നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ഓട്ടോ തൊഴിലാളികളായ ബഷീറും അബൂബക്കറും

Posted on: September 8, 2015 9:35 am | Last updated: September 8, 2015 at 9:35 am

പനമരം: രോഗികളായി കിടക്കുന്നവരെ സഹായിക്കാന്‍ തങ്ങളുടെ ഒരു ദിവസത്തെ വരുമാനം നല്‍കാന്‍ സന്മനസ്സുമായി പനമരം ടൗണിലെ ഓട്ടോതൊഴിലാളികളായ ടി കെ ബഷീറും ടി കെ അബൂബക്കറും തയ്യാറായത് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. പനമരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശ്രയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവിനാണ് തങ്ങളുടെ ഒരു ദിവസത്തെ വരുമാനം എത്രയായാലും നല്‍കാന്‍ ഈ സുഹൃത്തുക്കള്‍ തയ്യാറാണെന്ന തീരുമാനം പാലിയേറ്റീവ് പ്രവര്‍ത്തകരെ അറിയിച്ചത്. ബഷീര്‍ 20 വര്‍ഷമായി ടൗണില്‍ രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാന്‍ ഓട്ടോയില്‍ ജോലി ചെയ്യുന്നത്. അബൂബക്കറും നിര്‍ധന കുടുംബാംഗത്തിലെ ഓട്ടോ ഡ്രൈവറാണ്. ഇരുവരും നീരട്ടാടി സ്വദേശികളാണ്. പനമരം ടൗണില്‍ ഏകദേശം 300 ഓളം ഓട്ടോകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇവരുടെ സേവന സന്നദ്ധത മറ്റുള്ള ഓട്ടോ തൊഴിലാളികള്‍ക്ക് മാതൃകയാവുകയാണ്. പരപ്രേരണ കൂടാതെയാണ് ഇന്നലത്തെ വരുമാനം നിര്‍ധനരായ രോഗികള്‍ക്ക് നല്‍കാന്‍ ഇരുവരും തയ്യാറായത്.
പനമരത്തെ ഓട്ടോ തൊഴിലാളികള്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയിലാണ്. ശരാശരി ഒരാള്‍ക്ക് 700രൂപ വരുമാനമുണ്ട്. നിത്യ ചെലവിനുള്ള പണം പോലും എടുക്കാതെയാണ് ഇവര്‍ നിര്‍ധന രോഗികള്‍ക്ക് നല്‍കുന്നത്. ബഷീറിന് നാല് കുട്ടികളാണുള്ളത്. അതില്‍ 25 വയസുള്ള ഒരു പെണ്‍കുട്ടി അംഗവൈകല്യം ബാധിച്ച് കിടപ്പിലാണ്. അബൂബക്കറിന് നാല് കുട്ടികളാണുള്ളത്.