പ്രശ്‌നപരിഹാരത്തിന് ജില്ലാകലക്ടറോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Posted on: September 9, 2015 10:51 am | Last updated: September 9, 2015 at 10:51 am

കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ മകള്‍ ട്രീസയുടെയും കുടുംബത്തിന്റെയും അനിശ്ചിതകാലസമരവുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് കലക്ടറോട് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവിട്ടു. ഇന്നലെ നടന്ന കെ പി സി സി യോഗത്തില്‍ വെച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ എല്‍ പൗലോസ് കാഞ്ഞാരത്തിനാല്‍ കുടുംബം കൈമാറിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള നിവേദനവും സമരത്തിന് പൊതുജന പിന്തുണ അഭ്യര്‍ഥിച്ച് ട്രീസയുടെ കുടുംബം തയ്യാറാക്കിയ അഭ്യര്‍ത്ഥനയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറുകയായിരുന്നു. നിവേദനവും അഭ്യര്‍ഥനയും പരിശോധിച്ച മുഖ്യമന്ത്രി അപ്പോള്‍ തന്നെ വയനാട് ജില്ലാകലക്ടറോട് പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.
പ്രസ്തുത ഉത്തരവിന്റെ കോപ്പി ജില്ലാപഞ്ചായത്തംഗം കൂടിയായ കെ എല്‍ പൗലോസിന്റെ പക്കല്‍ മുഖ്യമന്ത്രി കൊടുത്തയക്കുകയും ചെയ്തു. സര്‍ക്കാര്‍തലത്തില്‍ തീരുമാനമെടുക്കുന്നതിനായി പ്രസ്തുതവിഷയവുമായി ബന്ധപ്പെട്ട് വിശദമായ കത്ത് തയ്യാറാക്കിയ മന്ത്രി പി കെ ജയലക്ഷ്മി ഇന്ന് രാവിലെ പ്രശ്‌നം മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കും. വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി എന്നിവരുടെ ശ്രദ്ധയിലും മന്ത്രി പി കെ ജയലക്ഷ്മി പ്രശ്‌നത്തിന്റെ ഗൗരവും ധരിപ്പിക്കും.
മാനന്തവാടി താലൂക്കിലെ കാഞ്ഞിരങ്ങാട് വില്ലേജില്‍ സ്ഥിതി ചെയ്യുന്ന 1967 മുതല്‍ ജ•ം തീറാധാരം ഉള്ളതുമായ 12 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടാനായാണ് കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ അനന്തരാവകാശികളായ മകള്‍ ട്രീസയും, ഭര്‍ത്താവ് ജെയിംസും, മക്കളായ ബിബിനും നിധിനും ആഗസ്റ്റ് 15 മുതല്‍ വയനാട് ജില്ലാകലക്ടറേറ്റിന് മുമ്പില്‍ അനിശ്ചിതകാലസമരം ആരംഭിച്ചത്. എന്നാല്‍ പ്രസ്തുത ഭൂമി വിട്ടുനല്‍കാതെ വനംവകുപ്പ് കൈവശം വെച്ച് വരികയായിരുന്നു.