവാഹിതരായ അമ്മമാര്‍ ആദിവാസി മേഖലയില്‍ ഉള്ളതായാണ് സന്നദ്ധ സംഘടനകള്‍ നടത്തിയ വിവരശേഖരണ കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍ സര്‍ക്കാറിന്റെ പക്കല്‍ ഇവരുടെ കൃത്യമായ കണക്കുകളില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അടക്കം പീഡനത്തിനിരയായി അമ്മമാരാകേണ്ടിവരുന്ന സാഹചര്യമുള്ളപ്പോഴും വര്‍ഷങ്ങള്‍ക്കു മുമ്പ് വനിതാകമ്മീഷന്‍ ശേഖരിച്ച 950 അവിവാഹിത ആദിവാസി അമ്മമാരുടെ കണക്കുകളാണ് സര്‍ക്കാറിന്റെ കൈവശമുള്ളത്. കണക്കുകളില്‍ ഇടംപിടിക്കാത്തതിനാല്‍ ഇവര്‍ക്ക് ആനുകൂല്യങ്ങളും പുനരധിവാസ പാക്കേജുകളും നിഷേധിക്കപ്പെടുകയാണ്.
ആദിവാസി മേഖലകളിലെ ചൂഷണം നിരന്തരം വാര്‍ത്തയാകുമ്പോഴും നിലവിലെ സാഹചര്യങ്ങള്‍ പോലും വിലയിരുത്താന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്നുവെന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നത്. അവിവാഹിത അമ്മമാരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് പട്ടികവര്‍ഗ ക്ഷേമ മന്ത്രി പി കെ ജയലക്ഷ്മി തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ മന്ത്രിയുടെ വകുപ്പിനു കീഴില്‍ ഇവരുടെ എണ്ണം പോലും കൃത്യമായി ശേഖരിച്ചിട്ടില്ല. നിയമസഭയില്‍ അവിവാഹിത അമ്മാമാരുടെ എണ്ണം എം എല്‍ എമാര്‍ ആവശ്യപ്പെടുമ്പോള്‍ കൃത്യമായ വിവരം നല്‍കാനും വകുപ്പിനു കഴിഞ്ഞിട്ടില്ല.
ഇതു സംബന്ധിച്ച വിവരശേഖരണം നടത്തിയിട്ടില്ലെന്നാണ് വകുപ്പില്‍ നിന്നും ലഭിക്കുന്ന മറുപടി. കില നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് ഇത്തരം വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളുന്നത്. കൃത്യമായ കണക്കുകള്‍ ഇല്ലാത്തതിനാല്‍ത്തന്നെ അവിവാഹിത ആദിവാസി അമ്മമാര്‍ക്കും അവരുടെ കുട്ടികള്‍ക്കുമായി പ്രത്യേക പുനരധിവാസ പദ്ധതിയെന്ന മന്ത്രിയുടെ പ്രഖ്യാപനം വഴിമുട്ടിയ അവസ്ഥയിലാണ്. അതേസമയം, പട്ടികവര്‍ഗ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 498 അവിവാഹിത അമ്മമാര്‍ക്കാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കിവരുന്നത്.
സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം ആദിവാസി അമ്മമാരുള്ള വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിലെ ആരും തന്നെ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിക്കുന്നുവെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ടൂറിസം ആണ് പീഡനത്തിന് പ്രധാന കാരണമെന്നിവര്‍ ആരോപിക്കുന്നു. കോളനികളില്‍ റിസോര്‍ട്ടുകളും മറ്റും നിര്‍മിച്ച് ടൂറിസം രംഗം പുഷ്ടിപ്പെടുത്തുമ്പോള്‍ വിനോദസഞ്ചാരികള്‍ക്കു മുന്നില്‍ പെണ്‍കുട്ടികളെ കാഴ്ചവെക്കുന്ന സംഘം തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതായാണ് ആരോപണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നവരില്‍ അധികവും. ഇതു നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്നതിനു തെളിവാണ് അവിവാഹിത അമ്മമാരുടെ എണ്ണം വര്‍ധിക്കുന്നത്.
അവിവാഹിത അമ്മമാരുടെ പുനരധിവാസം ലക്ഷ്യമിട്ട് യു ഡി എഫ് സര്‍ക്കാര്‍ നൂറുദിന പദ്ധതികളില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച പാക്കേജും കാര്യക്ഷമമായി നടപ്പാകുന്നില്ല. ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി വീട്, സ്വയംതൊഴില്‍ എന്നിവക്കു പുറമെ സ്‌നേഹസ്പര്‍ശം എന്ന പേരില്‍ പെന്‍ഷന്‍ പദ്ധതിയും ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ഇവയുടെ പ്രയോജനം ലഭിക്കുന്നത്. ആദിവാസി ക്ഷേമ പദ്ധതികള്‍ക്കായി ചെലവഴിച്ച തുക സംബന്ധിച്ചും ഓരോ പദ്ധതിക്കും വകയിരുത്തിയ തുക സംബന്ധിച്ചും കൃത്യമായ കണക്കുകളില്ല എന്നതും ഗുരുതര വീഴ്ചയാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയും ക്രമക്കേടകളുമാണ് ഇത് വ്യക്തമാക്കുന്നത്.