എണ്ണ വില ഏകീകരിക്കും

Posted on: September 10, 2015 6:14 pm | Last updated: September 10, 2015 at 6:14 pm

petroliumദുബൈ: എണ്ണ വില ഏകീകരിക്കാന്‍ ജി സി സി ശ്രമം. ഏറെക്കാലമായി പല തലങ്ങളില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നിരുന്നുവെങ്കിലും തീരുമാനത്തിലെത്തിയിരുന്നില്ല. എന്നാല്‍, ഇന്നലെ ദോഹയില്‍ ആരംഭിച്ച ജി സി സി രാജ്യങ്ങളിലെ ഓയില്‍ അണ്ടര്‍ സെക്രട്ടറിമാരുടെ പതിനഞ്ചാമത് പ്രിപ്പറേറ്ററി യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെചെയ്തു. കുവൈത്തിലെ പെട്രോളിയം മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അന്താരാഷ്ട്ര തലത്തില്‍ എണ്ണയുടെ വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ വരുമാനത്തില്‍ വലിയ ഇടിവ് സംഭവിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണി വില അനുസരിച്ച് രാജ്യത്തെ എണ്ണ വില ക്രമപ്പെടുത്താന്‍ രണ്ട് മാസം മുമ്പ് യു എ ഇ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് യു എഇ യില്‍ പെട്രോളിന് വില കൂടി. എണ്ണ ഉത്പന്നങ്ങള്‍ക്ക് നല്‍കിവരുന്ന സബ്‌സിഡി എടുത്തുകളഞ്ഞു.
ഇതോടെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ വിലകളില്‍ അന്തരവും വ്യാപകമായി. അതിര്‍ത്തി കടന്ന് എണ്ണ സംഭരിക്കാനുള്ള ശ്രമങ്ങളും ഇതോടെ വ്യാപകമാവുന്നു എന്ന പരാതിയും ഇതിനിടയില്‍ ഉയര്‍ന്നിരുന്നു. ഇതെല്ലാമാണ് വീണ്ടും ഏകീകൃത വില എന്ന ആശയത്തിന് കൂടുതല്‍ സജീവത നല്‍കിയിരിക്കുന്നത്.
സഊദി അറേബ്യയും ആ രീതിയിലേക്ക് തന്നെയാണ് നീങ്ങുന്നത്. ലോകവ്യാപാര സംഘടനയുടെ ജി സി സി എനര്‍ജി സംഘത്തിന്റെ യോഗങ്ങളുടെയും സ്വതന്ത്ര വ്യാപാര കരാറുകളുടെയും പശ്ചാത്തലത്തില്‍ ജി സി സി ജനറല്‍ സെക്രട്ടേറിയറ്റ് ഒരുക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ചര്‍ച്ചകള്‍ എന്നും കുവൈത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.