Connect with us

National

മഹാസഖ്യം വിട്ടു; ബീഹാറില്‍ എസ് പി തനിച്ച് മത്സരിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ആസന്നമായ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിവിട്ട് തനിച്ച് മത്സരിക്കാന്‍ മുലായം സിംഗ് യാദവ് നയിക്കുന്ന സമാജ്‌വാദി പാര്‍ട്ടി (എസ് പി) തീരുമാനിച്ചു. ബി ജെ പിക്കെതിരെ ജനതാ പരിവാറിന്റെ “മഹാസഖ്യം” ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണ് സമാജ് വാദി പാര്‍ട്ടിയുടെ നിലപാട്. സീറ്റ് വിഭജന തര്‍ക്കമാണ് സമാജ്‌വാദി പാര്‍ട്ടിയെ മഹാസഖ്യത്തില്‍ നിന്ന് പുറത്തുപോകാന്‍ പ്രേരിപ്പിച്ചത്. 243 അംഗ നിയമസഭയിലേക്ക് അഞ്ച് സീറ്റാണ് ജെ ഡി യു- ആര്‍ ജെ ഡി- കോണ്‍ഗ്രസ് സഖ്യം മുലായത്തിന്റെ പാര്‍ട്ടിക്ക് നീക്കിവെച്ചത്.
എസ് പിയുടെ പാര്‍ലിമെന്ററി ബോര്‍ഡാണ് മഹാസഖ്യവുമായി ബന്ധപ്പെടാതെ സ്വതന്ത്രമായി മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് ലക്‌നൗവില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. പാര്‍ട്ടിക്ക് അഞ്ച് സീറ്റ് വിട്ടുകൊടുക്കാമെന്ന നിലപാട് പാര്‍ട്ടിയെ അപമാനിക്കലാണെന്നും രാം ഗോപാല്‍ യാദവ് പറഞ്ഞു.
മുലായം സിംഗ്, ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവ്, യു പി മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങി പാര്‍ട്ടിയുടെ സമുന്നത നേതാക്കളെല്ലാം യോഗത്തില്‍ സംബന്ധിച്ചിരുന്നു. ആഗസ്റ്റ് 30ന് പാറ്റ്‌നയില്‍ നടന്ന ബി ജെ പിവിരുദ്ധകക്ഷികളുടെ റാലിയില്‍ മുലായം സിംഗ് പങ്കെടുത്തിരുന്നില്ല.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിയിലും മുലായം സിംഗ് പങ്കെടുത്തിരുന്നില്ല. അതിലുപരി മുലായം സിംഗ് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
അതേസമയം, എസ് പി തീരുമാനം പുനഃപരിശോധിക്കുമെന്നാണ് കരുതുന്നതെന്നും അവരുമായി സംസാരിക്കുമെന്നും ജെ ഡി യു പ്രസിഡന്റ് ശരത് യാദവ് അറിയിച്ചു. തങ്ങളുടെ മുന്നണിക്ക് യാതൊരു വിധ കോട്ടവും സംഭവിച്ചിട്ടില്ല. സീറ്റ് വിഭജനത്തില്‍ എസ് പിക്ക് അസംതൃപ്തിയുണ്ടെന്ന കാര്യം മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. വലിയൊരു മുന്നണിയാകുമ്പോള്‍ അത്തരം സംഭവങ്ങള്‍ സാധാരണമാണ്. മുലായത്തെ പുറത്തുപോകാന്‍ അനുവദിക്കില്ല. അദ്ദേഹവുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ശരത് യാദവ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, എസ് പി മുന്നണി വിട്ടത് കേവലം അഞ്ച് സീറ്റിന് വേണ്ടിയുള്ള തര്‍ക്കത്തിന്റെ പേരിലല്ലെന്നാണ് ബി ജെ പി പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബീഹാറിലെ യോഗങ്ങളില്‍ പങ്കെടുത്തതിന്റെ നാലില്‍ ഒന്ന് ആളുകള്‍ പോലും ഗാന്ധിമൈതാനത്ത് നടന്ന മഹാസഖ്യത്തിന്റെ യോഗത്തില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മുന്നണിക്ക് അത്രയൊന്നും ശക്തിയില്ലെന്ന് എസ് പിക്ക് ബോധ്യമായിട്ടുണ്ട്. അതാണ് അവരെ മുന്നണി വിടാന്‍ പ്രേരിപ്പിച്ചതെന്ന് ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് പറഞ്ഞു.