മുക്കത്തെ ജ്വല്ലറി കവര്‍ച്ച: പ്രതികള്‍ മുംബൈയില്‍ പിടിയിലായതായി സൂചന

Posted on: September 8, 2015 9:12 am | Last updated: September 8, 2015 at 9:12 am

മുക്കം: മുക്കം അഭിലാഷ് ജംഗ്ഷനിലെ വിസ്മയ ഗോള്‍ഡില്‍ നിന്ന് സ്വര്‍ണവും പണവുമടക്കം ഒരു കോടി രൂപയുടെ മോഷണം നടന്ന സംഭവത്തില്‍ പ്രതികള്‍ പിടിയിലായതായി സൂചന . പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ മുംബൈയില്‍ ഞായറാഴ്ച വൈകുന്നേരത്തോടെ അന്വേഷണ സംഘം പിടികൂടിയതായാണ് വിവരം. പിടിയിലായവര്‍ ജാര്‍ഖണ്ഡ് സ്വദേശികളാണെന്നാണ് സൂചന.
കഴിഞ്ഞ മാസം 12നാണ് വിസ്മയ ഗോള്‍ഡില്‍ മോഷണം നടന്നത്. മൂന്ന് കിലോ സ്വര്‍ണം, നാലര കിലോ വെള്ളി, നാല് ലക്ഷം രൂപ എന്നിവയാണ് മോഷണം പോയത്. സംഭവത്തില്‍ കൊടുവള്ളി സിഐ. എ പ്രേംജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് പ്രതികളുടേതെന്ന് സംശയിക്കുന്ന മൊബെല്‍ ഫോണിലേക്ക് ഒരാള്‍ റീചാര്‍ജ് ചെയ്തതായി പോലീസിന് വിവരം ലഭിച്ചത്.
ഇതോടെ റീചാര്‍ജ് ചെയ്തയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലെത്തി രണ്ടു പേരെ പിടികൂടുകയായിരുന്നു. എന്നാല്‍ സംഭവം സ്ഥിരീകരിക്കാന്‍ പോലീസ് തയാറായിട്ടില്ല. യാതൊരു വിധ തെളിവും ബാക്കി വെക്കാതെ നടത്തിയ മോഷണമായതിനാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും ആരെയും പിടികൂടിയിരുന്നില്ല.
വ്യക്തമല്ലാത്ത സിസി ടിവി ദൃശ്യത്തിന്റെയും രേഖാചിത്രങ്ങളുടെയും സംഭവ സമയത്തെ ഫോണ്‍ കോളുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നിരുന്നത്. നാളെ രാത്രിയോടെ ഇവരെ തെളിവെടുപ്പിനായി മുക്കത്തെത്തിക്കുമെന്നാണ് വിവരം.