സാംസ്‌കാരിക ഫാസിസം വേട്ട തുടങ്ങി

Posted on: September 11, 2015 4:48 am | Last updated: September 10, 2015 at 9:57 pm

swasthikസാംസ്‌കാരിക വൈവിധ്യങ്ങള്‍ക്കും ബഹുസ്വരതകള്‍ക്കും ഇടയില്‍ ഒരു ഇന്ത്യക്കാരന്‍ നാളിതുവരെ അനുഭവിച്ച അഭിപ്രായ സ്വാതന്ത്ര്യത്തിന് അന്ത്യം സംഭവിച്ചിരിക്കുന്നു. നമ്മുടെ ജനാധിപത്യ സംവിധാനത്തിന് പ്രായോഗിക തലത്തില്‍ എത്ര തന്നെ പരിമിതി ഉണ്ടെങ്കിലും അതിന്റെ തണലില്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍ പ്രകടിപ്പിച്ചവരാണ് നമ്മള്‍. അതേസമയം ഭരണകൂടങ്ങള്‍ക്കെതിരായ അഭിപ്രായങ്ങളെ പ്രതിരോധിക്കാന്‍ ഇതേ ജനാധിപത്യത്തിന്റെ ഉപകരണങ്ങളെ ഉപയോഗിച്ചിട്ടുമുണ്ട്. ഇത്തരം സാമൂഹിക ചുറ്റുപാടില്‍ പ്രതികരണത്തിന്റെ വിശാലമായ ഇടങ്ങളില്‍ പ്രതിരോധങ്ങള്‍ തീര്‍ത്തുകൊണ്ടാണ് ജനമനസ്സ് തങ്ങളുടെ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കാറ്. എന്നാല്‍ രാഷ്ട്രീയം അതിന്റെ അധികാര പരിധിക്കുള്ളില്‍ ഇന്ത്യന്‍ ബഹുസ്വരതയെ ഏക മുഖമാക്കി തീര്‍ക്കാനുള്ള തിരക്കിട്ട ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇത് പതിറ്റാണ്ടുകളായി തുടങ്ങിയ പണിയാണ് എങ്കിലും എല്ലാ അര്‍ഥത്തിലും അതിന്റെ ആശയപരവും പ്രായോഗികപരവുമായ ഒരുക്കം വന്ന സമയമാണിത്. അതിന് 125 കോടി കഴിഞ്ഞ ഇന്ത്യന്‍ ജനതയെ രാഷ്ട്രീയപരമായി ഒതുക്കിനിര്‍ത്താനുള്ള കഴിവും അധികാരവും ലഭിച്ച രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഭരണകൂടം പൂര്‍ണമായും വംശീയവും ദേശീയവുമായ ഏകത്വത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ ഏകത്വം എന്നത് ഹൈന്ദവതയാണെന്നും അതുകൊണ്ട് ഇന്ത്യ എന്നത് ഹിന്ദു രാഷ്ട്രമാണെന്നും അവര്‍ പറയുന്നു. ഇത് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യ അധികാരത്തിന്റെ ലംഘനമാണെന്ന് അിറഞ്ഞിട്ടും അവര്‍ എല്ലാ മൂല്യങ്ങളെയും കത്തിച്ച് ഹിന്ദുത്വ സാക്ഷാത്കാരത്തിന്റെ പണി തുടങ്ങി. ഇതിനു ചരിത്രത്തില്‍ കണ്ടതുപോലെ, നടന്നതുപോലെ സാംസ്‌കാരികമായ ഇടങ്ങളില്‍ തങ്ങളുടെ വിചാരങ്ങളെ സ്ഥാപിച്ചെടുക്കുകയാണവര്‍. അതിന് എതിരെയുള്ള ഏതൊരു ശബ്ദത്തെയും അവര്‍ നിഷ്‌കരുണം നിശബ്ദമാക്കുന്നു.
മഹത്തായ ശബ്ദങ്ങളെ ഭരണകൂടം എന്നും ഭയപ്പെട്ടിട്ടുണ്ട്. അതിന്റെ അനക്കങ്ങള്‍ പൊതുബോധത്തില്‍ ഉണ്ടാകുന്ന തിരിച്ചറിവുകള്‍ ഏത് കാലത്തെയും ഭരണകൂടത്തിന്റെ ചെയ്തികള്‍ക്ക് എതിരായിരുന്നു. അതുകൊണ്ട് ഫാസിസം ആദ്യം അതിന്റെ ഇരകളെ തിരഞ്ഞെടുക്കുന്നത് വളരെ ആസൂത്രിതമായിട്ടാണ്. വലിയൊരു ആള്‍ക്കൂട്ടത്തെ നശിപ്പിക്കുന്നതിന് തുല്യമായിരിക്കും ചിലപ്പോള്‍ ഒരു വ്യക്തിയെ ഇല്ലാതാക്കുന്നത്. വര്‍ത്തമാന ഇന്ത്യന്‍ ഭരണവര്‍ഗവും ആ തരത്തിലുള്ള ഇരതേടലിന്റെ മാര്‍ഗത്തിലാണിപ്പോള്‍. ഇര തങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നു എന്നതിന്റെ ഒറ്റ കാരണം കൊണ്ട് തന്നെ അത് ഒരു പരിഗണനകളും അര്‍ഹിക്കുന്നില്ല. ഇതിന്റെ സൂചന പുതിയ ഭരണമാറ്റത്തോടൊപ്പം തന്നെ ഇന്ത്യന്‍-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ പ്രകടമായിരുന്നു. ഏതൊരു രാജ്യത്തിനും അതിന്റെ അധികാരഘടനയെ നിലനിര്‍ത്താന്‍ സാംസ്‌കാരിക മേധാവിത്വം നിലനിര്‍ത്തേണ്ടത് അനിവാര്യമായ ഘടകമാണ്. എന്നാല്‍ ആ സാംസ്‌കാരിക പൊതുബോധം എന്നത് തങ്ങളുടെ ആശയങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നതായിരിക്കണം. അതുകൊണ്ട് അത്തരമൊരു ചിന്താഗതിക്ക് എതിരുനില്‍ക്കുന്നതിനെ പരിശോധിക്കേണ്ടത് ഭരണകൂടത്തിന്റെ ഏറ്റവും വലിയ കടമയായിരിക്കുന്നു. ഹിന്ദുത്വ അധികാര സ്ഥാനാരോഹണത്തിനു ശേഷം യു ആര്‍ അനന്തമൂര്‍ത്തിക്ക് നേരെ ഉയര്‍ന്ന എതിര്‍ ശബ്ദത്തെ തിരിച്ചറിയേണ്ടത് ഈ അര്‍ഥത്തില്‍ ആണ്. ഒരു ഹിന്ദു ആയിട്ടു പോലും യു ആര്‍ അനന്തമൂര്‍ത്തിക്ക് ഒരു പരിഗണനയും കിട്ടിയില്ല. തന്റെ എഴുത്തിന്റെ സര്‍വമേഖലകളിലും അദ്ദേഹം സ്വീകരിച്ച നിലപാട് സവര്‍ണ ഹിന്ദുത്വ അജന്‍ഡകള്‍ക്ക് എതിരായിരുന്നു. തുടര്‍ന്ന് തമിഴ് എഴുത്തുകാരനായിരുന്ന പെരുമാള്‍മുരുകന് എതിരായി, അദ്ദേഹത്തിന്റെ ‘അര്‍ത്ഥനാരീശ്വരന്‍’ എന്ന നോവലിന് എതിരായി ഉണ്ടായ ഭീഷണി തന്റെ എഴുത്തുപണി മരിച്ചുകഴിഞ്ഞു എന്നു പറയാന്‍ മാത്രം ശക്തമായിരുന്നു ഫാസിസത്തിന്റെ ആ ഇടപെടല്‍. ഇവിടെയും പ്രധാന വിഷയം സവര്‍ണ ഹിന്ദുത്വത്തെ ചോദ്യം ചെയ്തു എന്നു തന്നെ. ഇതൊക്കെ കാണിക്കുന്നത് ജീര്‍ണതയെ അതിന്റെ ആഴത്തില്‍ നിലനിര്‍ത്തി കൊണ്ടുമാത്രമേ ഫാസിസത്തിന് അതിന്റെ മുന്നോട്ടുള്ള പ്രയാണം തുടരാന്‍ കഴിയൂ എന്നതാണ്. അവിടെ മതവും ജാതിയും തങ്ങളുടെ പ്രധാന അജന്‍ഡയെ നിര്‍ണയിക്കുന്നതിന് തടസ്സമായ ഘടകമല്ല. അതേസമയം ഭൂരിപക്ഷ മതബോധത്തെ നിലനിര്‍ത്താന്‍ അതേ ഭൂരിപക്ഷത്തിന്റെ അജ്ഞതയെ പരമാവധി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഹിന്ദുമതത്തിലെ അനാചാരങ്ങളെ സ്‌നേഹിക്കുന്നവരുടെ വിശ്വാസത്തെ തൊട്ടുകളിക്കുമ്പോള്‍ ഫാസിസം വാള്‍ എടുത്ത് തല അറുക്കുന്നത്.
ഹിന്ദുത്വ ദേശീയതയെകുറിച്ചും അതിന്റെ സാംസ്‌കാരിക ഫാസിസത്തെക്കുറിച്ചും നമ്മള്‍ വര്‍ത്തമാനങ്ങള്‍ പറയുമ്പോള്‍ അതൊരു സാങ്കല്‍പിക വര്‍ത്തമാനങ്ങള്‍ മാത്രമാണ് എന്നാണ് എതിര്‍പക്ഷം പറയാറ്. ഇന്ത്യന്‍ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നഗ്നമായി തന്നെ ഇതിന്റെ സ്ഥാനാരോഹണം നടന്നുകഴിഞ്ഞു. അത് നടക്കുമ്പോള്‍ തന്നെയാണ് മറുഭാഗത്ത് ഫാസിസം അതിന്റെ ഇരവേട്ട തുടങ്ങിയത്. ഏറ്റവും ഒടുവില്‍ പ്രമുഖ എഴുത്തുകാരനും കാനഡ സര്‍വകലാശാല വൈസ് ചാന്‍സലറും പണ്ഡിതനുമായ ഡോ. മല്ലേശപ്പ എം കല്‍ബുര്‍ഗി (77) ആഗസ്റ്റ് 30ാം തീയതിയാണ് സ്വന്തം വീട്ടില്‍ വെടിയേറ്റ് മരണപ്പെട്ടത്. വേട്ട വീടിനുള്ളില്‍ തന്നെ നിര്‍വഹിക്കാന്‍ ഫാസിസത്തിനു കഴിഞ്ഞു. അല്ലെങ്കില്‍ ഫാസിസം അങ്ങനെയാണ്. അതിന്റെ അജന്‍ഡ പൂര്‍ത്തീകരിക്കാന്‍ അതിന് ഒന്നും തടസ്സമാകില്ല. എന്തിനു വേണ്ടിയാണ് കല്‍ബുര്‍ഗിയെ വെടിവെച്ച് വീഴ്ത്തിയത്? അത്തരമൊരു പരിശോധനയിലാണ് ഹിന്ദുത്വ ഫാസിസത്തിന്റെ അടിസ്ഥാന വിചാരങ്ങളെ നാം തിരിച്ചറിയേണ്ടത്. ഡോ. കല്‍ബുര്‍ഗി ഹിന്ദു മതത്തിലെ അനാചാരങ്ങള്‍ക്കും വിഗ്രഹാരാധനക്കും എതിരെ ശക്തമായി ശബ്ദിച്ചിട്ടുണ്ട്. ഒരു ഇടതുപക്ഷ രാഷ്ട്രീയ വിചാരമുള്ള എഴുത്തുകാരനെ സംബന്ധിച്ച് അത് അയാളുടെ ജീവിത നിരീക്ഷണത്തിന്റെ പ്രായോഗിക വശമാണ്. ജനങ്ങളെ സാംസ്‌കാരികപരമായി ഉയര്‍ത്തിക്കൊണ്ടുവരിക. ഒപ്പം എന്താണോ തങ്ങളുടെ സാമൂഹികപുരോഗതിക്ക് തടസ്സമായി നില്‍ക്കുന്നത് അതിനെ മാറ്റിയെടുക്കേണ്ടത് ഒരു വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തകന്റെ കടമ തന്നെയാണ്. എന്നാല്‍ തുറന്ന സമൂഹത്തില്‍ ഡോ. കല്‍ബുര്‍ഗി നിര്‍വഹിച്ചതും അതാണ്. ഹിന്ദുമതത്തിലെ അനാചാരങ്ങളെ ആഘോഷമാക്കി നിര്‍ത്തി ബഹുഭൂരിപക്ഷം വരുന്ന മര്‍ദിത മതജനവിഭാഗം സാംസ്‌കാരികമായി വളര്‍ന്നു വന്നാല്‍ മതത്തിന്റെ പേരില്‍ അധികാരം നിലനിര്‍ത്തുന്ന ന്യൂനപക്ഷത്തിന് അത് ഭീഷണിയാണെന്ന് തിരിച്ചറിയുന്നു. അതു കൊണ്ട് വേട്ടക്കാരന് നിയമവും കോടതിയും തന്റെ പരിധിക്ക് ഉള്ളിലെ പ്രച്ഛന്ന അടയാളങ്ങള്‍ മാത്രമാണ്. അതാണ് സത്യം എന്ന തെളിയിക്കുന്നുണ്ട്. സമാനമായ മറ്റൊരു ഇരയുടെ ചരിത്രം.
ഇക്കഴിഞ്ഞ ഫെബ്രുവരി 17ാം തീയതിയാണ് ഭാര്യയോടൊപ്പം പ്രഭാത നടത്തത്തിന് ഇറങ്ങിയ സി പി ഐ മഹാരാഷ്ട്ര ഘടകം സെക്രട്ടറിയായിരുന്ന ഗോവിന്ദ് പന്‍സാരെയ ഹിന്ദുത്വ ഫാസിസം വെടിവെച്ച് കൊന്നത്. അവിടെയും കാണാം സമാനം തന്നെ. പന്‍സാരെ മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം 20-ാം തീയതി മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തിനു പിന്നിലും സാംസ്‌കാരിക ഫാസിസത്തിന് വ്യക്തമായ കാരണം ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ ഒന്നര ലക്ഷം കോപ്പി വിറ്റഴിഞ്ഞ ‘ശിവാജി കോന്‍ താ’ എന്ന പുസ്തകത്തെ കേന്ദ്രീകരിച്ചായിരുന്നു. മുസ്‌ലിം അനുകൂലവും അതേസമയം ഹിന്ദുത്വത്തിന് എതിരെയുമുള്ള പുസ്തകത്തിലെ ഉള്ളടക്കമായിരുന്നു ഹിന്ദുത്വാനുഭാവികളെ ചൊടിപ്പിച്ചത്. ഒപ്പം തന്നെ അന്ധവിശ്വാസത്തിനെതിരായ നിയമസഭയിലെ അദ്ദേഹത്തിന്റെ ശബ്ദം, കോലാപ്പൂരിലെ ഖനികള്‍ക്കെതിരായ സമരം ഇതിലൊക്കെ പാന്‍സാരെ സജീവ സാന്നിധ്യമായിരുന്നു. കൊലപാതകം നടന്നിട്ട് ആറ് മാസംകഴിഞ്ഞു. ഇന്നുവരെ കേസിന് വ്യക്തത ഉണ്ടായിട്ടില്ല. അത് സാധ്യമല്ലതാനും. കാരണം അധികാരത്തിന്റെ തണലില്‍ നടക്കുന്ന ഇത്തരം വേട്ടകള്‍ ഭരണകൂടത്തിന്റെ അറിവോടെ നടക്കുമ്പോള്‍ വേട്ടക്കാരന്‍ എന്നും സുരക്ഷിതനായിരിക്കും. അത് ആസൂത്രിതമായ അജന്‍ഡയിലെ സുരക്ഷിത കവചമാണ്.
ഇങ്ങനെ ഫാസിസം അതിന്റെ വേട്ട നട്ടുച്ചക്ക് ആരംഭിച്ചപ്പോള്‍ പ്രതിരോധം ഉയരേണ്ടത് നമ്മുടെ നിലനില്‍പ്പിന്റെ ആവശ്യമാണ്. അവിടെ രാഷ്ട്രീയമോ മതമോ പ്രതിരോധത്തെ രൂപപ്പെടുത്തേണ്ട ഘടകങ്ങള്‍ അല്ല. ഏക ദേശീയത എന്നതും വംശീയത എന്നതും വര്‍ഗീയത എന്നതും നാം ഇന്നലെ വരെ നിലനിന്ന ബഹുസ്വരതയൂടെ ആഴങ്ങളെ നികത്തുന്നതാണ്. അവിടെ സവര്‍ണ ഹിന്ദുത്വത്തിന്റെ താത്പര്യങ്ങളെ ചോദ്യം ചെയ്യാന്‍ അധികാരമില്ലാത്ത കീഴ്ജാതിബോധം പേറി ജീവിക്കുന്ന ഹിന്ദുക്കള്‍ തന്നെയാണ് ഫാസിസത്തിന്റെ വരവിനെ ആദ്യം പ്രതിരോധക്കേണ്ടത്. കാരണം ഹിന്ദുത്വഭരണം ഒരിക്കലും ഹിന്ദുവിനെ ജാതിയമായും മതപരമായും നവീകരിക്കാനുള്ളതല്ല. അത്തരം നവീകരണത്തെ അംഗീകരിക്കുന്നുവെങ്കില്‍ ഡോ. കല്‍ബുര്‍ഗിയെയും പന്‍സാരെയെയും വെടിവെച്ച് തീര്‍ക്കണമായിരുന്നോ? അതുകൊണ്ട് രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് ഹിന്ദുക്കളെ ഒന്നിപ്പിക്കാനുള്ള എതൊരു ശ്രമത്തിനിടയിലും വേട്ടക്കാരന്‍ തന്റെ സുരക്ഷിതമായ സ്ഥാനം നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. അത്തരം തിരിച്ചറിവിന്റെ വഴിയില്‍ കൂടി മാത്രമേ സവര്‍ണ ഹിന്ദുത്വത്തിന്റെ ഇത്തരം കടന്നുകയറ്റത്തെ ചെറുത്തു നില്‍ക്കാന്‍ കഴിയൂ.അവിടെ മതത്തെക്കാള്‍ വലുതായി മനുഷ്യന്‍ തന്നെ നട്ടെല്ലു നിവര്‍ന്നു നില്‍ക്കേണ്ടതായിട്ടുണ്ട്.