ഡങ്കിപ്പനി ബാധിച്ച് ഏക മകന്‍ മരിച്ചു; രക്ഷിതാക്കള്‍ ജീവനൊടുക്കി

Posted on: September 13, 2015 12:09 am | Last updated: September 13, 2015 at 12:09 am

coupleന്യൂഡല്‍ഹി: ഏഴ് വയസ്സുകാരനായ മകന്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ഈ മാസം എട്ടിനാണ് ഇവരുടെ ഏക മകന്‍ അവിനാഷ് മരിച്ചത്. തൊട്ടടുത്ത ദിവസം രക്ഷിതാക്കളെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തുകയായിരുന്നു. ഒഡിഷ സ്വദേശികളായ ലക്ഷ്മിചന്ദ്രയും ഭാര്യ ബബിത റൗട്ടുമാണ് ആത്മഹത്യ ചെയ്തതെന്ന് തിരിച്ചറിഞ്ഞതായി ജില്ലാ പോലീസ് കമ്മീഷണര്‍ പ്രേംനാഥ് അറിയിച്ചു.
ദമ്പതികളുടെതായ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തങ്ങളുടെ മരണത്തിന് ആരും കുറ്റക്കാരല്ലെന്നും തീരുമാനം സ്വയം എടുത്തതാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഡെങ്കിപ്പനി ബാധിച്ച കുട്ടിയെ ആദ്യം കൊണ്ടുപോയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സചെയ്തിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലെന്നായിരുന്നു മാതാപിതാക്കളുടെ വിശ്വാസം. അവിടെനിന്ന് കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഡല്‍ഹിയിലെ രണ്ട് പ്രശസ്തമായ സ്വകാര്യ ആശുപത്രികളാണ് അവിനാഷിനെ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചത്.
രോഗം ബാധിച്ച കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ലെന്ന ചാനലുകളിലെ പരാമര്‍ശത്തെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ വിശദീകരണം തേടിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഈ സീസണില്‍ 1300 ഡെങ്കിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാല് മരണവും സംഭവിച്ചു.