വിദേശരാജ്യങ്ങളില്‍ സ്‌പൈസസ് ബോര്‍ഡ് ചില്ലറ വില്‍പനശാലകള്‍ തുടങ്ങും

Posted on: September 8, 2015 5:43 am | Last updated: September 7, 2015 at 11:43 pm

കൊച്ചി: ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സുഗന്ധവ്യഞ്ജനങ്ങളുടേയും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെയും ഖ്യാതി ലോകം മുഴുവനറിയിച്ച് സ്‌പൈസസ് ബോര്‍ഡ് പ്രമുഖ രാജ്യങ്ങളില്‍ ചില്ലറ വില്‍പനശാലകള്‍ ആരംഭിക്കുന്നു. സ്‌പൈസസ് ഇന്ത്യ, ഫ്‌ളേവറിറ്റ് എന്നീ പേരുകളിലാണ് സ്‌പൈസസ് ബോര്‍ഡ് ഉല്‍പ്പന്നങ്ങള്‍ വിദേശരാജ്യങ്ങളില്‍ ഷോറൂമുകളിലൂടെ വില്പനയ്‌ക്കെത്തിക്കുന്നത്.
സ്വകാര്യസംരംഭകരുടെ സഹകരണത്തോടെയാണ് ഇത്തരം സിഗ്‌നേച്ചര്‍ സ്റ്റാളുകള്‍ ആരംഭിക്കുകയെന്ന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ എ ജയതിലക് പറഞ്ഞു. അന്താരാഷ്ട്രവിപണിയിലെ പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതിനൊപ്പം വിദേശത്ത് ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രചാരം വര്‍ദ്ധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
വിദേശരാജ്യങ്ങളില്‍ വിപണന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് നിക്ഷേപകരില്‍ നിന്ന് സ്‌പൈസസ് ബോര്‍ഡ് സംരംഭമായ ഫ്‌ളേവറിറ്റ് സ്‌പൈസ് ട്രേഡിംഗ് ലിമിറ്റഡ് താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. വൈവിധ്യവത്കരണവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള സ്‌പൈസസ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിദേശരാജ്യങ്ങളിലെ സിഗ്‌നേച്ചര്‍ സ്റ്റാളുകളെന്ന് ജയതിലക് പറഞ്ഞു.
പരമ്പരാഗത ഇന്ത്യന്‍ ശൈലിയില്‍ രൂപകല്പന ചെയ്തിട്ടുള്ള വിപണനകേന്ദ്രങ്ങളില്‍ മുപ്പതിലധികം സുഗന്ധദ്രവ്യങ്ങളും പാചകസംബന്ധിയായ ഔഷധികളുമാണ് വില്പനയ്ക്കുള്ളത്.
നിക്ഷേപകര്‍ക്കായി സഹകരണമാതൃകകളാണ് ഫ്‌ളേവറിറ്റ് സ്‌പൈസ് ട്രേഡിംഗ് ലിമിറ്റഡ് മുന്നോട്ടുവയ്ക്കുന്നത്. കമ്പനിയുടെ ഉടമസ്ഥതയില്‍ ഫ്രാഞ്ചൈസി നടത്തുകയോ (കോഫോ), സ്വന്തം ഉടമസ്ഥതയില്‍ തന്നെ ഫ്രാഞ്ചൈസി നടത്തുകയോ (ഫോഫോ), വ്യാപാരകേന്ദ്രത്തില്‍ നിശ്ചിത സ്ഥലം സ്‌പൈസസ് ബോര്‍ഡ് ഉല്പന്നങ്ങള്‍ക്ക് നീക്കിവയ്ക്കുകയോ (ഷോപ് ഇന്‍ ഷോപ്) ചെയ്യാം.