വിവാദ പ്രസംഗം: ഷീന ഷുക്കൂറിന് ലീഗ് പിന്തുണ

Posted on: September 12, 2015 8:49 pm | Last updated: September 13, 2015 at 3:52 pm

sheena-sukur-mg-pro-vcമലപ്പുറം: കെ എം സി സി പരിപാടിയില്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്ന അന്വേഷണം നേരിടുന്ന എം ജി സര്‍വകലാശാല പ്രോ വി സി ഷീന ഷുക്കൂറിന് പിന്തുണയുമായി മുസ്‌ലിം ലീഗ്. ഷീന ഷുക്കൂറിനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ ചെറുക്കുമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. അന്വേഷണമെന്ന ഉമ്മാക്കി കാട്ടി ആരും പേടിപ്പിക്കാന്‍ നോക്കേണ്ട. ആര്‍ എസ് എസിന് ഓശാന പാടുന്ന വി എസ് അച്യുതാനന്ദനെ നിലക്ക് നിര്‍ത്താന്‍ സി പി എം തയ്യാറാവണമെന്നും മജീദ് ആവശ്യപ്പെട്ടു.

തനിക്കും ഭര്‍ത്താവിനും സര്‍ക്കാറിന്റെ കാറും വീടും പദവികളും ലഭിച്ചത് ലീഗിന്റെ പച്ചക്കൊടിയുടെ തണലില്‍ നിന്നതുകൊണ്ടാണ് എന്നായിരുന്നു ഷീന ഷുക്കൂര്‍ പ്രസംഗിച്ചത്. ഇതിനെതിരെ വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഔദ്യോഗിക പദവിയുടെ അന്തസ് കളഞ്ഞ ഷീന ഷുക്കൂറിനെതിരെ നടപടിയെടുക്കണമെന്ന് വി എസ് ആവശ്യപ്പെട്ടിരുന്നു.

സംഭവത്തെ കുറിച്ച് ഗവര്‍ണര്‍ പി സദാശിവം വൈസ് ചാന്‍സലറോട് നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിദേശ യാത്രയേയും വിവാദ പ്രസംഗത്തേയും കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ച്ചക്കകം നേരിട്ടെത്തി റിപ്പോര്‍ട്ട് നല്‍കാനാണ് വി സി ഡോ. ബാബു സെബാസ്റ്റിയനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.